ഭാവിയുടെ കണക്കുപുസ്തകം

ഭാവിയുടെ കണക്കുപുസ്തകം

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതൊരു സോപ്പിടല്‍ ബജറ്റല്ല, മറിച്ച് ഭാവിയെക്കരുതി പങ്കുവെച്ച അതീവ ഗൗരവസ്വഭാവമുള്ള പദ്ധതി രേഖയാണ്

1947 നവംബര്‍ 26 ന് സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് കൊച്ചി നാട്ടുരാജ്യത്തിന്റെ മുന്‍ ദിവാനായിരുന്ന ധനമന്ത്രി ആര്‍ കെ ഷണ്‍മുഖം ചെട്ടിയായിരുന്നു. ബ്രിട്ടീഷ് അതിക്രമത്തിന്റെയും വിഭജനമേല്‍പ്പിച്ച മുറിവുകളുടെയും ദാരുണമായ സംഭവങ്ങള്‍ അനാവൃതം ചെയ്തുകൊണ്ട് ഷണ്‍മുഖം ചെട്ടി ആരംഭിച്ച ആദ്യ ബജറ്റിലെ വരവ് 171 കോടി രൂപയും ചെലവ് 197 കോടിയുമായിരുന്നു. കോയമ്പത്തൂരില്‍ പിറന്ന ചെട്ടിയുടെ കൈയില്‍ നിന്ന് 72 വര്‍ഷങ്ങള്‍ക്കു ശേഷം മധുരയുടെ പുത്രിയായ നിര്‍മല സീതാരാമനിലേക്ക് രാജ്യത്തിന്റെ കണക്കുപുസ്തകം എത്തുമ്പോള്‍, മുഖവുരയിലെ ദുരിത പര്‍വങ്ങള്‍ അഞ്ച് ട്രില്യണ്‍ ഡോളറിലേക്കുള്ള സാമ്പത്തിക വളര്‍ച്ചയുടെ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു. കൊളോണിയല്‍ പാരമ്പര്യത്തെ പാടെ നിരാകരിച്ച്, ഇന്ത്യയുടെ തനത് വളര്‍ച്ചയുടെ കണക്കും കഥയും പറയുന്ന, ഭാവിയിലെ വികസന സ്വപ്‌നങ്ങള്‍ പങ്കു വെക്കുന്ന, വ്യക്തമായ ലക്ഷ്യങ്ങളിലേക്കൂന്നുന്ന പ്രത്യാശയുടെ പുസ്തകമാണ് 127 മിനിറ്റുകൊണ്ട് രാജ്യത്തിന്റെ ആദ്യ പൂര്‍ണസമയ വനിതാ ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ വായിച്ചു തീര്‍ത്തത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതൊരു സോപ്പിടല്‍ ബജറ്റല്ല, മറിച്ച് ഭാവിയെക്കരുതി പങ്കുവെച്ച അതീവ ഗൗരവസ്വഭാവമുള്ള പദ്ധതി രേഖയാണ്.

