രണ്ട് ലക്ഷം വരെ കാര്‍ഷിക കടാശ്വാസം

രണ്ട് ലക്ഷം വരെ കാര്‍ഷിക കടാശ്വാസം

സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് ഇത് ബാധകമാവുകയെന്ന് കൃഷിമന്ത്രി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മാര്‍ച്ചില്‍ പ്രഖ്യപിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ മാറ്റിവെച്ച തീരുമാനമാണിത്. അതേസമയം വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ബാങ്കുകളുമായി ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ആര്‍ബിഐ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് കടാശ്വാസത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ പത്ത് വരെ നീട്ടിയതായും സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയ്ക്ക് 3,646.4 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി, വയനാട് ജില്ലകളിലെ 15 ല്‍ ഏറെ കര്‍ഷകര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്തിരുന്നു.

Categories: FK News, Slider
Tags: Agri Loan