‘ഡാര്‍ക്ക് മണി’ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പ്രചാരണം രാഷ്ട്രീയ ആയുധമാക്കുന്നു

‘ഡാര്‍ക്ക് മണി’ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പ്രചാരണം രാഷ്ട്രീയ ആയുധമാക്കുന്നു

ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നു വിദേശശക്തികള്‍ ഇടപെടുന്നത് പ്രധാനമായും മൂന്ന് രീതികളിലാണ്. ഒന്ന് സൈബര്‍ പ്രവര്‍ത്തനങ്ങളിലൂടെ, രണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട്, മൂന്നാമത്തെ രീതി ഡാര്‍ക്ക് മണി ഉപയോഗിച്ചുമാണ്. യുഎസില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡാര്‍ക്ക് മണി വലിയ തോതില്‍ ഉപയോഗിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഭീഷണിയാകുമെന്നാണു കരുതപ്പെടുന്നത്.

2018 നവംബറില്‍ യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് അരങ്ങേറിയപ്പോള്‍ വെര്‍ജീനിയയിലെ 10-ാം കോണ്‍ഗ്രെഷണല്‍ ഡിസ്ട്രിക്റ്റില്‍ നടന്നത് രാജ്യം ഉറ്റുനോക്കിയ വാശിയേറിയ പോരാട്ടമായിരുന്നു. ഡമോക്രാറ്റായ ജെന്നിഫര്‍ വെക്‌സ്ടണും (Jennifer Wexton), റിപ്പബ്ലിക്കനായ ബാര്‍ബര കോംസ്റ്റോക്കും (Barbara Comstock) തമ്മിലായിരുന്നു മത്സരം. ബാര്‍ബരയെ പരാജയപ്പെടുത്തി ജെന്നിഫര്‍ വിജയക്കൊടി പാറിക്കുകയും ചെയ്തു. ഡമോക്രാറ്റായ ജെന്നിഫറിന്റെ വിജയത്തേക്കാളുപരി അന്നു ചര്‍ച്ചയായത്, അവര്‍ക്കെതിരേ നവമാധ്യമങ്ങളില്‍, പ്രത്യേകിച്ചു ഫേസ്ബുക്കില്‍ നടന്ന പ്രചരണമായിരുന്നു. ‘കിറുക്കുള്ള വെക്‌സ്ടണ്‍ വേണ്ട’ എന്നര്‍ഥമുള്ള ‘Wacky Wexton Not’ ഫേസ്ബുക്ക് പേജ് പ്രചരണത്തിനിടെ ജെന്നിഫര്‍ വെക്‌സ്ടണിന്റെ എതിരാളികള്‍ രൂപപ്പെടുത്തി. തുടര്‍ന്നു നാസി സൈനികരുടെ സമീപത്ത് നില്‍ക്കുന്ന ജെന്നിഫറിന്റെ ചിത്രം ഫേസ്ബുക്ക് പേജിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. തവിട്ട് നിറത്തിലുള്ള ആധുനിക ഷര്‍ട്ടുകള്‍ എന്നാണ് നാസി സൈനികരെ വിശേഷിപ്പിച്ചത്. അവര്‍ ജെന്നിഫറിന്റെ പിന്തുണക്കാരാണെന്നും വിശേഷിപ്പിച്ചു. ജെന്നിഫറിനെ ദുഷ്ട സോഷ്യലിസ്റ്റ് (evil socialist) എന്നു മുദ്രകുത്തി. അവര്‍ തിന്മയാണ്. അവര്‍ അമേരിക്കയെ വെറുക്കുന്നു. അവര്‍ നിങ്ങളെ വെറുക്കുന്നു എന്നും ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യ ചിത്രത്തില്‍ കുറിച്ചു. ഈ പരസ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയോ, ഗ്രൂപ്പോ ആരാണെന്നതു ഫേസ്ബുക്കിന് അറിയാം. എന്നാല്‍ പൊതുജനത്തിന് അറിയാന്‍ സാധിച്ചില്ല. ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ (political ads) പ്രസിദ്ധീകരിക്കണമെങ്കില്‍ ഏത് ഉപയോക്താവാണ്, അല്ലെങ്കില്‍ സംഘടനയാണു പരസ്യം പ്രസിദ്ധീകരിക്കുന്നതെന്നു വിശദീകരിക്കേണ്ടതുണ്ട്.

രാഷ്ട്രീയ പരസ്യത്തിനായി പണം ചെലവഴിക്കുമ്പോള്‍ ആരാണ് പരസ്യത്തിനു പണം അടയ്ക്കുന്നതെന്നു ഫേസ്ബുക്ക് ചോദിക്കാറുണ്ട്. ഈ കോളത്തില്‍ ഫേസ്ബുക്ക് യൂസറിന്റെയോ, പേജിന്റെയോ പേര് തന്നെ നല്‍കണമെന്നുമില്ല. ഇഷ്ടമുള്ള പേരോ, വാചകങ്ങളോ ഉപയോഗിക്കാം. ഇനി യഥാര്‍ഥ പേര് തന്നെ നല്‍കിയാലും ഫേസ്ബുക്ക് ഇത് പുറത്തുവിടില്ല. യൂസറുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ അവ വെളിപ്പെടുത്താനാവില്ലെന്നാണു ഫേസ്ബുക്ക് സ്വീകരിച്ചിരിക്കുന്ന നയം. ഈയൊരു പഴുതാണു ജെന്നിഫറിനെതിരേ എതിരാളികള്‍ പ്രയോജനപ്പെടുത്തിയത്.മേല്‍ സൂചിപ്പിച്ച രാഷ്ട്രീയ പരസ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ‘ഭരണഘടനയിലെ ഒന്നും, രണ്ടും ഭേദഗതിയിലൂടെ പരിരക്ഷിച്ചിട്ടുള്ള നിയമം ശരിയായി വിനിയോഗിക്കുന്ന, സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്ന അമേരിക്കന്‍ പൗരന്‍ ്’ എന്നാണു പരസ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്ന ഫേസ്ബുക്കിന്റെ ഫണ്ടിംഗ് ഡിസ്‌ക്ലെയ്മര്‍ (funding disclaimer) വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. പരസ്യം ആരാണ് നല്‍കിയതെന്നതിനെ കുറിച്ചു മറ്റ് വിവരങ്ങളൊന്നും തന്നെ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

