നാരങ്ങവെള്ളം കുപ്പിയിലാക്കിയ കുട്ടിസംരംഭക

നാരങ്ങവെള്ളം കുപ്പിയിലാക്കിയ കുട്ടിസംരംഭക

പതിനൊന്നാം വയസില്‍ സ്വന്തം കമ്പനിക്ക് തുടക്കമിട്ട മികൈല ഉമര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച സാമൂഹ്യ സംരംഭകയായി മാറി. തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം പരമ്പരാഗത റെസിപ്പിയില്‍ തയാറാക്കിയാണ് വിറ്റഴിച്ചാണ് ഈ കൊച്ചു സംരംഭക വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. തേനീച്ച വളര്‍ത്തലിനും അവയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പദ്ധതികളും ഏറ്റെടുത്തു നടത്തുന്നുണ്ട്

സംരംഭക രംഗത്തേക്ക് കുട്ടികള്‍ കടന്നുവരുന്നത് അപൂര്‍വമാണ്. എന്നാല്‍ അമേരിക്കയില്‍ ഓസ്റ്റിന്‍ സ്വദേശിനിയായ മികൈല ഉമര്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ സംരംഭകയായി മാറിയിരിക്കുന്നു. നാലു വയസുള്ളപ്പോള്‍ വീട്ടുകാര്‍ പഠിപ്പിച്ച ചെറിയൊരു പാചകമാണ് അവളെ ലോകം അറിയപ്പെടുന്ന കുട്ടി സംരംഭകയാക്കി മാറ്റിയത്. ഇന്ന് പതിനാലാം വയസില്‍ സാമൂഹ്യ സംരംഭക, ബീ അംബാസഡര്‍, പ്രഭാഷക, മനുഷ്യസ്‌നേഹി, വിദ്യാര്‍ത്ഥി എന്നിങ്ങനെ റോളുകള്‍ ഏറെയുണ്ട് ഈ പെണ്‍കുട്ടിക്ക്. തേനീച്ച വളര്‍ത്തല്‍ പാഷനാക്കി അതു പിന്നീട് മറ്റൊരു സംരംഭത്തിലേക്ക് വഴിതിരിച്ചുവിട്ടാണ് മികൈല സ്‌കൂള്‍ പഠനത്തിടെ സ്വന്ത സംരംഭത്തിന് തുടക്കമിട്ടത്.

മി ആന്‍ഡ് ദി ബീസ് ലെമണൈഡ് എന്ന കമ്പനിയുടെ സ്ഥാപകയാണ് മികൈല ഉമര്‍. മികൈലയുടെ സ്പഷല്‍ ഫ്‌ളേവര്‍ ചേര്‍ത്ത് നാരങ്ങാവെള്ളം കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്. ദിനംപ്രതി അഞ്ഞൂറില്‍പ്പരം കടകളിലൂടെയാണ് ഈ കൊച്ചു മിടുക്കി സ്വന്തം ബ്രാന്‍ഡ് വിറ്റഴിക്കുന്നത്.

തേനീച്ച വളര്‍ത്തലും കച്ചവടവും

പതിനൊന്നാം വയസില്‍ ഒരു കുടുംബ ബിസിനസ് ആയാണ് മി ആന്‍ഡ് ദി ബീസ് ലെമണൈഡ് മികൈല സ്ഥാപിച്ചത്. കുട്ടിക്കാലത്ത് തേനീച്ച കുത്താനിടയായ ഒരു സംഭവമാണ് ഈ പെണ്‍കുട്ടിയെ പില്‍ക്കാലത്ത് ഒരു സംരംഭത്തിന്റെ അമരക്കാരിയാക്കിയത്. നാലാം വയസില്‍ കുട്ടികളുടെ ബിസിനസ് മേളയില്‍ പങ്കെടുക്കുന്നതിനായി എന്തെങ്കിലും പാചകം ചെയ്തു പഠിക്കാന്‍ വീട്ടുകാര്‍ പ്രേരണ ചെലുത്തിക്കൊണ്ടിരിക്കുന്ന സമയം. അക്കാലത്ത് മുതുമുത്തശ്ശി അവരുടെ പരമ്പരാഗത പാചകക്കുറിപ്പുകള്‍ അടങ്ങിയ ബുക്ക് വീട്ടിലേക്ക് അയയ്ക്കുകയുണ്ടായി. ഇതിനിടെ മികൈലിന് തേനീച്ച കുത്തല്‍ ഏല്‍ക്കുകയും ചെയ്തു. ഒന്നല്ല, രണ്ടു തവണ തേനീച്ചയുടെ കുത്തേല്‍ക്കുകയുണ്ടായി. പിന്നീട് ഇവയെ ഭയമായി. ആ ഭയം മാറ്റിയെടുക്കുന്നതിനായി തേനീച്ചകളെ കുറിച്ച് ഒരു പ്രോജക്ട് തന്നെ ചെയ്യാന്‍ അമ്മ അവളെ പ്രേരിപ്പിച്ചു. തേനീച്ചയുടെ സാന്നിധ്യം നമ്മുടെ ഭക്ഷ്യശൃംഖലയ്ക്ക് എത്രത്തോളം പ്രയോജനകരമാണെന്നും തേന്‍ ഉല്‍പ്പാദനം അമേരിക്കന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കുന്ന സംഭാവനയെ കുറിച്ചും അവള്‍ പഠിക്കുകയുണ്ടായി. അതോടെ തേനീച്ചയോടുള്ള പേടി മാറി മികൈല അവരുടെ കൂട്ടുകാരിയായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.

