സൈബീരിയയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം;18 പേര്‍ കൊല്ലപ്പെട്ടു

സൈബീരിയയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം;18 പേര്‍ കൊല്ലപ്പെട്ടു

സൈബീരിയ: റഷ്യയുടെ വടക്കന്‍ പ്രവിശ്യയായ സൈബീരിയയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. സൈബീരിയയുടെ തെക്ക്കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 18 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഔദ്യോഗിക അറിയിപ്പ്. 13 പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ അധികം പേര്‍ മരിച്ചതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തര സാഹചര്യത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥയ്‌ക്കെതിരേ പ്രദേശവാസികള്‍ രോഷമുയര്‍ത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്നു നിരവധി വീടുകളും വളര്‍ത്തുമൃഗങ്ങളും ഒലിച്ചു പോയി. 83 ഗ്രാമങ്ങളിലായി 33,000-ത്തോളം പേരെയാണു വെള്ളപ്പൊക്കം ദുരിതത്തിലാഴ്ത്തിയത്. 40-ാളം ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സൈബീരിയയിലെ ഇര്‍ക്കുത്‌സ്‌ക് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2500-ാളം പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ദുരിതബാധിത മേഖലയിലേക്ക് 1,300-ാളം സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ജൂണ്‍ അവസാന ആഴ്ചയിലാണ് ഇര്‍ക്കുത്‌സ്‌ക് മേഖലയില്‍ കനത്ത മഴ പെയ്തത്. ഇതേ തുടര്‍ന്ന് പ്രദേശത്തുള്ള ഇയ്യ നദിയില്‍ ജലനിരപ്പ് ഏഴ് മീറ്ററോളം ഉയരുകയായിരുന്നു.

Comments

comments

Categories: World