18 പിഎസ്ഇകളിലെ ഓഹരി നിയന്ത്രണം 75 ശതമാനമായി ചുരുക്കും

18 പിഎസ്ഇകളിലെ ഓഹരി നിയന്ത്രണം 75 ശതമാനമായി ചുരുക്കും

ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു

ന്യൂഡെല്‍ഹി: ഓഹരി വില്‍പ്പനയിലൂടെ 15,000 കോടി രൂപ വരെ സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി അവകാശം 75 ശതമാനമായി ചുരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന വഴി 105 ലക്ഷം കോടി രൂപ (15.33 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് സമ്പൂര്‍ണ ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85,000 കോടി രൂപയാണ് പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ സമാഹരിച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിന്റെ മൂന്നിലൊന്ന് എയര്‍ ഇന്ത്യ അടക്കമുള്ള സംരംഭങ്ങളുടെ മുഴുവന്‍ നിയന്ത്രണവും വില്‍ക്കുന്നതിലൂടെയായിരിക്കും സര്‍ക്കാര്‍ സമാഹരിക്കുക. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. നേരത്തെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. എയര്‍ ഇന്ത്യയിലാണ് സര്‍ക്കാരിന് വലിയ പ്രതീക്ഷ. കമ്പനി വില്‍ക്കുന്നതിലൂടെ 150 ബില്യണ്‍ രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

മറ്റ് കമ്പനികളുടെ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ നിയമം അനുസരിച്ച് നടപ്പാക്കും. ലിസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷത്തിനുശേഷം പൊതു വില്‍പ്പന നടത്തണമെന്നാണ് നിയമം. എന്നാല്‍, പൊതുമേഖലാ കമ്പനികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നില്ല. സെബിയില്‍ നിന്ന് ഓരോ വര്‍ഷവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് തേടുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷമെങ്കിലും പൊതുമേഖലാ കമ്പനികളുടെ കാര്യത്തില്‍ സെബി നിയമം അനുസരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെയും പത്ത് ശതമാനം വീതം ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതോടെ ഈ കമ്പനികളില്‍ സര്‍ക്കാരിനുള്ള വിഹിതം 75 ശതമാനമായി ചുരുങ്ങും. ലിസ്റ്റഡ് കമ്പനികളില്‍ സര്‍ക്കാരിനുള്ള ഓഹരി വിഹിതം 25 ശതമാനത്തില്‍ നിന്നും 35 ശതമാനമായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് വിപണി പ്രവേശനം ഉറപ്പാക്കുന്നതിനായിരുന്നു ഇത്. എന്നാല്‍, പുതിയ പരിഷ്‌കരണങ്ങള്‍ സെബി അനുമതി കിട്ടിയ ശേഷം നടപ്പാക്കുന്നതിന് രണ്ട് വര്‍ഷമെങ്കിലും സമയം എടുക്കും.

Comments

comments

Categories: Business & Economy
Tags: Share sale