ബിരിയാണി കഴിക്കല്‍ ആഘോഷമാക്കി ‘ബിബികെ’

ബിരിയാണി കഴിക്കല്‍ ആഘോഷമാക്കി ‘ബിബികെ’

ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിരിയാണിബൈകിലോ എന്ന സംരംഭത്തിലെ താരം മണ്‍പാത്രത്തിലെ ആവി പറക്കുന്ന ബിരിയാണിയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 450 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി ആഗോളതലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍

ബിരിയാണി എന്നു കേട്ടാല്‍ മനസില്‍ ആദ്യമെത്തുന്ന ഒരു ദൃശ്യമുണ്ട്..അത് നമ്മള്‍ ഏറ്റവും രുചിയോടെ കണ്ടറിഞ്ഞ് കഴിച്ച ചിത്രമായിരിക്കും. മലയാളിയുടെ ബിരിയാണി രുചികള്‍ തലശേരി, മലബാര്‍, ഹൈദരാബാദി ദം… എന്നിവയില്‍ ഒതുങ്ങുമ്പോള്‍ രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ബിരിയാണി കഴിക്കല്‍ ആഘോഷമാക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കൂടി പരിചയപ്പെടണം. ബിരിയാണിബൈകിലോ(ബിബികെ) എന്നാണ് ഈ സംരംഭത്തിന്റെ പേര്. നിറത്തിലും ഗുണത്തിലും രുചിയിലും കഴിക്കുന്നവരുടേയും കാണുന്നവരുടേയും മനസ് നിറയ്ക്കുന്ന ബിരിയാണി വില്‍ക്കുന്നവരാണിവര്‍.

നാല് വര്‍ഷം മുമ്പാണ് കൗശിക് റോയി ഗുരുഗ്രാം ആസ്ഥാനമാക്കി ബിരിയാണിബൈകിലോയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത വര്‍ഷം വിശാല്‍ ജിന്‍ഡാല്‍ സഹസ്ഥാപകനായി ഒപ്പം ചേര്‍ന്നു. ബിരിയാണിക്കു പുറമെ സ്വാദേറിയ മറ്റ് ആഹാരങ്ങളും ഇവിടെയുണ്ടെങ്കിലും താരം ബിരിയാണിയാണ്. കാരണം ഇവിടെ ബിരിയാണിയുടെ ദം പൊട്ടിക്കുന്നത് അതു കഴിക്കുന്നവര്‍ തന്നെ അതാണ് സംരംഭത്തിന്റെ ഹൈലൈറ്റ് പോയിന്റ്.

മണ്‍പാത്രങ്ങളിലെ ബിരിയാണിക്കൂട്ട്

സാധാരണഗതിയില്‍ മിക്ക ഹോട്ടലുകളിലും ബിരിയാണി ഒരുമിച്ചു വെയ്ക്കുകയും ഓര്‍ഡര്‍ അനുസരിച്ച് അവ പായ്ക്ക് ചെയ്ത് അഥവാ പ്ലേറ്റില്‍ നല്‍കുകയുമാണ് പതിവ്. ബിബികെയില്‍ അങ്ങനെയല്ല. ഓര്‍ഡര്‍ അനുസരിച്ച് ആവശ്യമുള്ളത്രും ചെറിയ കലത്തില്‍ തയാറാക്കും. ചൂടേറിയ, സ്വാദും മണവും ചോര്‍ന്നുപോകാതെ, തയാറാക്കുന്ന മണ്‍കലം ബിരിയാണിയുടെ പൊതിഞ്ഞ വായ്ഭാഗം പൊട്ടിക്കുന്നതുപോലും കഴിക്കുന്നതിനു തൊട്ടുമുന്‍പാണ്. അതുതന്നെയാണ് ഇവിടുത്തെ ബിരിയാണി ഇത്ര ആകര്‍ഷകമാകാന്‍ കാരണം.

ഹൈദരാബാദി, മുഗളായ്, നവാബി സ്വാദുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഈ സംരംഭം മൂന്ന് വ്യത്യസ്ത രുചിയിലുള്ള ഹൈദരാബാദി, ലക്‌നോയി, കൊല്‍ക്കത്ത ഫ്‌ളേവറുകളിലുള്ള ബിരിയാണിയാണ് തയാറാക്കിവരുന്നത്. പരമ്പരാഗത രുചിയിലുള്ള വെജിറ്റേറിയന്‍ ബിരിയാണിയും ഇവിടുത്തെ മെനു ലിസ്റ്റിലെ താരമാണ്. ക്ലൗഡ് കിച്ചണ്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ബിബികെ നിരവധി ഡൈന്‍-ഇന്‍ ഔട്ട്‌ലെറ്റുകളിലേക്കും ബിരിയാണി വിതരണം ചെയ്യുന്നുണ്ട്.

ഫുഡ് ആന്‍ഡ് ബിവറേജ് മേഖലയില്‍ രണ്ട് ദശകത്തോളം പരിചയസമ്പത്ത് നേടിയാണ് കൗശിക് റോയി ബിബികെയ്ക്ക് തുടക്കമിട്ടത്. നമ്മുടെ നാട്ടിലെ ഭക്ഷണം അതും തനിമ ചോരാത്ത രുചിയില്‍ നല്‍കുക എന്നതിനാണ് സംരംഭം പ്രാധാന്യം നല്‍കിയത്. പിസ, നൂഡില്‍സ് എന്നിവയിലേക്ക് ആകൃഷ്ടരാകുന്നവര്‍ക്കിടയില്‍ ബിരിയാണി നല്‍കുന്നത് തുടക്കത്തില്‍ വെല്ലുവിളിയാകുമോ എന്നുപോലും സംരംഭകര്‍ ആശങ്കപ്പെട്ടിരുന്നു.

