കര്‍ഷകക്ഷേമം ഉറപ്പാക്കണം

കര്‍ഷകക്ഷേമം ഉറപ്പാക്കണം

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും സംഭരിക്കാനും വിപണികളിലേക്കെത്തിക്കാനും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സംവിധാനമുണ്ടാവുന്നത് ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാവും

രാജ്യം ആകാക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. സാമ്പത്തിക വളര്‍ച്ച തിരിച്ചു പിടിക്കാനുതകുന്ന പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷ പൊതുവെയുണ്ട്. നിര്‍മല സീതാരാമനെന്ന കനിവുള്ള വനിത ബജറ്റിന്റെ പെട്ടി തുറക്കുമ്പോള്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുമോ എന്ന് ഉറ്റുനോക്കുന്നവരില്‍ മുന്‍ പന്തിയില്‍ തന്നെയുണ്ട് രാജ്യത്തെ കര്‍ഷകര്‍. ബൃഹത്തായ രാജ്യത്തെ ജനതതിയുടെ പാതിയും ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തിരിക്കുന്ന കാര്‍ഷിക മേഖലയെ ദുരവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുകയെന്നത് രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയെന്നതിലൂടെയേ ഇത് സാധ്യമാവൂ. ജിഡിപിയുടെ 15-18 ശതമാനം മാത്രമാണ് കാര്‍ഷിക മേഖലയുടെ സംഭാവനയെന്നത് അത്ര ആവേശം പകരുന്ന സാഹചര്യമല്ല.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇത് ഉറപ്പാക്കാന്‍ ഗ്രാമീണ ഇന്ത്യയിലേക്ക് നിക്ഷേപം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം കോടി രൂപയുടെ സ്വകാര്യ, സര്‍ക്കാര്‍ നിക്ഷേപം ഗ്രാമീണ ജനതയിലേക്കെത്തിക്കാനാണ് ശ്രമം. ജലലഭ്യത കുറയുന്ന സാഹചര്യത്തില്‍ ഒരു കോടി ഹെക്റ്റര്‍ കൃഷി ഭൂമിയില്‍ തുള്ളിനന സംവിധാനം നടപ്പാക്കാനും പരിപാടിയുണ്ട്. കൃത്രിമബുദ്ധി, ബ്ലോക്ക് ചെയ്ന്‍, മൊബീല്‍ ആപ്പുകള്‍ എന്നിവയിലൂടെ കൃഷിയും നേരിട്ടുള്ള മാര്‍ക്കറ്റിംഗും ശക്തമാക്കാനും ശ്രമം നടക്കുന്നു. ഇതിനെല്ലാമൊപ്പം പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയും വിള ഇന്‍ഷുറന്‍സ് സ്‌കീമുമെല്ലാം സമൂല പരിവര്‍ത്തനങ്ങള്‍ക്കായി പരിശ്രമിക്കുന്നുണ്ട്.

എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. സമഗ്ര പരിഷ്‌കാരവും ഉദാരവല്‍ക്കരണവും കൊണ്ടുവന്നാലേ ദീര്‍ഘകാല നേട്ടങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളെന്നതാണ് വാസ്തവം. വായ്പ എഴുതി തള്ളുന്നത് പോലെ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമുണ്ടാവില്ല. അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റി നിയമം പോലെയുള്ള പ്രാകൃത നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരെ കാര്‍ഷിക സംരംഭകരായി പരിഗണിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം. മാര്‍ക്കറ്റ്, ലോജിസ്റ്റിക്‌സ് എന്നിവയുമായി കര്‍ഷകരെ നേരിട്ട് ബന്ധിപ്പിക്കുമാവുള്ള സംവിധാനമൊരുക്കുന്നത് ഉചിതമാവും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും സംഭരിക്കാനും വിപണികളിലേക്കെത്തിക്കാനും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സംവിധാനമുണ്ടാവുന്നത് ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാവും. പുതിയ ഇന്ത്യ നിര്‍മിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഇന്ത്യയുടെ നട്ടെല്ലും ഒന്നേകാല്‍ കോടിയിലേറെ വരുന്ന പൗരന്‍മാരെ തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ തന്നെയായിരിക്കും. വിലയിടിവും വരള്‍ച്ചയും മൂലം ദുരിത്തിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താനും ദീര്‍ഘകാലത്തേക്ക് ശുഭാപ്തമായ പാതയില്‍ നയിക്കാനും ഉതകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവട്ടെയെന്ന് പ്രതീക്ഷ പുലര്‍ത്താം.

Categories: Editorial, Slider