2.7 ട്രില്യണിലേക്ക് വളര്‍ന്നിരിക്കുന്ന, നടപ്പ് വര്‍ഷം മൂന്ന് ട്രില്യണ്‍ ഡോളറെത്താന്‍ പോകുന്ന സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്ന ബജറ്റാണിത്. അതുകൊണ്ടുതന്നെ കണക്കുകള്‍ കൊണ്ട് കണ്ണുതള്ളിക്കുന്ന പ്രഖ്യാപനങ്ങള്‍ കുറവാണ്. ഉള്ളത് യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം. പൊതു, സ്വകാര്യ സംരഭങ്ങള്‍ക്ക് വളര്‍ച്ചക്കാവശ്യമായ മൂലധനം ഉറപ്പാക്കുക, ചുവപ്പു നാടക്കുരുക്കുകള്‍ ഒഴിവാക്കി ബിസിനസ് സ്ഥാപനത്തെയും നടത്തിപ്പിനെയും ലളിതമാക്കുക, നിയമ തടസങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ അടിസ്ഥാന മേഖലകളിലൂന്നിയ ലളിതമായ ബജറ്റെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. വീടുകള്‍ മുതല്‍ കമ്പനികള്‍ വരെ നിക്ഷേപ നിരക്ക് കുറയുകയും ബാങ്കുകളില്‍ കിട്ടാക്കടം വര്‍ധിക്കുകയും മൂലധന ഇടിവും വായ്പാ പ്രതിസന്ധിയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൂലധന വര്‍ധനയെന്ന ഒറ്റമൂലി നിര്‍മല തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സംരംഭങ്ങളിലേക്കുള്ള വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) നിക്ഷേപക വിഹിതം ഉയര്‍ത്തിയും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തെ എഫ്പിഐയുമായി ലയിപ്പിച്ചും വ്യോമയാനം, ഇന്‍ഷുറന്‍സ്, മീഡിയ തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപക പരിധി (എഫ്ഡിഐ) ഉയര്‍ത്തിയും മൂലധന കണ്ടെത്തലിനുള്ള സത്വര ശ്രമങ്ങളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് നടത്തുന്നത്. ഓഹരി വിറ്റഴിക്കല്‍ തുടരുമെന്ന് വ്യക്തമാക്കുന്ന ബജറ്റ്, 1.05 ലക്ഷം കോടി രൂപ ഈയിനത്തില്‍ സമാഹരിക്കാമെന്ന പ്രതീക്ഷയും പങ്കിടുന്നു.

കടക്കെണിയില്‍ വീഴുകയും ഭവന വായ്പകളെ പ്രതിസന്ധിയിലാക്കുകയും ചെയ്ത എന്‍ബിഎഫ്‌സികളെ കൈപിടിച്ചുയര്‍ത്താന്‍ അവയ്ക്ക് വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി നല്‍കാനുള്ള തീരുമാനം ഏറെ ഗുണപരമാണ്. ഇതോടെ വാഹന, ഭവന, ഉപഭോക്തൃ വായ്പകള്‍ പുനരാരംഭിക്കാനുള്ള അവസരം എന്‍ബിഎഫ്‌സികള്‍ക്ക് ലഭിക്കും. അതേസമയം എന്‍പിഎ പ്രശ്‌നത്തില്‍ വലയുന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് പ്രഖ്യാപിച്ച ധനസഹായമായ 70,000 കോടി രൂപ അപര്യാപ്തമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് തലവേദനയായ എയ്ഞ്ചല്‍ ടാക്‌സ് വിഷയം പരിഹരിക്കാന്‍ തയാറായത് അഭിനന്ദനാര്‍ഹമാണ്. ഇന്‍ഹെറിറ്റന്റ് ടാക്‌സ് വരുമെന്ന ഭീതി ബജറ്റ് പ്രഖ്യാപനത്തോടെ ഒഴിവായി. അതേസമയം രണ്ട് കോടി രൂപക്ക് മുകളില്‍ വരുമാനമുള്ള സമ്പന്ന വിഭാഗത്തിന്റെ നികുതി വര്‍ധിച്ചു. ഇതിനെല്ലാമൊപ്പം പ്രധാന്‍മന്ത്രി ആവാസ് യോജനക്ക് കീഴില്‍ 1.05 കോടി വീടുകള്‍ കൂടി നിര്‍മിച്ച് ഭവനരഹിതരില്ലാത്ത ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള സ്‌നപ്‌നം ബജറ്റ് പങ്കുവെക്കുന്നു. 2022 ഓടെ എല്ലാവര്‍ക്കും വൈദ്യുതി, പാചകവാതകം, 2024 ഓടെ എല്ലാ വീടുകള്‍ക്കും കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകും. ഒരു ലക്ഷം രൂപ മുദ്ര ലോണടക്കം സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പദ്ധതികളും ബഹിരാകാശ നേട്ടങ്ങള്‍ വരുമാന സ്രോതസാക്കാന്‍ പ്രഖ്യാപിച്ച നടപടിയും ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യും. കന്നി ബജറ്റെന്ന നിലയില്‍ കൂടി ചിന്തിക്കുമ്പോള്‍ നിര്‍മല സീതാരാമന്റെ ‘ഹി ഖാത്ത’ കൈയടിക്ക് അര്‍ഹമാണ്.

Categories: Editorial, FK Special