ചുരുങ്ങിയ കാലത്തില്‍ ഔട്ട്‌ലെറ്റുകള്‍ 20 കടന്നു

സംരംഭം തുടങ്ങി ചുരുങ്ങിയ കാലത്തിനിടയില്‍ ബിബികെയുടെ ഔട്ട്‌ലെറ്റുകള്‍ 20 കടന്നു. ഡെല്‍ഹി എന്‍സിആര്‍, മുംബൈ, ചണ്ഡിഗഢ്, മൊഹാലി, ലുധിയാന എന്നിവിടങ്ങളിലാണ് ഏറെയും വിപണനം പൊടിപൊടിക്കുന്നത്. ഒന്നരക്കോടി നിക്ഷേപത്തില്‍ തുടങ്ങിയ കമ്പനി 2017ല്‍ മൂന്നരക്കോടി രൂപയും തൊട്ടടുത്ത വര്‍ഷം ആറരക്കോടി രൂപയും വിവിധ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചിരുന്നു. പ്രതിവര്‍ഷം 70-80 ശതമാനം വളര്‍ച്ച നേടുന്ന കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ വില്‍പ്പന നിരക്ക് 24 കോടി രൂപയാണ്. 10 മുതല്‍ 12 കിലോ മീറ്റര്‍ ദൂരപരിധിയില്‍ ഹോം ഡെലിവറിയുള്ള സംരംഭത്തിന്റെ മൊബീല്‍ ആപ്പ് വഴിയും ബിരിയാണി ഓര്‍ഡര്‍ ചെയ്യാനാകും. ദിവസേന ആയിരത്തിലധികം ഓര്‍ഡര്‍ ലഭിക്കുന്ന ഇവിടെ ശരാശരി ഓര്‍ഡര്‍ നിരക്ക് 900 രൂപയാണ്.

അനുദിനം വളരുന്ന ഭക്ഷ്യ സംരംഭങ്ങള്‍

തിരക്കേറിയ ജീവിതത്തില്‍, പ്രത്യേകിച്ചും ജോലിക്കാരായ ദമ്പതികളുടെ എണ്ണം കൂടിവരുമ്പോള്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളും വീട്ടുപടിക്കലെത്തിക്കുന്ന വിതരണ രീതികളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുണ്ട്. അതുതന്നെയാണ് ഭക്ഷ്യസംരംഭങ്ങള്‍ അനുദിനം വളരാനും കാരണം. ഇന്ത്യയിലെ ബിരിയാണി വിപണി സംഘടിത മേഖലയില്‍ ഏകദേശം 1500 കോടി രൂപ മൂല്യമുള്ളതാണ്. ഫിക്കിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഭക്ഷ്യസംരംഭ മേഖലയിലുണ്ടായിരിക്കുന്നത്. ആളുകളുടെ ജീവിതരീതിയിലും ആഹാരരീതിയിലും വന്ന മാറ്റമാണ് ഇതിനു കാരണം. നിലവില്‍ ആയിരത്തിലേറെ ഭക്ഷ്യ സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഡാറ്റാലാബ് ബൈ ഇന്‍ക്42 പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2014 മുതല്‍ നടപ്പുവര്‍ഷം ആദ്യപാദം വരെയുള്ള കണക്കുകള്‍ പ്രകാരം 2.92 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലെ 228 ഇടപാടുകളിലായി നിക്ഷേപിച്ചിരിക്കുന്നത്.

അടുത്ത ലക്ഷ്യം ആഗോള ഭക്ഷ്യശൃംഖല

കഴിഞ്ഞ മാസം സീരീസ് എ റൗണ്ട് നിക്ഷേപത്തില്‍ ഐവിക്യാപ് വെഞ്ച്വേഴ്‌സില്‍ നിന്നും 30 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്ക് കമ്പനിയുടെ സാന്നിധ്യം വികസിപ്പിക്കുന്നതിലും ടെക്‌നോളജി വികസനത്തിനുമായി ഈ തുക വിനിയോഗിക്കും. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ബിരിയാണി വിപണിയില്‍ മുഖ്യധാരയിലെത്താനും ആഗോള ബിരിയാണി, കബാബ് വിതരണ ശൃംഖലയിലേക്കു കടക്കാനും ബിബികെ പദ്ധതിയിടുന്നതായി സഹസ്ഥാപകനായ വിശാല്‍ ജിന്‍ഡാല്‍ പറയുന്നു.

അന്താരാഷ്ട്രതലത്തില്‍ യുഎഇ, യുകെ എന്നിവിടങ്ങളില്‍ വിപണി തുറക്കാനാണ് സംരംഭം പദ്ധതിയിടുന്നത്. ഭാവിയില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 120ല്‍ എത്തിക്കാനും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 450 കോടിയിലെത്തിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

Categories: FK Special, Slider