തട്ടിപ്പുകാരില്‍ നിന്നും സുരക്ഷിതരായിരിക്കൂ

തട്ടിപ്പുകാരില്‍ നിന്നും സുരക്ഷിതരായിരിക്കൂ

ഡിജിറ്റല്‍ പണമിടപാടുകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കിടെ തന്നെ ഉപയോക്താക്കളെ കമ്പളിപ്പിക്കുന്നതിന് തട്ടിപ്പുകാര്‍ പുത്തന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. വ്യാജ ട്രാന്‍സാക്ഷനുകളില്‍ നിന്നും സുരക്ഷിതരാകുന്നതിന്, ഉപയോക്താക്കളും വ്യാപാരികളും വ്യത്യസ്ത തരത്തിലുള്ള തട്ടിപ്പുകാരെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്

മാര്‍ക്കറ്റിംഗ് വിദഗ്ദനായ ഹര്‍ഷ് വിനോദ്, ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകളുടേയും മറ്റ് ഓണ്‍ലൈന്‍ ബിസിനസ്സുകളുടേയും സ്ഥിരം ഉപയോക്താവാണ്. അദ്ദേഹത്തിന്റെ ഫോണില്‍ ഒരു സന്ദേശം ലഭിച്ചു. സന്ദേശത്തില്‍ പറഞ്ഞതുപ്രകാരം റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ ആകര്‍ഷമായ സമ്മാനങ്ങള്‍ ലഭിക്കുമെന്നായിരുന്നു ഉള്ളടക്കം. ഈ സന്ദേശം ഒരു വിശ്വസ്ത ഉറവിടത്തില്‍ നിന്നും വന്നതുപോലെ തോന്നിയതിനാല്‍, ആ പ്ലാന്‍ ലഭ്യമാക്കുന്നതിനായി അദ്ദേഹം ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഹര്‍ഷ് തട്ടിപ്പുകാരുടെ വലയില്‍ അകപ്പെടുകയായിരുന്നു. ശേഷം അദ്ദേഹത്തിന് ആയിരം രൂപയിലധികം നഷ്ടപ്പെടുകയുണ്ടായി.

ഉപയോക്താവിന്റെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിനാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ പണം തട്ടിപ്പുകാര്‍, ഇതേ രീതികള്‍ തന്നെ ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിച്ചുകൊണ്ട് വ്യാജ ട്രാന്‍സാക്ഷനുകള്‍ നടത്തുന്നു.

തട്ടിപ്പുകള്‍ ഇങ്ങനെ

വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്നതിലൂടെ: സാധാരണയായി കാണുന്നത്, റിസര്‍വ് ബാങ്ക് പ്രതിനിധിയാണെന്നോ, ഇ-കൊമേഴ്‌സ് സൈറ്റില്‍ നിന്നാണെന്നോ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ഫോണ്‍ വഴി ബന്ധപ്പെടുകയും കാര്‍ഡിന്റെ 16 അക്ക നമ്പറും സിവിവിയും നല്‍കുന്നതിന് അഭ്യര്‍ത്ഥിയ്ക്കുന്നതുമാണ്. ഇത് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫോണ്‍ കോളാണെന്ന് തെറ്റിദ്ധരിക്കുന്ന ഉപഭോക്താക്കള്‍ ഈ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കൈമാറുന്നു. ശേഷം ഉപഭോക്താവിന് ലഭിക്കുന്ന ഒടിപിയും തന്ത്രപരമായ കൈക്കലാക്കിയ ശേഷം എക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നു

