വ്യാജ വിവരങ്ങളെ ഫേസ്ബുക്ക് നേരിട്ടത് ‘സ്‌റ്റോംചേസറും, നൈറ്റ്‌സ് വാച്ചും’ ഉപയോഗിച്ച്

വ്യാജ വിവരങ്ങളെ ഫേസ്ബുക്ക് നേരിട്ടത് ‘സ്‌റ്റോംചേസറും, നൈറ്റ്‌സ് വാച്ചും’ ഉപയോഗിച്ച്

വ്യാജ വാര്‍ത്തകള്‍ പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് ചില സുപ്രധാന നടപടികള്‍ കൈക്കൊണ്ടരുന്നതായിട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2016-ല്‍ ഫേസ്ബുക്കിനെ കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനും സ്‌റ്റോംചേസര്‍ എന്നൊരു പ്രോഗ്രാം ഫേസ്ബുക്ക് വികസിപ്പിച്ചിരുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഫേസ്ബുക്ക് കമ്പനിയെ കുറിച്ചുള്ള വൈറലാകുന്ന പോസ്റ്റുകളെ നിരീക്ഷിക്കുന്നതിനു സ്‌റ്റോംചേസര്‍ പ്രോഗ്രാമിനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയെങ്കിലും 2018 പകുതിയോടെ സ്‌റ്റോംചേസറിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2016 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഫേസ്ബുക്കില്‍ ഒരു കിംവദന്തി പരന്നു. ആ കിംവദന്തി ഇ-മെയ്ല്‍ സ്പാമ്മറിനോടു സാമ്യം തോന്നുന്ന പോലെയുള്ള ഒരു തട്ടിപ്പായിരുന്നു. അത് ആളുകള്‍ നല്ല പോലെ ഷെയര്‍ ചെയ്യുകയും അത് വൈറലാവുകയും ചെയ്തു. ആ തട്ടി പ്പ് ഇങ്ങനെയായിരുന്നു. നിങ്ങളുടെ എല്ലാ ചങ്ങാതിമാര്‍ക്കും ഈ സന്ദേശം (അന്ന് തയാറാക്കിയ ഒരു പ്രത്യേക സന്ദേശം) കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക എന്നായിരുന്നു. അല്ലെങ്കില്‍ ഫേസ്ബുക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കിടുമെന്നും സൂചിപ്പിച്ചു. ഈ പോസ്റ്റ് പക്ഷേ തട്ടിപ്പാണെന്നു പലര്‍ക്കും അറിയില്ലായിരുന്നു. എല്ലാവരും അത് ഏറ്റെടുത്തു. പ്രത്യേകിച്ചു യുഎസിലും, ഫിലിപ്പൈന്‍സിലുമുള്ളവര്‍.

