ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കും

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കും

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് എടുത്ത വായ്പയുടെ അടച്ച പലിശയിന്‍മേല്‍ ഒന്നര ലക്ഷം രൂപയുടെ ആദായ നികുതി ഇളവും പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : വൈദ്യുത വാഹനങ്ങള്‍ക്കുമേലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നികുതി നിരക്ക് കുറയ്ക്കണമെന്ന ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. നിലവില്‍ 12 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി. അഞ്ച് ശതമാനമായി നിരക്ക് കുറയുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ കുറേക്കൂടി താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയും. സാധാരണക്കാര്‍ക്കും ഇലക്ട്രിക് കാര്‍ കൂടുതല്‍ സാധ്യമാകും. ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കണമെന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

ജിഎസ്ടി നിരക്ക് കുറയുന്നതോടെ, ഇലക്ട്രിക് വാഹനങ്ങളിലുള്ള പരമ്പരാഗത വാഹന നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം വര്‍ധിക്കും. മഹീന്ദ്ര, ഹ്യുണ്ടായ്, ഔഡി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം അവരുടെ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. മാരുതി സുസുകിയുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷമാണ് പുറത്തിറക്കുന്നത്. ഇരുചക്ര വാഹന സെഗ്‌മെന്റിലെ കാര്യമാണെങ്കില്‍, അര്‍ബനൈറ്റ് ബ്രാന്‍ഡിലുള്ള സ്‌കൂട്ടറുകളുമായി ബജാജ് ഓട്ടോ വൈകാതെ ഇലക്ട്രിക് മൊബിലിറ്റി സെഗ്‌മെന്റില്‍ പ്രവേശിക്കും. ഒക്കിനാവ, ഏതര്‍, റിവോള്‍ട്ട് പോലുള്ള പുതിയ കമ്പനികള്‍ക്കും ബജറ്റ് പ്രഖ്യാപനങ്ങള്‍ ഗുണം ചെയ്യും. ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ഈ വര്‍ഷം പുറത്തിറക്കും.

ജിഎസ്ടി നിരക്ക് കുറച്ചതുകൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് എടുത്ത വായ്പയുടെ അടച്ച പലിശയിന്‍മേല്‍ ഒന്നര ലക്ഷം രൂപയുടെ ആദായ നികുതി ഇളവും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി വായ്പാ കാലയളവില്‍ ഓരോ വ്യക്തിക്കും രണ്ടര ലക്ഷം രൂപ ലാഭിക്കാന്‍ കഴിയുമന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ചില ഇലക്ട്രിക് വാഹന ഘടകങ്ങളെ കസ്റ്റംസ് തീരുവയില്‍നിന്ന് ഒഴിവാക്കി. നൂതനമായ ബാറ്ററി നിര്‍മ്മാണത്തെയും പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

രണ്ടാം ഘട്ട ഫെയിം പദ്ധതിക്കായി 10,000 കോടി രൂപയുടെ അനുമതി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയ കാര്യം ധനമന്ത്രി ചൂണ്ടിക്കാട്ടി. സബ്‌സിഡികള്‍ നല്‍കുന്നതിനും ചാര്‍ജിംഗ് സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് തുക അനുവദിച്ചത്. 2023 ഓടെ ഇലക്ട്രിക് അല്ലാത്ത മൂന്നുചക്ര വാഹനങ്ങളെയും 2025 ഓടെ ഇലക്ട്രിക് അല്ലാത്ത 150 സിസിയില്‍ താഴെ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളെയും നിരോധിക്കണമെന്ന ശുപാര്‍ശ നിതി ആയോഗ് ഈയിടെ മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യയെ ഇലക്ട്രിക് വാഹനങ്ങളുടെയും വാഹന ഘടകങ്ങളുടെയും ഉല്‍പ്പാദന കേന്ദ്രമായി വികസിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ സാമ്പത്തിക സര്‍വ്വെ മുന്നോട്ടുവെച്ച നിര്‍ദ്ദേശം.

അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇന്ത്യയിലെ ആദ്യ ഹൈവേ ഇടനാഴികള്‍ 2020 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനസജ്ജമാകും. ചാര്‍ജിംഗ് സ്റ്റേഷനുകളോടെ ഡെല്‍ഹി-ജയ്പുര്‍ (ദേശീയ പാത 48), ഡെല്‍ഹി-ആഗ്ര (യമുന എക്‌സ്പ്രസ് വേ) എന്നീ ഹൈവേകളിലാണ് ഇലക്ട്രിക് വാഹന ഇടനാഴികള്‍ ആരംഭിക്കുന്നത്. രണ്ട് പാതകളിലുമായി ആകെ 500 കിലോമീറ്ററായിരിക്കും ഇവി ഇടനാഴികള്‍. രണ്ട് റൂട്ടുകളിലുമായി വിവിധ ചുങ്കപ്പിരിവ് കേന്ദ്രങ്ങള്‍ക്ക് സമീപം ആകെ 18 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന സ്വകാര്യ സ്ഥാപനമായ അഡ്വാന്‍സ് സര്‍വീസസ് ഫോര്‍ സോഷ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രോഗ്രാമിന്റെ ഭാഗമായാണ് വൈദ്യുത വാഹന ഇടനാഴികള്‍ ആരംഭിക്കുന്നത്.

Comments

comments

Categories: Auto