പരിസ്ഥിതിക്ക് തേനീച്ച എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നോര്‍മിപ്പിച്ചുകൊണ്ടാണ് മികൈലയുടെ ആ ഗവേഷണം പൂര്‍ത്തിയായത്. ഗവേഷണം കഴിഞ്ഞതോടെ മികൈലയിലെ സംരംഭക ഉണരുകയായിരുന്നു. നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് ഫ്‌ളേവര്‍ തയാറാക്കാനും മുതുമുത്തശ്ശിയുടെ പാചകം പഠിക്കാനും അവള്‍ തീരുമാനിച്ചു. പിന്നീടത് സംരംഭമാക്കി വളര്‍ത്തിയതിനൊപ്പം സ്വന്തമായി തേനീച്ച വളര്‍ത്തലിനും ഈ കൊച്ചു സംരംഭക തുടക്കമിട്ടു. ചെറിയൊരു സ്റ്റാന്റില്‍ വെച്ചു തുടങ്ങിയ നാരങ്ങാവെള്ളത്തിന്റെ വില്‍പ്പന, ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് പിസാ സ്റ്റോറിലേക്ക് വിപുലമാക്കിയത്. തേനിനു പുറമെ പുതിന, ഇഞ്ചി എന്നിങ്ങനെ വിവിധ ഫ്‌ളേവറുകളില്‍ നാരങ്ങാവെള്ളം വിപണിയിലിറക്കിയിട്ടുണ്ട്. സാരന്‍ ഫുഡാണ് സംരംഭത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ടെക്‌സസ്, ഓക്‌ലഹോമ, അര്‍ക്കന്‍സാസ്, ലൂസിയാന എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.

ലാഭത്തിന്റെ 10% തേനിച്ചകളുടെ സംരക്ഷണത്തിന്

തേനീച്ച കുത്തിയതില്‍ ഭയപ്പെട്ട പെണ്‍കുട്ടി തേനീച്ചയുടെ തന്നെ രക്ഷകയായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാനിടയായത്. സംരംഭത്തിന്റെ ലാഭത്തില്‍ നിന്നും ലഭിക്കുന്ന പത്തു ശതമാനം തേനീച്ചകളുടെ മരണനിരക്ക് കുറയ്ക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഹൈഫീര്‍ ഇന്റര്‍നാഷണലിലേക്ക് സംഭാവന ചെയ്യുന്നുമുണ്ട്. മികച്ച സാമൂഹ്യ സംരംഭകയായി മാറിയ ഈ കൊച്ചു മിടുക്കിയെ തേടി നിരവധി അവാര്‍ഡുകളും ബഹുമതികളും എത്തുകയുണ്ടായി. ഓസ്റ്റിന്‍ ബ്ലാക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നും ചെറു സംരംഭകയ്ക്കുള്ള ടീന്‍പ്രണര്‍ ഓഫ് ദി ഇയര്‍, അഫ്രിക്കന്‍ അമേരിക്കന്‍ ഹാര്‍വെസ്റ്റ് ഫൗണ്ടേഷന്‍ സ്റ്റോറി ചേഞ്ചര്‍ അവാര്‍ഡ്, എന്‍വിയോണ്‍മെന്റര്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സംരംഭക മികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനുമൊപ്പം വിരുന്നില്‍ പങ്കെടുക്കാനും ക്ഷണം ലഭിച്ചിരുന്നു.

മി ആന്‍ഡ് ദി ബീസ് ലെമണൈഡ് ബിസിനസ് വിപുലീകരണത്തിനും മറ്റുമായി പുറമെ നിന്നുള്ള നിക്ഷേപവും സ്വീകരിച്ചിട്ടുണ്ട്. ഫാഷന്‍ രംഗത്തെ പ്രമുഖനായ ഡെയ്മണ്ട് ജോണ്‍ ആണ് ചെറു സംരംഭകയുടെ കമ്പനിയില്‍ നിക്ഷേപമിറക്കിയത്. കമ്പനിയുടെ 25 ശതമാനം ഓഹരികളിലേക്ക് 60,000 ഡോളര്‍ അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്. സംരംഭകയുടെ പ്രായവും സംരംഭക മികവും കണക്കിലെടുത്ത് ബിസിനസ് ആവശ്യങ്ങള്‍ക്കായി ചെറു വായ്പകളും മിലൈകയ്ക്ക് ലഭിക്കാനിടയായി. കൊച്ചു സംരംഭകയ്ക്ക് എല്ലാവിധ പിന്തുണകളും നല്‍കിക്കൊണ്ട് കുടുംബം ഒന്നടങ്കം ഒപ്പമുണ്ട്. ”നേരിനൊപ്പം, മനസിനൊപ്പം പോകുക എന്ന രീതിയാണ് എനിക്കുള്ളത്. തേനീച്ച കുത്തിയ ഭയമാണ് ഞാന്‍ ഈ മേഖല പരിചയിക്കുന്നതിലേക്ക് നയിച്ചത്. പിന്നീടത് ഒരു സംരംഭമായി. ജീവിതത്തിലെ ഓരോ അനുഭവങ്ങളില്‍ നിന്നും നമുക്ക് അവസരങ്ങള്‍ ലഭിക്കും. അവസരങ്ങള്‍ നന്നായാല്‍ അതിനു പിന്നാലെ ഭയപ്പെടാതെ പോകുക,” ചുരുങ്ങിയ കാലംകൊണ്ടു പരിചയിച്ച സംരംഭകത്വത്തെ കുറിച്ച് കുട്ടിസംരംഭകയുടെ വാക്കുകള്‍.

Categories: FK Special, Slider