ഏറ്റവും സുരക്ഷിത കാറുകള്‍

ഏറ്റവും സുരക്ഷിത കാറുകള്‍

പത്ത് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഏറ്റവും സുരക്ഷിതമായ കാറുകള്‍

2014 മുതലാണ് ഇന്ത്യയില്‍ വിവിധ കാര്‍ മോഡലുകളുടെ സുരക്ഷ ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) പരിശോധിച്ചുതുടങ്ങിയത്. ഇതുവരെയായി ഇന്ത്യയില്‍ നിര്‍മ്മിച്ചതും വില്‍ക്കുന്നതുമായ മുപ്പതോളം മോഡലുകളും വേരിയന്റുകളും പരിശോധനയ്ക്ക് വിധേയമായി. ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡലാണ് ടാറ്റ നെക്‌സോണ്‍. മഹീന്ദ്രയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ മറാറ്റ്‌സോ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയപ്പോള്‍ മാരുതി സുസുകി സ്വിഫ്റ്റിന് 2 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ലഭിച്ചത്. ഇതിനുമുന്നേ, റെനോ ലോഡ്ജി ഒരു നക്ഷത്രം പോലും വാങ്ങാതെ സംപ്യൂജ്യരായിരുന്നു. അതേസമയം 4 സ്റ്റാര്‍ റേറ്റിംഗ് നേടി മാരുതി സുസുകി വിറ്റാര ബ്രെസ്സ സുരക്ഷ തെളിയിച്ചു. ഗ്ലോബല്‍ എന്‍കാപ് പരിശോധിച്ച, പത്ത് ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഏറ്റവും സുരക്ഷിതമായ കാറുകള്‍ ഇനി പറയുന്നവയാണ്.

ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 4 സ്റ്റാര്‍ റേറ്റിംഗ്, കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ റേറ്റിംഗ് എന്നിവയാണ് നേടിയിരുന്നത്. ഇതേതുടര്‍ന്ന്, ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ നല്‍കി ടാറ്റ നെക്‌സോണിന്റെ എല്ലാ വേരിയന്റുകളും പരിഷ്‌കരിച്ചു. വശങ്ങളില്‍നിന്നുള്ള ഇടിയില്‍നിന്ന് സുരക്ഷയൊരുക്കുന്നതിലും ടാറ്റ നെക്‌സോണ്‍ വിജയിച്ചു. ഗ്ലോബല്‍ എന്‍കാപിന്റെ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വാഹനമായി നെക്‌സോണ്‍ മാറിയത് അങ്ങനെയാണ്. ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നെക്‌സോണ്‍ എസ്‌യുവി മികച്ച സുരക്ഷയൊരുക്കുന്നതായും ഗ്ലോബല്‍ എന്‍കാപ് കണ്ടെത്തി. ടാറ്റ നെക്‌സോണ്‍ എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ

ഗ്ലോബല്‍ എന്‍കാപ് പരിശോധിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറുകളിലൊന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍ നല്‍കാതെ ഇടി പരിശോധന നടത്തിയ ഫോക്‌സ്‌വാഗണ്‍ പോളോ മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് പൂജ്യം സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയത്. അതായത്, തീരെ സുരക്ഷിതമല്ലെന്ന് അര്‍ത്ഥം. എന്നാല്‍ രണ്ട് എയര്‍ബാഗുകള്‍ നല്‍കിയ പോളോ വേര്‍ഷന്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ കഴിഞ്ഞു. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രണ്ട് വേര്‍ഷനുകളും 3 സ്റ്റാര്‍ റേറ്റിംഗ് നേടി. ഇതില്‍ത്തന്നെ, എയര്‍ബാഗുകളോടുകൂടിയ പോളോയാണ് കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നത്. 2014 ലാണ് ഇടി പരിശോധന (ക്രാഷ് ടെസ്റ്റ്) നടത്തിയത്. ആ സമയത്ത്, പോളോയില്‍ എബിഎസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ പോലും സ്റ്റാന്‍ഡേഡായി നല്‍കിയിരുന്നില്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ടോപ് സ്‌പെക് ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ യില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്‌സി(ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

ടൊയോട്ട എത്തിയോസ് ലിവ

2016 ലാണ് ഗ്ലോബല്‍ എന്‍കാപിന്റെ ക്രാഷ് ടെസ്റ്റിന് ടൊയോട്ട എത്തിയോസ് ലിവ ഹാച്ച്ബാക്ക് വിധേയമായത്. ആദ്യ ഇടി പരിശോധനയില്‍തന്നെ മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ ചുരുക്കം മോഡലുകളിലൊന്നാണ് ടൊയോട്ട എത്തിയോസ് ലിവ. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 2 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കാനും വാഹനത്തിന് കഴിഞ്ഞിരുന്നു. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) സഹിതം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി എത്തിയോസ് ലിവ പിന്നീട് പരിഷ്‌കരിച്ചു. ക്രാഷ് ടെസ്റ്റിന് വിധേയമാകുമ്പോള്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകളും പ്രീ-ടെന്‍ഷനറുകള്‍ സഹിതം ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളും മാത്രമാണ് ഉണ്ടായിരുന്നത്.

