ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ അവതരിപ്പിച്ചു

ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ അവതരിപ്പിച്ചു

റെഡ് കളര്‍ സ്‌കീമിന് 19.99 ലക്ഷം രൂപയും സാന്‍ഡ് കളര്‍ സ്‌കീമിന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റെഡ് കളര്‍ സ്‌കീമിന് 19.99 ലക്ഷം രൂപയും സാന്‍ഡ് കളര്‍ സ്‌കീമിന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എന്‍ഡ്യുറോ 1200 മോട്ടോര്‍സൈക്കിളിന് പകരക്കാരനായാണ് 1260 എന്‍ഡ്യുറോ വരുന്നത്. ഇന്ത്യയിലെ എല്ലാ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ (18.25 ലക്ഷം രൂപ), ട്രയംഫ് ടൈഗര്‍ 1200 എക്‌സ്‌സിഎക്‌സ് (17 ലക്ഷം രൂപ) എന്നിവയാണ് പ്രധാന എതിരാളികള്‍.

എന്‍ഡ്യുറോ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് 1260. 2016 ലാണ് മള്‍ട്ടിസ്ട്രാഡ എന്‍ഡ്യുറോ മോട്ടോര്‍സൈക്കിളുകള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. റെഗുലര്‍ മള്‍ട്ടിസ്ട്രാഡ ബൈക്കുകളേക്കാള്‍ ഓഫ് റോഡിംഗിന് കൂടുതലായി സഹായിക്കുന്ന പതിപ്പുകളാണ് മള്‍ട്ടിസ്ട്രാഡ എന്‍ഡ്യുറോ. 254 കിലോഗ്രാമാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ്. ഭാരമേറിയ മോട്ടോര്‍സൈക്കിള്‍ തന്നെ. സ്മാര്‍ട്ട്‌ഫോണും മോട്ടോര്‍സൈക്കിളിലെ 5.0 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും തമ്മില്‍ പെയര്‍ ചെയ്യാന്‍ സാധിക്കും.

6 ആക്‌സിസ് ഐഎംയു, കോര്‍ണറിംഗ് എബിഎസ്, ആവശ്യാനുസരണം ക്രമീകരിക്കാവുന്ന നാല് റൈഡിംഗ് മോഡുകള്‍ (അര്‍ബന്‍, സ്‌പോര്‍ട്ട്, ടൂറിംഗ്, എന്‍ഡ്യുറോ), ഡുകാറ്റി വീലീ കണ്‍ട്രോള്‍, ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ (ഹില്‍ ഹോള്‍ഡ് അസിസ്റ്റ്) എന്നിവയാണ് ഇലക്ട്രോണിക്‌സ് പാക്കേജ്. സ്‌കൈഹുക്ക് സസ്‌പെന്‍ഷന്‍ പാക്കേജ് നല്‍കിയിരിക്കുന്നു.

സ്റ്റാന്‍ഡേഡ് മള്‍ട്ടിസ്ട്രാഡ 1260 മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്ന അതേ 1,262 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,500 ആര്‍പിഎമ്മില്‍ 158.3 എച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 128 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നു. അപ്പ്-ഡൗണ്‍ ഡുകാറ്റി ക്വിക്ക് ഷിഫ്റ്റര്‍ സവിശേഷതയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സ്റ്റാന്‍ഡേഡ് മള്‍ട്ടിസ്ട്രാഡ 1260 മോട്ടോര്‍സൈക്കിളിന് 17.80 ലക്ഷം രൂപയാണ് വില.

ഓഫ് റോഡ് മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ നല്ല ഉയരമുള്ളവനാണ് എന്‍ഡ്യുറോ 1260. എന്നാല്‍ മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്നിലെയും പിന്നിലെയും സസ്‌പെന്‍ഷന്‍ ട്രാവല്‍ ചെയ്യുന്നത് 15 മില്ലി മീറ്റര്‍ കുറച്ചതാണ് ഇതില്‍ പ്രധാനം. ഇപ്പോള്‍ 185 മില്ലി മീറ്ററാണ് സസ്‌പെന്‍ഷന്‍ ട്രാവല്‍. സ്റ്റാന്‍ഡേഡ് സീറ്റ് ഉയരം 10 എംഎം കുറച്ചു. ഇപ്പോള്‍ 860 എംഎം. ഓപ്ഷണലായ താഴ്ന്ന സീറ്റ് ഉയരം 840 എംഎം എന്ന ഓപ്ഷനില്‍ ലഭിക്കും. ട്യൂബ്‌ലെസ് പിറേലി സ്‌കോര്‍പിയോണ്‍ ട്രെയ്ല്‍ 2 ടയറുകളിലും വയര്‍ സ്‌പോക്ക് വീലുകളിലുമാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ വരുന്നത്. മുന്നില്‍ 19 ഇഞ്ച് (120/70) ചക്രവും പിന്നില്‍ 17 ഇഞ്ച് (170/60) ചക്രവും നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto