നികുതി ഇളവ് 4,000 കമ്പനികള്‍ക്ക് ഗുണം ചെയ്യും

നികുതി ഇളവ് 4,000 കമ്പനികള്‍ക്ക് ഗുണം ചെയ്യും
  • കോര്‍പ്പേറ്റ് നികുതി അടക്കുന്ന 99.3% കമ്പനികള്‍ക്കും ഇളവ്
  • കേന്ദ്ര സര്‍ക്കാരിന് നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 3,000 കോടി രൂപയുടെ നഷ്ടമുണ്ടാകും
  • 6,000ത്തോളം കമ്പനികളാണ് ഉയര്‍ന്ന നികുതി പരിധിയില്‍ ബാക്കിയുള്ളത്

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏകദേശം 4,000ത്തോളം കമ്പനികള്‍ക്ക് നേട്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 3,000 കോടി രൂപയുടെ നികുതി വരുമാനം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകടന പത്രികയിലെ അധിക ചെലവിടല്‍ വാഗ്ദാനങ്ങളും നികുതി വരുമാനത്തിലെ കുറവും പരിഗണിച്ച് നികുതി നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനു വിപരീതമായാണ് വന്‍കിട കമ്പനികളെ കൂടി കോര്‍പ്പറേറ്റ് നികുതി ഇളവില്‍ ഉള്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പ്രതിവര്‍ഷം 400 കോടി രൂപയിലധികം വിറ്റുവരവുള്ള വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കണമെന്നാണ് ബജറ്റ് നിര്‍ദേശം. ഏകദേശം, 6,000 കമ്പനികളാണ് ഈ ഇളവുകളിലൊന്നും പെടാതെ ഉയര്‍ന്ന നികുതി പരിധിയിലുള്ളത്. 30 ശതമാനത്തില്‍ നിന്നാണ് കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കുന്നത്.

2015-2016 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയാണ് കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന്, 2016-2017ലെ ബജറ്റില്‍ അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 29 ശതമാനമായും പുതിയ മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്ക് 25 ശതമാനമായും കുറച്ചിരുന്നു. 2017-2018ലെ ബജറ്റില്‍ 50 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കും 25 ശതമാനം കോര്‍പ്പറേറ്റ് നികുതി ആനുകൂല്യം നല്‍കി. കോര്‍പ്പറേറ്റ് നികുതി അടയ്ക്കുന്ന 96 ശതമാനം സംരംഭങ്ങളെ നികുതി ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2018-2019ലെ ബജറ്റില്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളിലേക്ക് കൂടി ഈ ആനുകൂല്യം എത്തിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കുന്ന എട്ട് ലക്ഷം കമ്പനികള്‍ക്കാണ് ഈ നികുതി ആനുകൂല്യത്തിന്റെ പ്രയോജനം ലഭിച്ചത്. കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ സിംഹഭഗവും സംഭാവന ചെയ്യുന്ന 400 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനികളെ കൂടി ഇളവില്‍ ഉള്‍പ്പെടുത്തിയതോടെ 99.3 ശതമാനം കമ്പനികളിലേക്ക് നികുതി ആനുകൂല്യം എത്തും.

അതേസമയം, ഒന്നാം മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് പോലെ മുഴുവന്‍ കമ്പനികള്‍ക്കും ഗുണം ചെയ്യുന്ന പടിപടിയായുള്ള നികുതി കുറയ്ക്കല്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് പോലെ ആസിയാന്‍ നിരക്കിന് സമാനമായി 20-24 ശതമാനത്തിലേക്ക് നികുതി കുറയ്ക്കണമെന്നാണ് കോര്‍പ്പറേറ്റുകളുടെ ആവശ്യം. യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ അടുത്തിടെ നികുതി ഭാരം കുറച്ചതോടെയാണ് ഇന്ത്യയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നത്.

ഉയര്‍ന്ന നികുതി നിരക്ക് ചൂണ്ടിക്കാട്ടി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന നികുതിയുള്ള രാജ്യം ഇന്ത്യയാണെന്നാണ് യുഎസിന്റെ ആരോപണം. എല്ലാ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതി ഇളവ് നല്‍കാന്‍ ചില തടസങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ കമ്പനികള്‍ക്കും ഒരു ശതമാനം ഇളവ് നല്‍കിയാല്‍ കൂടി അത് സര്‍ക്കാരിന് 15,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കും.

Comments

comments

Categories: FK News