പ്രാദേശിക പ്രശ്‌നങ്ങള്‍ ജിസിസി ബാങ്കുകളെ ബാധിച്ചിട്ടില്ലെന്ന് എസ് ആന്‍ഡ് പി റിപ്പോര്‍ട്ട്

പ്രാദേശിക പ്രശ്‌നങ്ങള്‍ ജിസിസി ബാങ്കുകളെ ബാധിച്ചിട്ടില്ലെന്ന് എസ് ആന്‍ഡ് പി റിപ്പോര്‍ട്ട്

‘ഇറാന്‍-അമേരിക്ക പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായാലും മേഖലയിലെ ബാങ്കുകള്‍ പിടിച്ചുനില്‍ക്കും’

ദുബായ്: പ്രാദേശിക സംഘര്‍ഷങ്ങള്‍ അറേബ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. അമേരിക്ക-ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍മാകുന്ന സ്ഥിതി വന്നാലും ജിസിസി മേഖലയിലെ ബാങ്കുകള്‍ പിടിച്ചുനില്‍ക്കുമെന്നും സര്‍ക്കാര്‍ തലത്തിലുള്ള ധനസഹായങ്ങള്‍ ഇവര്‍ക്ക് ആവശ്യമായി വരില്ലെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു.

അമേരിക്ക-ഇറാന്‍ സംഘര്‍ഷ സാഹചര്യം മേഖലയിലെ രാജ്യങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫണ്ടുകളുടെയോ(സൊവറീന്‍ വെല്‍ത്ത് ഫണ്ട്) ബാങ്കുകളുടെയോ റേറ്റിംഗിനെയും കാഴ്ചപ്പാടിനെയും ബാധിച്ചിട്ടില്ലെന്ന് എസ് ആന്‍ഡ് പി പറഞ്ഞു. ആവശ്യം വന്നാല്‍ രാജ്യത്തെ ബാങ്കുകളെ സഹായിക്കുന്നതിനായി ജിസിസിയിലെ ആറംഗ സാമ്പത്തിക കൂട്ടായ്മയില്‍ ഉള്‍പ്പെട്ട മിക്ക സര്‍ക്കാരുകളും പണമായി മാറ്റാവുന്ന ആസ്തികളും വിദേശ വിനിമയ കരുതല്‍ ശേഖരവും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എസ് ആന്‍ഡ് പി വ്യക്തമാക്കി.

ജിസിസിയിലെ മിക്ക ബാങ്കിംഗ് സംവിധാനത്തിനും ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ടെന്നും അതവരുടെ ഫണ്ടിംഗ് പ്രൊഫൈലിന് പിന്‍ബലമേകുമെന്നും എസ് ആന്‍ഡ് പി പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ജിസിസി ബാങ്കുകളിലെ വായ്പയും നിക്ഷേപവും തമ്മിലുള്ള അനുപാതം 99 ശതമാനത്തില്‍ എത്തി. റീറ്റെയ്ല്‍ ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നുമാണ് പകുതിയിധികം ബാങ്കുകളിലും നിക്ഷേപം വരുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ പോലും സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ ബാങ്കുകള്‍ക്ക് ആവശ്യമായി വരില്ലെന്നും വിദേശ ഫണ്ടുകളുടെ ഒഴുക്ക് സ്വീകരിച്ച് കൊണ്ട് അത്തരം സാഹചര്യങ്ങളെ മേഖലയിലെ ബാങ്കുകള്‍ അതിജീവിക്കുമെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു.

അമേരിക്കയും ഇറാനും നേരിട്ടോ സഖ്യകക്ഷികള്‍ മുഖേനയോ ഉള്ള യുദ്ധത്തിനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം തടസപ്പെടില്ലെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Arabia