പ്രാരംഭ നിക്ഷേപം 3 ലക്ഷം, ഇന്ന് വരുമാനം 3 കോടി

പ്രാരംഭ നിക്ഷേപം 3 ലക്ഷം, ഇന്ന് വരുമാനം 3 കോടി

പരമ്പരാഗത ശൈലിയിലുള്ള കുട്ടികളുടെ വസ്ത്രശേഖരമാണ് ബോആന്‍ബീ എന്ന സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. വീടിന്റെ ഒരു ഭാഗം ഓഫീസാക്കി മാറ്റി മോണിക്ക ചൗധരി തുടക്കമിട്ട സംരംഭം ഇന്ന് 1600 സ്‌ക്വയര്‍ ഫീറ്റിലുള്ള ഓഫീസ് കെട്ടിടത്തിലേക്ക് വളര്‍ന്നു. അടുത്ത സാമ്പത്തിക വര്‍ഷം പത്തു കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം

ഒരു സംരംഭം വിജയത്തിലെത്തിക്കുക അത്ര എളുപ്പമല്ല. ശരിയായ ആശയവും ആവിഷ്‌കാരവും ഉണ്ടെങ്കിലും വിപണിയിലെ ഭാഗ്യം കൂടി ചിലപ്പോള്‍ തുണയാകേണ്ടി വരും. അത്തരത്തിലൊരു സംരംഭമാണ് മോണിക ചൗധരിയുടെ ബോആന്‍ബീ(ആീംിആലല). പരമ്പരാഗത ശൈലിയിലുള്ള കുട്ടികളുടെ വസ്ത്രശേഖരമാണ് ഈ സംരംഭത്തിലുള്ളത്. എന്നാല്‍ ന്യൂജന്‍ കുട്ടികള്‍ക്ക് ഏറെ ഇണങ്ങുന്നവയുമാണിവ.

നാല് വര്‍ഷം മുമ്പ് മൂന്നു ലക്ഷം രൂപ പ്രാരംഭ മൂലധനത്തില്‍ തുടക്കമിട്ട സംരംഭം ഇന്ന് മൂന്ന് കോടി രൂപ വരുമാനം നേടിത്തരുന്ന ബൃഹത് സംരംഭമായി മാറിയിരിക്കുന്നു. വീടിന്റെ ഒരു ഭാഗം ഓഫീസാക്കി മാറ്റിയാണ് മോണിക്ക സംരംഭം തുടങ്ങിയത്.

കോര്‍പ്പറേറ്റ് ജോലി വിട്ട് സംരംഭക റോളില്‍

മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് മോണിക്ക സംരംഭക രംഗത്തേക്ക് നടന്നുകയറിയത്. പതിനഞ്ച് വര്‍ഷത്തോളം കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്പ്‌മെന്റ് മേഖലയില്‍ ജോലി നോക്കിയ അവര്‍ 2013ല്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു. സംരംഭക രംഗത്തേക്ക് ഇറങ്ങാന്‍ ആലോചനയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് കുട്ടികളുടെ വസ്ത്ര മാര്‍ക്കറ്റില്‍ പരമ്പരാഗത വസ്ത്രങ്ങളുടെ അഭാവം മനസിലാക്കി ബിസിനസിന് തുടക്കമിടുകയായിരുന്നു.

ഇന്ത്യയുടെ സംസ്‌കാരവും പൈതൃകതയും ഒത്തിണങ്ങുന്ന വസ്ത്രവിപണിക്കാണ് അവര്‍ ഊന്നല്‍ നല്‍കിയത്. ”ബോആന്‍ബീ എന്ന പേരിലുമുണ്ട് ചില പ്രത്യേകതകള്‍. ബോ(ആീം) എന്നാല്‍ രണ്ട് അയഞ്ഞ അറ്റങ്ങളെ തമ്മില്‍ ചേര്‍ത്തുപിടിക്കുന്ന ഒന്നാണ്. ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങള്‍ക്കിണങ്ങിയവയുമായി ബന്ധിപ്പിക്കുന്ന സംരംഭം എന്ന ധ്വനിയാണിവിടെ നല്‍കുന്നത്. ബീ എന്നാല്‍ ഉറച്ച തീരുമാനം, സംരംഭത്തിനു പിന്നിലെ സംഘടിത പ്രവര്‍ത്തനത്തെയാണ് ഇതു സൂചിപ്പിക്കുന്നത്”, മോണിക്ക പറയുന്നു.