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാനത്തിരുന്ന്, ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥര്‍ സ്‌റ്റോംചേസര്‍ (Stormchaser) എന്നു വിളിക്കുന്ന ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഉപയോഗിച്ച് ഈ കിംവദന്തിയെ നിരീക്ഷിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഫേസ്ബുക്കിനെ കുറിച്ചും, വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളെക്കുറിച്ചും പ്രചരിക്കുന്ന തമാശകളും അസത്യവുമായ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉപകരണമാണു സ്‌റ്റോംചേസര്‍. 2016 മുതല്‍ ഫേസ്ബുക്ക് ജീവനക്കാര്‍ നിരവധി വൈറലായ പോസ്റ്റുകള്‍ ട്രാക്ക് ചെയ്യുന്നതിനു സ്‌റ്റോംചേസര്‍ എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഉപയോഗിച്ചു വരുന്നു. ഇങ്ങനെ സ്‌റ്റോംചേസര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്ത പോസ്റ്റുകളില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഒരു അന്യഗ്രഹ ജീവിയാണെന്ന് വിവരിച്ചു കൊണ്ടുള്ളതും, #ഡിലീറ്റ് എഫ്ബി എന്ന പ്രതിഷേധപ്രചാരണങ്ങളും ഉള്‍പ്പെടും. ഒരുകാലത്ത്, നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണിലെ മൈക്രോഫോണിലേക്ക് വരെ ഫേസ്ബുക്കിന് ആക്‌സസുണ്ടെന്ന രീതിയിലും ഫേസ്ബുക്കിനെതിരേ പ്രചാരണമുണ്ടായി. ഒരു യൂസറുടെ സ്വകാര്യ സംഭാഷണങ്ങളും ശ്രദ്ധിക്കാന്‍ ഫേസ്ബുക്കിനു സാധിക്കും. ഒരു സ്മാര്‍ട്ട്‌ഫോണില്‍ ഭൂരിഭാഗം പേരും ഫേസ്ബുക്കും, മെസഞ്ചറും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഇവയിലെല്ലാം ട്രാക്ക് ചെയ്യാനുള്ള രഹസ്യ സംവിധാനങ്ങളുണ്ട്. ഇതാണു സ്മാര്‍ട്ട്‌ഫോണിലെ മൈക്രോഫോണിലൂടെ ഫേസ്ബുക്കിന് ആക്‌സസ് ലഭ്യമാക്കുന്നതെന്നായിരുന്നു പ്രചരിച്ചത്. ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനു വേണ്ടിയും ഫേസ്ബുക്ക് സ്‌റ്റോംചേസറെ ഉപയോഗിച്ചു.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അവ തെറ്റാണെന്നു യൂസര്‍മാരെ അറിയിക്കാന്‍ ഫേസ്ബുക്ക് മുന്‍കൈയ്യെടുക്കുകയും ചെയ്തിരുന്നു. 2016-ല്‍ ഇതുപോലെ ഒരു തെറ്റായ വിവരം പ്രചരിച്ചിരുന്നു. ഒരു പ്രത്യേക സന്ദേശം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കു കോപ്പി ചെയ്ത് പേസ്റ്റ് ചെയ്തില്ലെങ്കില്‍ ഫേസ്ബുക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുമെന്ന രീതിയിലുള്ളതായിരുന്നു അത്. ഇക്കാര്യം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അങ്ങനെയൊരു രീതി ഫേസ്ബുക്കിനില്ലെന്നും അറിയിച്ചു കൊണ്ട് ഫേസ്ബുക്ക് തന്നെ രംഗത്തുവന്നു. ഫിലിപ്പൈന്‍സിലുള്ള ഫേസ്ബുക്കിന്റെ യൂസര്‍മാരുടെ ന്യൂസ്ഫീഡിലൂടെ ഈ അറിയിപ്പ് ഫേസ്ബുക്ക് നല്‍കുകയും ചെയ്തു. ഏകദേശം ഏഴരലക്ഷത്തോളം പേര്‍ക്കാണ് ഇത്തരത്തില്‍ ഫേസ്ബുക്ക് അറിയിപ്പ് നല്‍കിയത്.

