മാലിന്യം തരംതിരിക്കല്‍ നിയമവുമായി ഷാങ്ഹായ്

മാലിന്യം തരംതിരിക്കല്‍ നിയമവുമായി ഷാങ്ഹായ്

ഷാങ്ഹായ്: ജുലൈ ഒന്ന് മുതല്‍ ചൈനീസ് നഗരമായ ഷാങ്ഹായ് ഒരു പുതിയ നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഗാര്‍ഹിക മാലിന്യം തരംതിരിക്കലുമായി ബന്ധപ്പെട്ടുള്ളതാണു നിയമം. ഓരോ 300 മുതല്‍ 500 വരെയുള്ള വീടുകള്‍ക്കായി ഒരു തെരഞ്ഞെടുത്ത സ്ഥലത്ത് ഗാര്‍ബേജ് ഡിസ്‌പോസല്‍ സൈറ്റ് അഥവാ മാലിന്യ നിര്‍മാര്‍ജ്ജന സൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വൊളന്റിയര്‍മാരെ നിയമിച്ചിട്ടുണ്ടാവും. ഈ സൈറ്റിലെത്തുന്ന മാലിന്യങ്ങള്‍ കൃത്യമായി തിരിച്ചിട്ടുണ്ടോ എന്ന വൊളന്റിയര്‍മാര്‍ പരിശോധിക്കും. ഗാര്‍ഹിക മാലിന്യങ്ങളെ നാല് വിഭാഗങ്ങളായി തിരിക്കേണ്ടതുണ്ട്. ഉണങ്ങിയത്, നനഞ്ഞത്, പുനരുപയോഗിക്കാവുന്നത്, അപകടകരമായത് എന്നിങ്ങനെയാണ് നാല് വിഭാഗങ്ങള്‍. മാലിന്യങ്ങള്‍ സോര്‍ട്ട് ചെയ്യാത്തവര്‍ക്ക് 200 യുവാന്‍ പിഴ ചുമത്തും. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പിഴ 50000 യുവാനായിരിക്കും. ഈ നിയമം ലംഘിക്കുന്നവര്‍ക്കു പിഴ മാത്രമല്ല, അവരുടെ പ്രധാനപ്പെട്ട സോഷ്യല്‍ ക്രെഡിറ്റ് റേറ്റിംഗ് താഴാനും ഇടയാകും. ഇതുവഴി മാതൃക പൗരനല്ലെന്ന കാരണം ചൂണ്ടിക്കാണിച്ചു സാമൂഹിക, സാമ്പത്തിക ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഈ പദ്ധതി പ്രതീക്ഷ ഉളവാക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും വലുതും ജനസംഖ്യയുള്ളതുമായ നഗരമാണു ഷാങ്ഹായ്. 24 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട് ഇവിടെ. ലണ്ടന്റെയോ ന്യൂയോര്‍ക്കിന്റെയോ മൂന്നിരട്ടി വരുമിത്. പക്ഷേ, ഈ നഗരത്തില്‍ മൊത്തം മാലിന്യത്തിന്റെ പത്ത് ശതമാനം മാത്രമാണു റീ സൈക്കിള്‍ ചെയ്യുന്നത്. പ്രതിദിനം ഇവിടെനിന്നും റീസൈക്കിള്‍ ചെയ്യാവുന്ന 3,300 ടണ്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിന്റെ പതിന്മടങ്ങ് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതായിട്ടാണു പറയപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍, കര്‍ശനമായ നിയമം ഉണ്ടാവേണ്ടതുണ്ടെന്ന അഭിപ്രായം ഉയര്‍ന്നുവരികയും ചെയ്തിരുന്നു.

Comments

comments

Categories: World
Tags: Shanghai