പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍: വിജയിച്ചത് ഷംസുദ്ധീന്റെ ഒറ്റയാള്‍പോരാട്ടം

പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍: വിജയിച്ചത് ഷംസുദ്ധീന്റെ ഒറ്റയാള്‍പോരാട്ടം

ദുബായ്: ഒടുവില്‍ ഷംസുദ്ധീന്റെ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടിരിക്കുന്നു. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവാസി ബന്ധു ക്ഷേമ ട്രസ്റ്റ് ചെയര്‍മാനായ കെ വി ഷംസുദ്ധീന്‍ ഓടിയ ഓട്ടം വെറുതെയായില്ല. പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എത്തിയ ഉടന്‍ ആധാര്‍കാര്‍ഡ് നല്‍കുമെന്ന കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ഷംസുദ്ധീന്റെ പ്രയത്‌നങ്ങളുടെ കൂടി ഫലമാണ്.

പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ട മോദി സര്‍ക്കാരിന് ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നതായി ഷംസുദ്ധീന്‍ പറഞ്ഞു. നേരത്തെ പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് ലഭിക്കുന്നതിന് 182 ദിവസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് സമയം ഉണ്ടായിരുന്നു. ഈ നിബന്ധന എടുത്ത് കളഞ്ഞുകൊണ്ട് പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് മുഖേന ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ തന്നെ ആധാര്‍കാര്‍ഡ് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ബര്‍ജീല്‍ ജിയോജിത് ഡയറക്ടര്‍ കൂടിയായ ഷംസുദ്ധീന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം അയച്ച നിവേദനങ്ങള്‍ക്ക് കണക്കില്ല. പ്രവാസി ഭാരതീയ ദിവസിലും കേന്ദ്രമന്ത്രിമാര്‍ക്ക് മുമ്പിലും ഷംസുദ്ധീന്‍ ഈ ആവശ്യം ഉന്നയിച്ചു. മുന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇക്കാര്യം പരിഗണിക്കാമെന്ന് ഷംസുദ്ധീന് വാക്ക് നല്‍കിയിരുന്നു. കഴിഞ്ഞിടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് യുഎഇയിലെത്തിയപ്പോഴും ഷംസുദ്ധീന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. വിഷയം പ്രാധാന്യത്തോടെ വേണ്ടപ്പെട്ട അധികൃതരെ ധരിപ്പിക്കുമെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നതായി ഷംസുദ്ധീന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഷംസുദ്ധീന്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കി.

ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിനും പാന്‍കാര്‍ഡ് ലഭിക്കുന്നതിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും മൊബീല്‍ഫോണ്‍ സിം കാര്‍ഡ് എടുക്കുന്നതിനും വരെ പ്രവാസികള്‍ ഏറെ കഷ്ടത അനുഭവിച്ചിരുന്നു. എളുപ്പത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കുമെന്നതിനാല്‍ പ്രവാസികള്‍ക്ക് ഇനിമുതല്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യാമെന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഷംസുദ്ധീന്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

ആധാര്‍കാര്‍ഡിനായുള്ള അപേക്ഷാ നടപടി ക്രമങ്ങളും വിതരണ സൗകര്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ മുഖേന നടപ്പിലാക്കണമെന്നും ഷംസുദ്ധീന്‍ ആവശ്യപ്പെട്ടു. നിലവില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ഉപയോഗിച്ച് കൊണ്ടാണ് പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നത്. ഇതേ സംവിധാനത്തിലൂടെ ആധാറും ലഭ്യമാക്കാന്‍ കഴിയുമെന്ന് ഷംസുദ്ധീന്‍ പറഞ്ഞു. ഗള്‍ഫില്‍ ഉള്ള പ്രവാസികളെ പോലെ അമേരിക്ക, കാനഡ, ഓസ്്‌ട്രേലിയ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വന്ന് ആധാര്‍കാര്‍ഡ് എടുക്കുക പ്രായോഗികമല്ല. അതിനാല്‍ എംബസികളും കോണ്‍സുലേറ്റുകളും പോലുള്ള നയതന്ത്ര കാര്യാലയങ്ങള്‍ വഴി ആധാര്‍ ലഭ്യമാക്കുന്നത് പരിഗണിക്കണമെന്ന് ഷംസുദ്ധീന്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia

Related Articles