പണം സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥന: സംരംഭകനായ, അല്ലെങ്കില്‍ വില്‍പ്പനക്കാരനായ നിങ്ങള്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ ഒരു ഉല്‍പ്പന്നം പോസ്റ്റു ചെയ്യുകയാണെന്നിരിക്കട്ടെ. ഉപഭോക്താവ് എന്ന നിലയില്‍ തട്ടിപ്പുകാര്‍ നിങ്ങളെ ബന്ധപ്പെടുകയും നിങ്ങളുടെ ഉല്‍പ്പന്നം വാങ്ങാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്യും. എന്നാല്‍ വ്യക്തിഗതമായി സാധിക്കാത്തതിനാല്‍ ഒരു പേമെന്റ് ആപ്പ് മുഖേന പണം അയയ്ക്കുന്നതിന് താല്‍പ്പര്യപ്പെടുന്നതായും അവര്‍ നിങ്ങളെ അറിയിക്കും. ശേഷം നിങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന തുകയ്ക്കായി ഒരു കളക്റ്റ് കോള്‍ അഭ്യര്‍ത്ഥന തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് അയയ്ക്കുന്നു. കൂടാതെ ‘പണമടയ്ക്കുക’ (Pay) എന്ന ബട്ടണരികെ, നിങ്ങള്‍ ഇതില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍ പണം ലഭിക്കും എന്ന സന്ദേശവും നല്‍കുന്നു. ഇതൊരു വ്യാജ സന്ദേശമാണ്. നിങ്ങള്‍ പണം അടയ്ക്കുക ( Pay) എന്നുള്ള ബട്ടണ്‍ അമര്‍ത്തുകയോ, നിങ്ങളുടെ യുപിഐ പിന്‍ നല്‍കുകയോ ചെയ്യരുത്. മിക്കവാറും പേമെന്റ് ആപ്പിന്റെയോ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെയോ ലോഗോ, പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചായിരിക്കും ഈ രീതിയിലുള്ള തട്ടിപ്പുകള്‍ നടക്കുക (ചിത്രം 1 നോക്കുക).

മൂന്നാം കക്ഷി ആപ്പുകള്‍: പേമെന്റ് ആപ്പില്‍ അല്ലെങ്കില്‍ ട്രാന്‍സാക്ഷനില്‍ ഒരു പ്രശ്‌നം നേരിടുന്നതായി കാണിച്ചുകൊണ്ട്, തട്ടിപ്പുകാര്‍ ഉപയോക്താക്കളുമായി ബന്ധപ്പെടാറുണ്ട്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുന്നതിന്, സ്‌ക്രീനില്‍ കാണിച്ചിരിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെടും. ഉപയോക്താക്കളുടെ കാര്‍ഡ്, ബാങ്ക് വിശദാംശങ്ങള്‍, യുപിഐ പിന്‍ അല്ലെങ്കില്‍ ഒടിപി എന്നിവ ഇവര്‍ ചോദിക്കില്ല. പകരം പേമെന്റ് ആപ്പിന് ഉപയോക്താവിന്റെ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വ്യക്തമായി സ്‌കാന്‍ ചെയ്യാനവസരമൊരുക്കുന്നതിനായി അവരുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ക്യാമറയ്ക്ക് മുമ്പില്‍ കാണിക്കാന്‍ ആവശ്യപ്പെടും. തട്ടിപ്പുകാര്‍ ഇപ്രകാരം ഉപയോക്താവിന്റെ കാര്‍ഡ് നമ്പറും സിവിവി കോഡും റെക്കോഡു ചെയ്യുകയും, എസ്എംഎസ് മുഖേന ഒടിപി അയച്ചുകൊണ്ട് സ്വന്തം എക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്യുന്നു.

സിം സ്വാപ്പ് ഫ്രോഡ്: തട്ടിപ്പുകാര്‍ നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പുതിയ സിം കാര്‍ഡ് കരസ്ഥമാക്കുന്നു. ശേഷം നിങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റര്‍ പ്രതിനിധി എന്ന വ്യാജേന നിങ്ങളെ വിളിക്കുകയും, നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന്, ലഭിച്ചിരിക്കുന്ന ഒരു എസ്എംഎസ് ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. നിങ്ങളുടെ പുതിയ സിം കാര്‍ഡിന്റെ പുറകിലുള്ള 20 അക്ക നമ്പര്‍ ഈ എസ്എംഎസില്‍ അടങ്ങിയിട്ടുണ്ടാകും. ഈ എസ്എംഎസ് നിങ്ങളുടെ നിലവിലെ സിം കാര്‍ഡിനെ നിഷ്‌ക്രിയമാക്കുകയും തട്ടിപ്പുകാര്‍ അനധികൃതമായി നേടിയെടുത്ത സിമ്മിനെ ആക്റ്റിവേറ്റ് ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ഫോണ്‍ നമ്പറിലേക്കും നിങ്ങളുടെ എസ്എംഎസിലേക്കുമുള്ള ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു, അവര്‍ നിങ്ങളുടെ ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ ഉപയോഗിച്ച്, പണം കൈക്കലാക്കുകയും ചെയ്യുന്നു.

വ്യാജ വ്യാപാരികള്‍

ഒരു വ്യാപാരി, സാധനങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന ഒരു വെബ്‌സൈറ്റ് സെറ്റുചെയ്യുന്നു. അതില്‍ നല്‍കിയിരിക്കുന്ന കമ്പനി വിലാസം, കോണ്‍ടാക്റ്റ് നമ്പര്‍, റദ്ദാക്കലിനുള്ള നയങ്ങള്‍ എന്നിവയെല്ലാം വ്യാജമായിരിക്കും. ഉപഭോക്താക്കളില്‍ നിന്നുള്ള പേമെന്റുകള്‍ സ്വീകരിക്കുന്നതിനായുള്ള ഒരു പേമെന്റ് ഗേറ്റ്‌വേയുമായി പങ്കാളിത്തം സ്ഥാപിക്കുക എന്നതാണ് പിന്നീട് ഈ വ്യാജവ്യാപാരി ചെയ്യുക. പേമെന്റ് ഗേറ്റ്‌വേകള്‍ അല്ലെങ്കില്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍, വ്യാപാരികളെക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമേ അവരുടെ സേവനം നല്‍കാറുള്ളൂ. ഈ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കുന്നതിന്, എന്‍ഇഎഫ്ടി മുഖേന പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഒരു വ്യക്തിഗത ബാങ്ക് അക്കൗണ്ട് സൃഷ്ടിക്കും. അല്ലെങ്കില്‍ വ്യാപാരികള്‍ക്കായുള്ള ക്യുആര്‍ കോഡിന് പകരം വ്യക്തിഗത ക്യുആര്‍ കോഡ് ഉപയോഗിക്കുന്നു. ഇത്തരത്തില്‍ അംഗീകൃത പേമെന്റ് ഗേറ്റ്‌വേയെന്ന് തോന്നിപ്പിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കിയെടുത്ത ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ ബിസിനസിനെ പ്രൊമോട്ടുചെയ്ത് ഉപഭോക്താക്കളെ വലയിലാക്കുന്നതിനായി കാത്തിരിക്കുന്നു.

ഇത്തരം തട്ടിപ്പുകാരില്‍ നിന്ന് രക്ഷനേടാന്‍ ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗങ്ങളാണ് ഇനി വിവരിക്കുന്നത്.

ഉപഭോക്താക്കള്‍ ചെയ്യേണ്ടത്

$ നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളോ ഒടിപിയോ അല്ലെങ്കില്‍ ലഭിച്ചിട്ടുള്ള മറ്റ് കോഡുകളോ (കാര്‍ഡ് നമ്പര്‍, കാലഹരണപ്പെടല്‍ തീയതി, പിന്‍) ആരുമായും പങ്കിടരുത്.

$ നിങ്ങളുടെ ബാങ്കില്‍ നിന്ന് അല്ലെങ്കില്‍ മൊബൈല്‍ ഓപ്പറേറ്ററില്‍ നിന്ന് ഇമെയില്‍ സന്ദേശങ്ങളോ എസ്എംഎസുകളോ വരികയാണെങ്കില്‍ അത് ബാങ്കിന്റെ/ ടെലികോം ഓപ്പറേറ്ററുടെ ഔദ്യോഗിക വിലാസത്തില്‍ നിന്നുള്ളതാണെന്നത് ഉറപ്പാക്കുക.

$ നിങ്ങളുടെ എക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് ഇ-മെയില്‍ അല്ലെങ്കില്‍ എസ്എംഎസ് അറിയിപ്പുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

$ പതിവായി നിങ്ങളുടെ ബാങ്ക് പണമിടപാടുകള്‍ പരിശോധിക്കുക.

