സില്‍വര്‍ കളര്‍ ഓപ്ഷനില്‍ കാവസാക്കി നിഞ്ച 1000

സില്‍വര്‍ കളര്‍ ഓപ്ഷനില്‍ കാവസാക്കി നിഞ്ച 1000

പുതുതായി മെറ്റാലിക് മാറ്റ് ഫ്യൂഷന്‍ സില്‍വര്‍ പെയിന്റ് സ്‌കീം നല്‍കിയാണ് സ്‌പോര്‍ട്‌സ് ടൂറര്‍ വിപണിയിലെത്തിച്ചത്

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി നിഞ്ച 1000 മോട്ടോര്‍സൈക്കിള്‍ ഇനി വെള്ളി നിറത്തിലും ലഭിക്കും. പുതുതായി ‘മെറ്റാലിക് മാറ്റ് ഫ്യൂഷന്‍ സില്‍വര്‍’ പെയിന്റ് സ്‌കീം നല്‍കിയാണ് സ്‌പോര്‍ട്‌സ് ടൂറര്‍ വിപണിയിലെത്തിച്ചത്. നിലവിലെ അതേ 10.29 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ പുതിയ കളര്‍ ഓപ്ഷനിലുള്ള കാവസാക്കി നിഞ്ച 1000 ലഭിക്കും. മെറ്റാലിക് മാറ്റ് ഫ്യൂഷന്‍ സില്‍വര്‍ പെയിന്റ് സ്‌കീമില്‍ ഇന്ത്യയില്‍ 60 യൂണിറ്റ് കാവസാക്കി നിഞ്ച 1000 മാത്രമായിരിക്കും വില്‍ക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു.

കൂടുതല്‍ നിറങ്ങളില്‍ കാവസാക്കി നിഞ്ച 1000 പുറത്തിറക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യ കാവസാക്കി മോട്ടോര്‍ (ഐകെഎം) വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പുതിയ നിറം നല്‍കാന്‍ തീരുമാനിച്ചത്. കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്നീ നിലവിലെ രണ്ട് കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ നിറത്തില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കുന്നത്.

പരിഷ്‌കരിച്ച കാവസാക്കി നിഞ്ച 1000 മോട്ടോര്‍സൈക്കിള്‍ 2017 ലാണ് പുറത്തിറക്കിയത്. പൈലറ്റ് ലാംപ് സഹിതം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വിശദമായ ഡിസ്‌പ്ലേ കണ്‍സോള്‍, മികച്ച ഏയ്‌റോഡൈനാമിക്‌സ്, സുഖമായി സവാരി ചെയ്യാനാകുംവിധം റൈഡര്‍ എര്‍ഗണോമിക്‌സ് എന്നിവ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. ഭാരം കുറഞ്ഞതും ദൃഢതയേറിയതുമായ അലുമിനിയം ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

1043 സിസി, ലിക്വിഡ് കൂള്‍ഡ്, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍, ഡിഒഎച്ച്‌സി, 16 വാല്‍വ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി കരുത്തും 7,300 ആര്‍പിഎമ്മില്‍ 111 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 19 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. കെര്‍ബ് വെയ്റ്റ് 239 കിലോഗ്രാം.

മൂന്ന് മോഡുകളില്‍ കാവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ (കെടിസി) നല്‍കിയിരിക്കുന്നു. ഒന്നും രണ്ടും മോഡുകളില്‍ സ്‌പോര്‍ട്ടി റൈഡിംഗ് പെര്‍ഫോമന്‍സ് ലഭിക്കുമ്പോള്‍ വഴുതുന്ന പ്രതലങ്ങളില്‍ വര്‍ധിച്ച സ്ഥിരത (സ്റ്റബിലിറ്റി) ഉറപ്പാക്കുന്നതാണ് മൂന്നാമത്തെ മോഡ്. കെസിഎംഎഫ് (കാവസാക്കി കോര്‍ണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷന്‍), അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച്, കെഐബിഎസ് (കാവസാക്കി ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം) എന്നിവ സ്‌പോര്‍ട്‌സ് ടൂററില്‍ നല്‍കി.

ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ലിറ്റര്‍ ക്ലാസ് (1000 സിസി) മോട്ടോര്‍സൈക്കിളുകളിലൊന്നാണ് കാവസാക്കി നിഞ്ച 1000. സെമി നോക്ക്ഡ് ഡൗണ്‍ (എസ്‌കെഡി) രീതിയിലാണ് കാവസാക്കി നിഞ്ച 1000 ഇന്ത്യയിലെത്തുന്നത്. മല്‍സരാധിഷ്ഠിതമായി വില നിശ്ചയിക്കാന്‍ ഇത് കമ്പനിയെ സഹായിച്ചു. സ്‌പോര്‍ട്ട്‌ബൈക്കിന്റെ പ്രകടനമികവും ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ സവാരി സുഖവും ഒരുമിക്കുന്നതാണ് കാവസാക്കി നിഞ്ച 1000.

Comments

comments

Categories: Auto