ജലദോഷ വൈറസ് കാന്‍സര്‍ ഭേദപ്പെടുത്തും

ജലദോഷ വൈറസ് കാന്‍സര്‍ ഭേദപ്പെടുത്തും

ജലദോഷത്തിനു കാരണമാകുന്ന കോഫിസാക്കി വൈറസ് ഉപയോഗിച്ച് കാന്‍സര്‍ ഭേദപ്പെടുത്താമെന്ന് ശാസ്ത്രജ്ഞര്‍

സാധാരണ ജലദോഷം വരുമ്പോള്‍ നാം പൊതുവേ അസ്വസ്ഥരാകാറാണ് പതിവ്. എന്നാല്‍ മാരകരോഗമായ കാന്‍സറിന് പ്രതിവിധിയായി ജലദോഷം വരുത്തുന്ന വൈറസിനെ ഉപയോഗിക്കാമെന്ന വാര്‍ത്ത സന്തോഷകരമാണ്. കാലാവസ്ഥ മാറുമ്പോഴോ അലര്‍ജിയോ വരുന്നതിന്റെ പ്രതികരണമായോ അസുഖങ്ങളുടെ ലക്ഷണമായോ ആണ് സാധാരണ ജലദോഷം വരാറുള്ളത്. സാധാരണ ജലദോഷത്തിനു കാരണം കോഫിസാക്കി വൈറസ് (സിവിഎ 21) എന്ന രോഗാണുവാണ്. എന്നാല്‍ ഇത് ഉപയോഗിച്ച് കാന്‍സര്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. ഒരാഴ്ചയ്ക്കുള്ളില്‍ മഹാരോഗത്തെ ഇല്ലാതാക്കാന്‍ ഈ വൈറസിനു കഴിയുമെന്നാണ് അവകാശവാദം. ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷണത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികളില്‍ ട്യൂമറുകള്‍ നീക്കം ചെയ്യാനും പരിശോധിക്കാനുമുള്ള ശസ്ത്രക്രിയക്ക് മുമ്പ് 15 രോഗികള്‍ക്ക് ബഗ് ഇന്‍ഫ്യൂഷന്‍ നല്‍കി. ഇവരില്‍ കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഒരു ഘട്ടത്തില്‍, രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായെന്നു പഠനം കണ്ടെത്തി. മൂത്രാശയ കാന്‍സര്‍ രോഗികളിലെ ചികില്‍സയ്ക്ക് ഈ കണ്ടെത്തലുകള്‍ വലിയ തോതില്‍ സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇത് മറ്റ് കാന്‍സര്‍ ചികില്‍സകളിലും പ്രതീക്ഷ നല്‍കുന്നു. കീമോതെറാപ്പി പോലുള്ള പരമ്പരാഗത ചികിത്സാരീതികള്‍ക്ക് പകരമായി കാന്‍സറിനെതിരേ പോരാടുന്നതിനുള്ള ഒരു സാര്‍വത്രിക ഏജന്റായി സിവിഎ 21 വൈറസ് മാറുമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു.

ബ്രിട്ടണില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന അര്‍ബുദമാണ് മൂത്രാശയകാന്‍സര്‍, പ്രതിവര്‍ഷം 10,000 പേരിലെങ്കിലും രോഗം കണ്ടെത്താറുണ്ട്. പുതിയ ചികില്‍സയില്‍ മുഴകളുടെ വലുപ്പം കുറയ്ക്കുന്നതിനൊപ്പം, ഒരു കത്തീറ്റര്‍ വഴി മൂത്രസഞ്ചിയിലേക്കു വൈറസ് കടത്തിവിടുകയാണു ചെയ്യുന്നത്. ഇത് രോഗികളില്‍ കാര്യമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ അവ പ്രായോഗികമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് രോഗികളാണ് നിലവില്‍ ചികില്‍സ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. മൂാത്രാശയ കാന്‍സര്‍ രോഗികളില്‍ മിക്കവാറും രോഗപ്രതിരോധ കോശങ്ങള്‍ നശിച്ചു പോകുന്നു. ഇത് മൂലം രോഗചികില്‍സ ബുദ്ധിമുട്ടേറിയതാണ്.

വൈറസ് രോഗിയുടെ ശരീരത്തിലേക്ക് കടത്തി വിടുന്നതോടെ കാന്‍സര്‍ ബാധിതമായ കോശങ്ങള്‍ നശിക്കുകയും രോഗപ്രതിരോധ കോശങ്ങള്‍ ശക്തിപ്രാപിക്കാനും തുടങ്ങുമെന്നാണ് പഠനം പറയുന്നത്. വൈറസ്, കാന്‍സര്‍ കോശങ്ങളില്‍ എത്തി ഇരട്ടിക്കുകയും കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. വൈറസ്, കാന്‍സര്‍ കലകളിലേക്ക് പ്രവേശിക്കുകയും വൈറസുകളുടെ ഒരു ചെറിയ ഫാക്ടറി പോലെ പകര്‍ത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം വഹിക്കുന്ന റോയല്‍ സര്‍റെ കൗണ്ടി സര്‍വകലാശാലയിലെ മെഡിക്കല്‍ ഓങ്കോളജി പ്രൊഫസര്‍ പ്രൊഫ. ഹര്‍ദേവ് പാണ്ഡ പറഞ്ഞു ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ഇതേ വരെ കണ്ടെത്തിയതില്‍ ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങളേ ഇതിന് ഉണ്ടാകുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്തനാര്‍ബുദം, കുല്‍കാന്‍സര്‍, ശ്വാസകോശാര്‍ബുദം, ചര്‍മ്മരോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും ജലദോഷ വൈറസുകളുടെ പങ്ക് പരിശോധിച്ചു വരുന്നു. ഈ രോഗങ്ങളുടെ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വൈറസ് സഹായിക്കും. പഠനത്തില്‍,ശസ്ത്രക്രിയയ്ക്കുശേഷം ടിഷ്യു സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, കാന്‍സര്‍ കോശങ്ങളെ മാത്രമേ വൈറസുകള്‍ നശിപ്പിച്ചിട്ടുള്ളൂവെന്ന് കണ്ടെത്തി. മറ്റ് കോശങ്ങള്‍ കേടുകൂടാതെയിരിക്കുന്നതായി കാണാനായി.

വൈറസ് കാന്‍സര്‍ കോശങ്ങളെ ബാധിക്കുകയും പെരുകി കോശങ്ങളെ നിര്‍ജ്ജീവമാക്കുകയും ചെയ്തതായി ബോധ്യപ്പെട്ടു. മാത്രമല്ല, വൈറസ് ബാധിച്ച ക്യാന്‍സര്‍ കോശങ്ങള്‍ ഒരിക്കല്‍ ഇല്ലാതാകുന്നതോടെ, ശക്തമാകുന്ന വൈറസ്, കൂടുതല്‍ കാന്‍സര്‍ കോശങ്ങളെ ആക്രമിക്കുന്നതായും കണ്ടെത്തി. ഒരാഴ്ചത്തെ ചികില്‍സയ്ക്ക് ശേഷം രോഗിയില്‍ എല്ലാലക്ഷണങ്ങളും കാണാതാകുകയും ചെയ്തു. ഒരു രോഗിയിലും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

Comments

comments

Categories: Health