ഓണ്‍ലൈന്‍ ബിസിനസിലേക്ക്

സംരംഭത്തിന്റെ തുടക്കത്തില്‍ ജയ്പൂരിലെ വസ്ത്രനിര്‍മാതാവില്‍ നിന്നും പ്രത്യേകം പറഞ്ഞു ചെയ്യിച്ച ചില തുണിത്തരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഇവ സ്വന്തം മകളില്‍ തന്നെ ആദ്യം പരീക്ഷിച്ചു. പിന്നീട് തുണിത്തരങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലേക്കെത്തിച്ചു. ഹോപ്‌സ്‌കോച്ചില്‍ 20 വസ്ത്രങ്ങളാണ് ആദ്യകാലത്ത് വില്‍ക്കാനായി നല്‍കിയത്. പിന്നീട് ഗുരുഗ്രാമില്‍ പ്രദര്‍ശനമേളയില്‍ ഇവ എത്തിച്ചതോടെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. ബിസിനസിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 50 ല്‍ പരം ഓര്‍ഡറുകള്‍ മോണിക്കയെ തേടിയെത്തി. തുടക്കം ഗംഭീരമായതോടെ ജയ്പൂരില്‍ നിന്നും ഒരു സ്ഥിരം മാനുഫാക്ചറെ കൂടി കണ്ടെത്തി സംരംഭം വിപുലമാക്കി. മോണിക്കയുടെ വീട്ടുസഹായിയുടെ മകളായിരുന്നു സംരംഭത്തിലെ ആദ്യ ജോലിക്കാരി. പായ്ക്കിംഗിലും മറ്റും സഹായിച്ച് അവര്‍ വളര്‍ത്തിയ സംരംഭം ആദ്യ വര്‍ഷം 40 ലക്ഷം രൂപ വരുമാനം നേടിയെടുത്തു. തുടര്‍ന്ന് മൂന്നു നാല് ജോലിക്കാരെ കൂടി നിയമിച്ച് സംരംഭം കൂടുതല്‍ വിപുലമാക്കി. ദിവസേനയുള്ള ഓര്‍ഡര്‍ ഇരട്ടിയാക്കി. ഹോപ്‌സ്‌കോച്ച് കൂടാതെ ഫസ്റ്റ്‌ക്രൈ, ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, മൈന്ത്ര എന്നിവയിലായിരുന്നു ആദ്യ കാലത്ത് വില്‍പ്പന. നിലവില്‍ ഹോപ്‌സ്‌കോച്ച്, ഫസ്റ്റ്‌ക്രൈ എന്നീ പ്ലാറ്റ്‌ഫോമുകളിലെ മുന്‍ നിര ബ്രാന്‍ഡുകളിലൊന്നാണ് ബോആന്‍ബീ.

ഇന്ന് ഡിസൈനിംഗ്, ഉല്‍പ്പാദനം, വില്‍പ്പന എന്നീ വിഭാഗങ്ങളിലായി പത്തോളം ജോലിക്കാരടങ്ങുന്ന സംഘമാണ് സംരംഭത്തിലുള്ളത്. ഗുരുഗ്രാമില്‍ 1600 സ്‌ക്വയര്‍ ഫീറ്റിലുള്ള ഓഫീസിലാണ് പ്രവര്‍ത്തനം. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഉല്‍പ്പാദനം ആറോളം യൂണിറ്റുകളില്‍ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുകയാണ്. പരമ്പരാഗത നെയ്ത്തുകാര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാനും സംരംഭത്തിന് കഴിയുന്നുണ്ട്. നവജ്യോതി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ഗ്രാമീണ സ്ത്രീകളെ കോര്‍ത്തിണക്കി ഒരു ഉല്‍പ്പാദന യൂണിറ്റ് തയാറാക്കി സംരംഭത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പം ഇന്തോ-പാശ്ചാത്യ വസ്ത്രങ്ങളും സംരംഭത്തിലുണ്ടിപ്പോള്‍. ഇന്തോ-പാശ്ചാത്യ വസ്ത്രങ്ങളില്‍ പെപ്‌ലം ധോത്തികളും, ടോപ്പ് പലാസോകളും, കാഷ്വല്‍ ഷര്‍ട്ടുകളുമാണ് ബെസ്റ്റ് സെല്ലര്‍ വിഭാഗത്തിലുള്ളത്. വസ്ത്രങ്ങള്‍ കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങളും സംരംഭത്തിലൂടെ വിപണനം ചെയ്യുന്നു. 0-12 വയസുവരെയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണ് ബോആന്‍ബിയിലുള്ളത്.

20 വ്യത്യസ്ത വസ്ത്രവിഭാഗങ്ങളുമായി തുടങ്ങിയ സംരംഭത്തില്‍ ഇന്ന് മുന്നൂറില്‍ പരം ഉല്‍പ്പന്നശ്രേണിയുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള വിഭാഗങ്ങളില്‍ 500 മുതല്‍ 2500 രൂപ വരെയാണ് വില. 100 ശതമാനം വരുമാന വളര്‍ച്ച അവകാശപ്പെടുന്ന സംരംഭത്തിലൂടെ പ്രതിമാസം അയ്യായിരത്തില്‍പരം തുണിത്തരങ്ങള്‍ വിറ്റുപോകുന്നതായി മോണിക്ക പറയുന്നു. 2017-18 ല്‍ 1.45 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി 2018-19ല്‍ തോത് മൂന്ന് കോടി രൂപയായി ഉയര്‍ത്തി. അടുത്ത സാമ്പത്തിക വര്‍ഷം 10 കോടി രൂപയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ബിസിനസിന്റെ 95 ശതമാനവും ഓണ്‍ലൈനിലൂടെയാണ്. യുകെ, മിഡില്‍ ഈസ്റ്റ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഇവര്‍ വസ്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

Comments

comments

Categories: Top Stories