മാരുതി സുസുകി വിറ്റാര ബ്രെസ്സ

ഗ്ലോബല്‍ എന്‍കാപിന്റെ ഇടി പരിശോധനയില്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ വാഹനമാണ് മാരുതി സുസുകി വിറ്റാര ബ്രെസ്സ. എന്നാല്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 2 സ്റ്റാര്‍ മാത്രമാണ് കോംപാക്റ്റ് എസ്‌യുവി നേടിയത്. ക്രാഷ് ടെസ്റ്റ് സമയത്ത് ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയായി കാറില്‍ ഇരുത്തിയ ഡമ്മിയുടെ തലയ്ക്കും തോളിനും പരുക്കേറ്റു. മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പ്രീ-ടെന്‍ഷനറുകള്‍ സഹിതം ഫ്രണ്ട് സീറ്റ് ബെല്‍റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

ടാറ്റ സെസ്റ്റ്

ആദ്യ റൗണ്ട് ക്രാഷ് ടെസ്റ്റില്‍ ‘സംപൂജ്യ’നായാണ് ടാറ്റ സെസ്റ്റ് കോംപാക്റ്റ് സെഡാന്‍ തിരിച്ചുപോന്നത്. അടുത്ത അവസരം ലഭിച്ചപ്പോള്‍ പരിഷ്‌കരിച്ച ടാറ്റ സെസ്റ്റ് സെഡാന്‍ ഇടി പരിശോധനയ്ക്ക് വിധേയമാക്കി. 2016 ലായിരുന്നു ക്രാഷ് ടെസ്റ്റ്. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 4 സ്റ്റാര്‍ റേറ്റിംഗ്, കുട്ടികളുടെ സുരക്ഷയില്‍ 2 സ്റ്റാര്‍ റേറ്റിംഗ് എന്നിങ്ങനെ കരസ്ഥമാക്കാന്‍ ഈ മോഡലിന് കഴിഞ്ഞു. രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ക്കായി സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് ടാറ്റ സെസ്റ്റ് കോംപാക്റ്റ് സെഡാനില്‍ നല്‍കിയിരുന്നത്. പിന്നീട് എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ നല്‍കി പരിഷ്‌കരിച്ചു.

പ്രത്യേക പരാമര്‍ശം : ഹോണ്ട അമേസ്

ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട അമേസ് ഗ്ലോബല്‍ എന്‍കാപിന്റെ ഇടി പരിശോധനയ്ക്ക് വിധേയമായിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 4 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ കോംപാക്റ്റ് സെഡാനെ സഹായിച്ചു. ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരുന്നെങ്കിലും കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് മോശം പ്രകടനമാണ് ഹോണ്ട അമേസ് കാഴ്ച്ചവെച്ചത്. ഒരു സ്റ്റാര്‍ മാത്രമാണ് ഗ്ലോബല്‍ എന്‍കാപ് നല്‍കിയത്. ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ നിലവാരം പുലര്‍ത്തുന്നത് ആയിരുന്നില്ല.

പ്രത്യേക പരാമര്‍ശം : മഹീന്ദ്ര മറാറ്റ്‌സോ

4 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മഹീന്ദ്ര മറാറ്റ്‌സോ. സഹയാത്രികരായ റെനോ ലോഡ്ജി, ഷെവര്‍ലെ എന്‍ജോയ് എന്നിവയേക്കാള്‍ വളരെ മികച്ചതാണ് മഹീന്ദ്ര മറാറ്റ്‌സോ. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 2 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, പിന്‍ സീറ്റുകളില്‍ ഐസോഫിക്‌സ് ആങ്കറേജുകള്‍ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയപ്പോള്‍ ബേസ് വേരിയന്റിന് പത്ത് ലക്ഷം രൂപയില്‍ താഴെയായിരുന്നു വില. എന്നാല്‍ വില വര്‍ധിപ്പിച്ചതോടെ മറാറ്റ്‌സോയുടെ എം2 എന്ന ബേസ് വേരിയന്റിന് 10.18 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto