വീണ്ടും കര്‍’നാടകം’

വീണ്ടും കര്‍’നാടകം’

തെരഞ്ഞെടുപ്പിന് ശേഷം ജനവിധിക്കെതിരായി രൂപീകരിക്കപ്പെടുന്ന ചേര്‍ച്ചയില്ലാത്ത മോരും മുതിരയും സഖ്യങ്ങള്‍ വാസ്തവത്തില്‍ നാടിനെ പിന്നോട്ടു വലിക്കുന്നതായാണ് കണ്ടുവരുന്നത്

രാഷ്ട്രീയ നാടകങ്ങള്‍ക്കും കുതികാല്‍ വെട്ടിനും കുതിരക്കച്ചവടങ്ങള്‍ക്കും കോടീശ്വരന്‍മാരുടെ ഇടപെടലുകള്‍ക്കും പേരുകേട്ട കര്‍ണാടക രാഷ്ട്രീയം ഒരിക്കല്‍ കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഭരണകക്ഷികളുടെ എംഎല്‍എമാരുടെ കൂട്ടരാജി സംസ്ഥാനത്ത് അധികാരത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ ദിനങ്ങളെണ്ണപ്പെട്ടെന്ന പ്രതീതിയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇരു പാര്‍ട്ടികളില്‍ നിന്നും അസന്തുഷ്ടരായ 14 മന്ത്രിമാരും എംഎല്‍എമാരാണ് രാജി വെച്ചിരിക്കുന്നത്. രാഷ്ട്രീയവും ഭരണപരവുമായ പ്രതിസന്ധി ഇതോടെ പരകോടിയിലെത്തി. കടുത്ത വരള്‍ച്ചയിലും മറ്റും ജനങ്ങള്‍ വലയുന്നതിനിടെയാണ് രാജ്യത്തിന്റെ ഐടി ഹബ്ബെന്ന് അറിയപ്പെടുന്ന സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ അസ്ഥിരത ഉരുണ്ടുകൂടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താനാണ് 79 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസും 37 സീറ്റുകള്‍ നേടിയ എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസും കൈകോര്‍ത്തത്. ബിഎസ്പിയുടെ ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയില്‍ സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു. 225 അംഗ നിയമസഭയില്‍ 118 എംഎല്‍എമാരുടെ പിന്തുണയോടെ 2018 മേയ് 23 ന് ദേവഗൗഡയുടെ പുത്രന്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനായെങ്കിലും ബിജെപിക്ക് കപ്പിനും ചുണ്ടിനുമിടയ്ക്ക് മോഹഭംഗം സംഭവിച്ചു.

എന്നാല്‍ സ്ഥിതിഗതികള്‍ വളഷാവാന്‍ അധികം വൈകിയില്ല. അധികാരമേറ്റെടുത്ത് രണ്ടാം മാസം തന്നെ താന്‍ കാളകൂടവിഷം ഇറക്കാനോ തുപ്പാനോ പറ്റാതായ പരമശിവനെ പോലെയാണെന്ന് കുമാരസ്വാമി തുറന്നുപറഞ്ഞു. പിന്നീടുള്ള മാസങ്ങളില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഭരിക്കാനനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പലവട്ടം വിലപിച്ചു. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്ക് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായ മേയ് 23 ന് ഇടിത്തീ പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സഖ്യത്തിനുമേല്‍ നിപതിച്ചു. 28 ല്‍ 25 സീറ്റുകള്‍ നേടി ബിജെപി സംസ്ഥാനം തൂത്തുവാരി. ദള്‍-കോണ്‍ഗ്രസ് സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ ഇത് കൂടുതല്‍ വഷളാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുകൊണ്ട് രാഷ്ട്രീയ സന്യാസം സ്വീകരിച്ച വ്യക്തിയെപ്പോലെ രാഹുല്‍ ഗാന്ധി പെരുമാറിയതോടെ കര്‍ണാടകത്തിലെ പ്രശ്‌നങ്ങളും പിടിവിട്ടുപോയി. എംഎല്‍എമാരുടെ രാജി വേഗത്തിലാക്കിയത് ഇതാണ്. വിളക്കിച്ചേര്‍ക്കാനാവാത്ത വിധം വിള്ളല്‍ ദള്‍-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണുകഴിഞ്ഞു. അധികാരം തിരികെ പിടിക്കാനുള്ള മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തന്ത്രമാണിതെല്ലാമെന്ന് ദള്‍ കണക്കുകൂട്ടുന്നു. മറുവശത്ത് അവസരം മുതലെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ക്യാംപ് ഉഷാറായിട്ടുണ്ട്. 2008 ല്‍ പ്രതിപക്ഷ എംഎല്‍എമാരെ ഒന്നൊന്നായി രാജി വെപ്പിച്ച് ഓപ്പറേഷന്‍ താമരയിലൂടെ അധികാരം നിലനിര്‍ത്തിയ വ്യക്തിയാണ് യദിയൂരപ്പ. എന്നാല്‍ ഈ പരിപാടിക്ക് ശേഷം ബിജെപിക്ക് സംസ്ഥാന ഭരണം കിട്ടിയിട്ടില്ല. ഇത്തവണ ഏതായാലും കുതിരക്കച്ചവടത്തിനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി കരേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്നും സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്നുമാണ് ഇപ്പോള്‍ ബിജെപി അവകാശപ്പെടുന്നത്.

പതിവ് രാഷ്ട്രീയ നാടകങ്ങള്‍, സുസ്ഥിര ഭരണവും വികസനവുമെന്ന സംസ്ഥാനത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവുന്നതാണ് എല്ലായ്‌പോഴും കാണുന്നത്. ജമ്മു-കശ്മീര്‍ കഴിഞ്ഞാല്‍ രാഷ്ട്രീയ അസ്ഥിരത ഏറ്റവുമധികമുള്ള സംസ്ഥാനമായി കര്‍ണാടകം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം ജനവിധിക്കെതിരായി രൂപീകരിക്കപ്പെടുന്ന ചേര്‍ച്ചയില്ലാത്ത മോരും മുതിരയും സഖ്യങ്ങള്‍ വാസ്തവത്തില്‍ നാടിനെ പിന്നോട്ടു വലിക്കുന്നതായാണ് കണ്ടുവരുന്നത്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള കക്ഷികളുടെ സംയോജനം ഭരണത്തെ കുട്ടിച്ചോറാക്കും. ജമ്മു-കശ്മീരില്‍ തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച പിഡിപി-ബിജെപി സഖ്യവും കര്‍ണാടകയിലെ ദള്‍-കോണ്‍ഗ്രസ് സഖ്യവും ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

Categories: Editorial, Slider