$ എല്ലാ ഷോപ്പിംഗ് വെബ്‌സൈറ്റുകളേയും വിശ്വസിക്കരുത്. ഉല്‍പ്പന്നം വാങ്ങുന്നതിന് മുമ്പ്, ഉപഭോക്താക്കള്‍ നല്‍കിയിരിക്കുന്ന പ്രതികരണങ്ങളും അവലോകനങ്ങളും വെബ്‌സൈറ്റിന്റെ സോഷ്യല്‍ മീഡിയ പേജും (ലഭ്യമാണെങ്കില്‍) പരിശോധിക്കുക. വിശ്വസ്തമായ ഷോപ്പിംഗ് വെബ്‌സൈറ്റ് അല്ലെങ്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമാത്രം സാധനങ്ങള്‍ വാങ്ങുക.

$ ഒരു പേമെന്റ് ആപ്പില്‍ നിന്നും പണം സ്വീകരിക്കുന്നതിന് ‘Pay’ എന്നത് ക്ലിക്കുചെയ്യുന്നതിനോ, നിങ്ങളുടെ യുപിഐ പിന്‍ നല്‍കേണ്ടതായോ ഇല്ല. ഒരു യഥാര്‍ത്ഥ ഉപഭോക്താവിന്, നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് പണം നല്‍കാനാകും

$ നിങ്ങള്‍ക്ക് ഒരു വ്യാജ കളക്റ്റ് കോള്‍ അഭ്യര്‍ത്ഥന ലഭിക്കുകയാണെങ്കില്‍, ആപ്പിലെ കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടുക

$ വ്യാജ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. നിര്‍ദ്ദിഷ്ട സ്ഥാപങ്ങള്‍ക്കുള്ള കസ്റ്റമര്‍ കെയര്‍ നമ്പര്‍, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലോ ലഭ്യമാണ്.

$ ഇ-മെയില്‍ ലഭിക്കുകയാണെങ്കില്‍ അതിന്റെ ഡൊമെയ്ന്‍ പരിശോധിക്കുക. അത് [XYZ]@gmail.com എന്ന രീതിയിലുള്ള ഡൊമെയ്‌നില്‍ നിന്നോ മറ്റ് ഇ-മെയില്‍ ദാതാക്കളില്‍ നിന്നോ ഉള്ളതാണെങ്കില്‍ അവഗണിക്കുക. പ്രധാനമായും ആ ഇ-മെയില്‍, ഡൊമെയ്ന്‍ ബാങ്കിന്റെ യഥാര്‍ത്ഥ ഡൊമെയ്‌നുമായി പൊരുത്തമുള്ളതാണോ എന്നത് പരിശോധിക്കുക. എല്ലാ ബാങ്ക് ഇ-മെയിലുകളും സുരക്ഷിതമായ ‘https’ ഡൊമെയ്‌നില്‍ നിന്നും ഉള്ളതാണ്.

$ നിങ്ങളുടെ കാര്‍ഡ് അല്ലെങ്കില്‍ എക്കൗണ്ട് വിശദാംശങ്ങള്‍ തട്ടിയെടുക്കപ്പെട്ടുവെങ്കില്‍, പേമെന്റ് ആപ്പിന്റെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവ് ടീമിന് ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുക. നിങ്ങളുടെ ബാങ്കിലും ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയിക്കുക. ഒപ്പം അടുത്തുള്ള സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട്, പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.

വ്യാപാരികള്‍ ചെയ്യേണ്ടത്

$ അംഗീകൃത പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുമായി മാത്രം പങ്കാളിത്തമുണ്ടാക്കുക
$ പണമിടപാടുകളും രഹസ്യാത്മക വിവരങ്ങളടങ്ങിയ ഇ-മെയിലുകളും എന്‍ക്രിപ്റ്റ് ചെയ്യുക
$ ടോക്കണുകളും ലോഗിന്‍ പാസ്വേഡുകകളും പതിവായി മാറ്റുക
$ രഹസ്യാത്മക വിവരങ്ങളുടെ ആക്‌സസ്സുമായി ബന്ധപ്പെട്ട് ഒരു നയം പ്രഖ്യാപിക്കുക
$ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്, സ്ഥിരമായി സുരക്ഷാ പരിശോധനങ്ങള്‍ നടത്തുക
$ പര്‍ച്ചേസുകള്‍ ചെയ്യുന്നതിന് മുമ്പ് ഒരു വ്യക്തിഗത എക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഉപയോക്താക്കളോട് ആവശ്യപ്പെടുക.

Categories: FK Special, Slider
Tags: fraud