തിരക്കേറിയ നഗരങ്ങളില്‍ താല്‍ക്കാലിക വീടൊരുക്കി റെന്റ്‌മൈസ്റ്റേ

തിരക്കേറിയ നഗരങ്ങളില്‍ താല്‍ക്കാലിക വീടൊരുക്കി റെന്റ്‌മൈസ്റ്റേ

ഒരു ദിവസം മുതല്‍ വര്‍ഷളോളം വാടകയ്ക്ക് വീടൊരുക്കുന്ന ഓണ്‍ലൈന്‍ സംരംഭമാണ് റെന്റ്‌മൈസ്‌റ്റേ. ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭം ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുന്ന അതേ ലാഘവത്തോടെ വീടുകളിലേക്ക് ചേക്കേറാനുള്ള സൗകര്യങ്ങളാണ് ചെയ്തുവരുന്നത്

ബെംഗളൂരു പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ പരിചയമില്ലാത്തവര്‍ക്ക് ഒരു വാടക വീട് കണ്ടെത്തുക അത്ര എളുപ്പമല്ല. ഇടനിലക്കാര്‍, പരിചയക്കാര്‍ എന്നിങ്ങനെ നാളുകള്‍ നീണ്ടുപോകുന്ന അന്വേഷണത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുന്ന സംരംഭമാണ് റെന്റ്‌മൈസ്റ്റേ. അഞ്ചു വര്‍ഷം മുമ്പ് ബെംഗളുരു ആസ്ഥാനമാക്കി തുടക്കമിട്ട ഈ സ്റ്റാര്‍ട്ടപ്പ് പേര് പോലെ തന്നെ താമസിക്കാനൊരു സ്ഥലം വാടകയ്ക്ക് ഏര്‍പ്പാടാക്കുന്ന ഓണ്‍ലൈന്‍ സംരംഭം തന്നെ. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും താമസിക്കാന്‍ അനുയോജ്യമാക്കിയ വീടുകളാണ് ഇവര്‍ വാടകയ്ക്ക് നല്‍കുന്നത്. ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുന്ന അതേ ലാഘവത്തോടെ ഉപഭോക്താക്കള്‍ക്ക് വീടുകളിലേക്ക് ചേക്കേറാമെന്നു സാരം. കിരണ്‍ നാഗരാജപ്പ, രാകേഷ് കാംബ്ലി എന്നിവരാണ് ഈ റെന്റ്‌മൈസ്റ്റേയുടെ സ്ഥാപകര്‍

ബ്രോക്കറേജ് ഫീ ഇല്ല

റെന്റ്‌മൈസ്റ്റേ വഴി ഏതൊരാള്‍ക്കും ഒരു ദിവസത്തേക്കോ, ഏതാനും ദിവസങ്ങളിലേക്കോ, മാസങ്ങളിലേക്കോ ഇനി വര്‍ഷങ്ങളായി താമസിക്കുന്നതിനു വേണ്ടിയോ വീട് വാടകയ്ക്ക് എടുക്കാനാകും. ബ്രോക്കറേജ് ഫീസ് ഇല്ലെന്നതാണ് സംരംഭത്തിന്റെ പ്രധാന ആകര്‍ഷണീയത. വളരെ എളുപ്പത്തില്‍ ആളുകള്‍ക്ക് താമസം മാറാനുള്ള സൗകര്യമാണിവര്‍ നല്‍കുന്നത്.

യാത്രയുടെ ഭാഗമായോ ജോലി സംബന്ധമായോ കുടുംബസന്ദര്‍ശനത്തിന്റെ ഭാഗമായോ താല്‍ക്കാലിക വീട് വേണ്ടവര്‍ക്ക് ചെറിയ കാലയളവിലേക്ക് സംരംഭം നല്‍കുന്ന പാക്കേജ് ഏറെ സഹായകമാകും.

ചെറിയ കാലയളവിലേക്ക് വാടകവീട് വെല്ലുവിളിയായി

സംരംഭത്തിന്റെ തുടക്കത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് വാടകവീടിന്റെ ഉടമസ്ഥരില്‍ നിന്നായിരുന്നുവെന്ന് സംരംഭകര്‍ പറയുന്നു. പരമ്പരാഗതമായി ദീര്‍ഘകാലയളവിലേക്ക് വീട് നല്‍കുന്നതില്‍ നിന്നും മാറി ചെറിയ കാലയളവിലേക്ക് വാടകയ്ക്ക് വീട് നല്‍കുന്നത് വരുമാനം കുറയ്ക്കില്ലെന്ന് വീട്ടുടമസ്ഥനെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഇന്ന് 35 ജോലിക്കാര്‍ അടങ്ങുന്ന സംഘമാണ് റെന്റ്‌മൈസ്‌റ്റേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബെംഗളുരുവിലെ ആയിരത്തില്‍ പരം ഫഌഗ്ഷിപ്പ് പ്രോപ്പര്‍ട്ടികള്‍ക്കൊപ്പം പൂനെ(160), ഹൈദരാബാദ് (120), ചെന്നൈ എന്നിവിടങ്ങളിലായി മുപ്പതിനായിരത്തില്‍ പരം ഉപഭോക്താക്കള്‍ക്കാണ് ഇവര്‍ ഇതുവരെ സേവനമൊരുക്കിയിട്ടുള്ളത്. ഭാവിയില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

റെന്റ്‌മൈസ്റ്റേയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനോ വെബ് പോര്‍ട്ടലോ വഴി ഏതൊരാള്‍ക്കും വീട് ബുക്ക് ചെയ്യാവുന്നതാണ്. വീട്ടുടമസ്ഥര്‍ക്ക് പെയിന്റിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ പ്രശ്‌നപരിഹാരങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോമിലൂടെ സംവദിക്കാനാകും.

Comments

comments

Categories: Top Stories