2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയുടെ നേതൃത്വത്തില്‍ പ്രചരിച്ച തെറ്റായ വിവരങ്ങള്‍ ഫേസ്ബുക്കിന്റെ പ്രതിച്ഛായയ്ക്കു കളങ്കമേല്‍പ്പിച്ചപ്പോള്‍ അവയെ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക് വിന്യസിച്ച ഒന്നിലധികം ഉപകരണങ്ങളില്‍ ഒന്നു മാത്രമാണു സ്‌റ്റോംചേസര്‍. പക്ഷേ, സ്‌റ്റോംചേസര്‍ ഉപയോഗിക്കുന്നത് 2018 മധ്യത്തോടെ ഫേസ്ബുക്ക് അവസാനിപ്പിച്ചു. ഇതിന്റെ കാരണമെന്താണെന്നു ഫേസ്ബുക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫേസ്ബുക്ക് അവരുടെ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളെ ഗൗരവമായി കാണുന്നുണ്ടെന്നതിനു തെളിവാണു സ്‌റ്റോംചേസര്‍ പോലുള്ള ടൂള്‍ വികസിപ്പിച്ചതിലൂടെ വ്യക്തമാകുന്നതെന്നു പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ഫേസ്ബുക്കിലെ മുന്‍ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ കമ്പനി ഈ വാദത്തെ അനുകൂലിക്കുന്നില്ല. തെറ്റായ വാര്‍ത്തകളോട് പോരാടുന്നതിനു വേണ്ടിയല്ല സ്‌റ്റോംചേസര്‍ ഉപയോഗിക്കുന്നതെന്നും അതിനു വേണ്ടി വികസിപ്പിച്ചതല്ല സ്‌റ്റോംചേസറെന്നും ഫേസ്ബുക്ക് വക്താവ് പറയുന്നു. പകരം, കീ വേഡുകളെ അടിസ്ഥാനമാക്കി ഫേസ്ബുക്കിനെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടെത്താന്‍ കമ്പനിയെ സഹായിക്കുന്ന ലളിതയമായ സാങ്കേതികവിദ്യയാണു സ്‌റ്റോംചേസറെന്നു വക്താവ് പറയുന്നു. ഇങ്ങനെ സ്‌റ്റോംചേസര്‍ കണ്ടെത്തുന്ന പോസ്റ്റുകള്‍ ആശയക്കുഴപ്പമുള്ളതാണോ എന്നും അവയോട് കമ്പനി പ്രതികരിക്കേണ്ടതുണ്ടോ എന്നും ഇതിലൂടെ സാധിക്കുമെന്നും വക്താവ് പറയുന്നു.

വ്യാജ വാര്‍ത്തയുടെ വ്യാപനം തടയുന്നതിനു ടൂള്‍ വികസിപ്പിച്ചെടുത്തതു പോലെ ഫേസ്ബുക്ക് തങ്ങളുടെ മുന്‍നിര എക്‌സിക്യൂട്ടീവുകളെ പൊതുസമൂഹം എങ്ങനെ കണക്കാക്കുന്നുവെന്ന് അറിയാന്‍ വേണ്ടി സര്‍വേകള്‍ നടത്താറുമുണ്ട്. ഈ സര്‍വേയില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും ആശയവിനിമയം നടത്തുന്നതും. ഒരു രാഷ്ട്രീയ പ്രചാരണത്തിന്റേതു പോലെയുള്ള സ്വഭാവം തന്നെയാണ് ഈ സര്‍വേകള്‍ക്കുമുള്ളത്. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഫേസ്ബുക്ക് ശേഖരിച്ച ഡാറ്റ, ഫേസ്ബുക്ക് യൂസര്‍മാര്‍്ക്കിടയില്‍ സുക്കര്‍ബെര്‍ഗിനും, ഷേര്‍ളി സാന്‍ഡ്‌ബെര്‍ഗിനും സ്വീകാര്യതയുണ്ടോ എന്നു നിര്‍ണയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അവര്‍ ഏതു കാര്യത്തിലാണു കൂടുതല്‍ മെച്ചപ്പെടേണ്ടതെന്നും നിര്‍ണയിക്കാനും ഈ ഡാറ്റ ഉപയോഗിച്ചു. എച്ച്ബിഒയില്‍ സംപ്രേക്ഷണം ചെയ്യുന്നൊരു ടിവി പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഇതില്‍ നൈറ്റ്‌സ് വാച്ച് എന്നൊരു സൈനിക ക്രമത്തെ (മിലിട്ടറി ഓര്‍ഡര്‍) കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഫേസ്ബുക്ക് ഈ പേരില്‍ ഒരു ടൂള്‍ വികസിപ്പിച്ചിരുന്നു. ഫേസ്ബുക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്വന്തം പ്ലാറ്റ്‌ഫോമിലും വാട്‌സ് ആപ്പിലും എങ്ങനെ പ്രചരിക്കുന്നു എന്നതിനെ കുറിച്ച് ഒരു ഐഡിയ, അല്ലെങ്കില്‍ ഒരു ധാരണ കിട്ടാന്‍ വേണ്ടിയാണ് ഈ ടൂള്‍ വികസിപ്പിച്ചത്.

Categories: Top Stories