വയസ് 13, ബേക്കറി ഉടമ, വിശക്കുന്നവരുടെ അത്താണി

വയസ് 13, ബേക്കറി ഉടമ, വിശക്കുന്നവരുടെ അത്താണി

ഒമ്പതാം വയസില്‍ കേക്ക് നിര്‍മിച്ചു തുടങ്ങിയ മൈക്കല്‍ പ്ലാറ്റ് 11ാം വയസിലാണ് ബേക്കറിക്ക് തുടക്കമിട്ടത്. പാവപ്പെട്ട കുട്ടികള്‍ക്കും വീടില്ലാത്തവര്‍ക്കും സൗജന്യമായി പേസ്ട്രി വിതരണവും നടത്തുന്നുണ്ട് ഈ കൊച്ചു സംരംഭകന്‍

സംരംഭം തുടങ്ങാന്‍ പ്രായം ഒരു തടസമല്ലെന്ന് കാട്ടിത്തരികയാണ് അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിയായ മൈക്കല്‍ പ്ലാറ്റ്. പതിനൊന്നാം വയസിലാണ് മൈക്കല്‍ ബേക്കറി ഉടമയായത്. ഉടമ മാത്രമല്ല, നല്ല ഒന്നാംതരം കേക്ക് നിര്‍മാതാവ് കൂടിയാണ് ഈ കൊച്ചു പയ്യന്‍. പേസ്ട്രിയാണ് താരത്തിന്റെ പ്രധാനം ഐറ്റം. ബേക്കിംഗ് സംരംഭം നടത്തിക്കൊണ്ടുപോകാനും സ്വന്തം ആവശ്യങ്ങള്‍ക്കും മാതാപിതാക്കളില്‍ നിന്നുള്ള ധനസഹായമൊന്നും ഈ കൊച്ചു മുതലാളിക്ക് ഇനി വേണമെന്നില്ല. കാരണം ‘മൈക്കല്‍ ഡെസേര്‍ട്‌സ്’ എന്ന പേരിലറിയപ്പെടുന്ന ബേക്കറിയില്‍ വരുമാനം അത്ര കുറവല്ല.

രണ്ടു വര്‍ഷം മുമ്പാണ് മൈക്കല്‍ ബേക്കറിക്ക് തുടക്കമിട്ടത്. ഒമ്പതാം വയസ് മുതല്‍ കേക്ക് നിര്‍മാണത്തില്‍ മിടുക്കനായ പ്ലാറ്റിന്റെ ഗുരു അമ്മയാണ്. എന്നാല്‍ ബേക്കറിയിലെ റെസിപ്പികള്‍ മൈക്കലിന്റേതു തന്നെ. സഹായിയായി അമ്മ ഒപ്പമുണ്ടെന്നു മാത്രം. മൈക്കലിന്റെ അമ്മ ജോലി ഉപേക്ഷിച്ചാണ് മകനൊപ്പം ബേക്കറിയില്‍ സഹായിയായിരിക്കുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അപസ്മാരം വന്നതിനെ തുടര്‍ന്ന് ക്ലാസിലെ പഠനം വീട്ടിലാക്കിയിരിക്കുകയാണ് ഈ കൊച്ചു സംരംഭകന്‍. ബേക്കിംഗ് കണ്‍സള്‍ട്ടന്റായ അമ്മ തന്നെയാണ് പ്ലാറ്റിന്റെ അധ്യാപികയും. പ്രതിമാസം കുറഞ്ഞത് 75 കപ്പ്‌കേക്കുകള്‍ ഈ സംരംഭത്തിലൂടെ വിറ്റുപോകുന്നുണ്ട്.

മൈക്കലിന്റെ സംരംഭത്തിന് ഒരു പ്രത്യേകതയുണ്ട്. ബേക്കറിയില്‍ നിന്നും ആര് എന്ത് വാങ്ങിയാലും അതുപോലെയുള്ള മറ്റൊന്ന് വിശക്കുന്നവര്‍ക്കായി മാറ്റിവെയ്ക്കും. വാഷിംഗ്ടണിലെ പാവപ്പെട്ടവര്‍ക്കായാണ് ഈ മാറ്റിവെയ്ക്കല്‍. മാസത്തില്‍ ഒന്നോ രണ്ടോ തവണ വാഷിംഗ്ടണിലെത്തി വീടില്ലാത്തവരും പട്ടിണി അനുഭവിക്കുന്നവര്‍ക്കുമായി ഇവ നല്‍കുകയാണ് പതിവ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് മുന്‍ഗണന.

”കപ്പ് കേക്ക് കുട്ടികള്‍ക്ക് ഒരുപാടിഷ്ടമാകും. കാശില്ലാത്തതിനാല്‍ വാങ്ങാനാവില്ല. ഒരു കുട്ടിയും വിശന്നിരിക്കരുതെന്നാണ് എന്റെ ആഗ്രഹം. ഈ സംരംഭത്തിലൂടെ എനിക്കു ചെയ്യാനാകുന്നത് ഇത്രമാത്രം”, നോ കിഡ് ഹംഗ്രി ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുടെ വോളന്റിയറും അംബാസഡറും കൂടിയായ മൈക്കല്‍ പ്ലേറ്റ് പറയുന്നു. എന്‍ജിഒയുടെ ഭാഗമായും അല്ലാതെയും മൈക്കല്‍ പേസ്ട്രി സൗജന്യമായി വിതരണം ചെയ്യാറുണ്ട്. ബേക്കറിയിലേക്കുള്ള ഓര്‍ഡറുകളില്‍ ഏറിയ പങ്കും വാഷിംഗ്ടണില്‍ നിന്നാണ് എത്താറുള്ളത്. ഫുഡ് നെറ്റ്‌വര്‍ക്കിന്റെ കിഡ് ബേക്കിംഗ് ചാംപ്യന്‍ഷിപ്പിലും ഈ കൊച്ചു സംരംഭകന്‍ പങ്കെടുത്തിട്ടുണ്ട്. കറുത്തവര്‍ഗക്കാരനായ മൈക്കല്‍, മണ്‍മറഞ്ഞ ലോകപ്രശസ്തരായ കറുത്തവര്‍ക്കാരുടെ പേരുകളാണ് പേസ്ട്രിക്ക് നല്‍കിയിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ കവയിത്രിയും ഗായികയുമായ മായ ആംഗലേ, നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ഹാരിയറ്റ് ടബ്മാന്‍ എന്നിങ്ങനെ നീളുന്നു കേക്കിന്റെ പേരുകള്‍.

Comments

comments

Categories: Motivation