പക്ഷേ, ഈ ചെറിയ സംഭവം 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ ഒരു വലിയ പ്രശ്‌നത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. എളുപ്പത്തില്‍ ചൂഷണം ചെയ്യാവുന്ന പഴുതുകളിലൂടെ അഥവാ ഉറവിടം കണ്ടെത്താനാവാത്ത ഇരുണ്ട പണം (dark money) ഉപയോഗിച്ചു ഫേസ്ബുക്കില്‍ പ്രചാരണം നടത്താന്‍ സാധിക്കുമെന്നതാണ് ആ വലിയ പ്രശ്‌നം. യുഎസ് രാഷ്ട്രീയത്തില്‍, ഡാര്‍ക്ക് മണി എന്നത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അഥവാ എന്‍ജിഒകള്‍ രാഷ്ട്രീയ പ്രചരണത്തിനായി ചെലവഴിക്കുന്ന പണമാണ്. ഈ സംഘടനകള്‍ക്ക് സംഭാവനയായി ലഭിച്ച പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തേണ്ടതില്ല. കോര്‍പറേറ്റുകളില്‍നിന്നോ, വ്യക്തികളില്‍നിന്നോ പരിധിയില്ലാത്ത അത്രയും തുക ഈ എന്‍ജിഒകള്‍ക്കു സംഭാവനയായി സ്വീകരിക്കാനാവും. 2020-ല്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും, യാഥാസ്ഥിതിക മാധ്യമങ്ങളുടെയും ആയുധമെന്നു വിശേഷിപ്പിക്കുന്നത് ഡാര്‍ക്ക് മണി ഉപയോഗിച്ചു ഫണ്ട് ചെയ്യുന്ന ഫേസ്ബുക്ക് പരസ്യങ്ങളായിരിക്കും. ഒരു വലതുപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതും, 2020-ല്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറാന്‍ ശ്രമിക്കുന്നതും ഡാര്‍ക്ക് മണി ഉപയോഗിച്ചു നടത്തുന്ന പരസ്യത്തിലൂടെയാണ്. ഇതു ശക്തമായൊരു രാഷ്ട്രീയ ആയുധമായിരിക്കുന്നു.

2018 മേയ് വരെയുള്ള കണക്ക്പ്രകാരം ഫേസ്ബുക്കില്‍ രാഷ്ട്രീയ പ്രചാരണം നടത്താന്‍ 600 ദശലക്ഷം ഡോളര്‍ ചെലവഴിച്ചെന്നാണ് സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഉപയോഗിച്ച ഡാര്‍ക്ക് മണി എത്ര വരുമെന്നതിനെക്കുറിച്ചു വ്യക്തതയില്ല. ഡാര്‍ക്ക് മണി പരസ്യങ്ങള്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. ഒരു വിഭാഗമെന്നു പറയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന എന്‍ജിഒകളുടെ സഹായത്തോടെ നടത്തുന്ന പ്രചരണം. ഇത്തരം പ്രചരണങ്ങള്‍ക്ക് വിനിയോഗിക്കുന്ന പണത്തിന്റെ സ്രോതസിനെ കുറിച്ചു വ്യക്തതയുണ്ടാകും. രണ്ടാമത്തേത് എന്നു പറയുന്നത് അജ്ഞാതമായ കേന്ദ്രങ്ങളില്‍നിന്നുള്ള ഫണ്ടിംഗിലൂടെ നടത്തുന്ന പ്രചരണം. ഇതിന്റെ ഫണ്ടിംഗ് നടത്തുന്നത് ആഭ്യന്തരതലത്തില്‍നിന്നോ, വിദേശത്തുനിന്നോ ആകാം. ഒരു വ്യക്തിയോ, ഒരു സംഘടനയോ ആകാം. പണം ചെലവഴിക്കുന്നവരെ കുറിച്ച് വ്യക്തത ചിലപ്പോള്‍ ഉണ്ടാവില്ല. ഇന്ന് വലത് ഇടത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അജണ്ടകളും ഉള്ളടക്കവും പ്രചരിപ്പിക്കുന്നതിനു ഡാര്‍ക്ക് മണി ഉപയോഗിക്കുന്നുണ്ട്. യാഥാസ്ഥിതിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും ട്രംപിനെ പ്രശംസിക്കുന്നതിനും ലിബറല്‍ രാഷ്ട്രീയക്കാരെ ആക്രമിക്കുന്നതിനും ഒന്നിലധികം ഫേസ്ബുക്ക് പേജുകള്‍ക്ക് രൂപം കൊടുത്തു കൊണ്ടാണ് അമേരിക്കയിലെ വലത് രാഷ്ട്രീയക്കാര്‍ പ്രചരണം നടത്തുന്നത്.

Comments

comments

Categories: Top Stories