ഫണ്ടിംഗിനെ കുറിച്ച് ആശങ്ക വേണ്ട, എസ്എംഇകളെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തി ഡ്രിപ കാപ്പിറ്റല്‍

ഫണ്ടിംഗിനെ കുറിച്ച് ആശങ്ക വേണ്ട, എസ്എംഇകളെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തി ഡ്രിപ കാപ്പിറ്റല്‍

ആഗോളതലത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള കയറ്റുമതി രംഗത്ത് 1.5 ട്രില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് അഭാവം ഉണ്ടെന്നുള്ളതാണ് വസ്തുത. ഈ ന്യൂനത പരിഹരിക്കുകയാണ് പുതുതലമുറ ഫിന്‍ടെക്കുകളുടെ ലക്ഷ്യം. അത്തരത്തിലൊരു വ്യാപാര ധനകാര്യ ഫിന്‍ടെക് ആണ് ഡ്രിപ് കാപ്പിറ്റല്‍

ലോകത്തിലെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്നുള്ള 40 ശതമാനം കയറ്റുമതി ഉല്‍പ്പന്നങ്ങളും ചെറുകിട ബിസിനസ് മേഖലയില്‍ നിന്നുമാണ് വരുന്നത്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ (എസ്എംഇ) ലോകസമ്പദ് വ്യവസ്ഥയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും വികസന പദ്ധതികള്‍ക്കും ബിസിനസ് നടത്തിപ്പിനും ഫണ്ട് അപര്യാപ്തത നേരിടുന്ന അത്തരം എസ്എംഇകളെ വായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ നമ്മുടെ ബാങ്കുകള്‍ തഴയുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്. പേരെടുത്ത കോര്‍പ്പറേറ്റ് ഉപഭോക്താക്കളുമായുള്ള ഇടപാടുകളോടാണ് ബാങ്കുകള്‍ക്ക് താല്‍പ്പര്യം. അതിനാല്‍ തന്നെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് നേടിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കെട്ട് രേഖകളും ജാമ്യവുമാണ് വായ്പകള്‍ ലഭ്യമാക്കുന്നതിനായി ബാങ്കുകള്‍ അവരോട് ആവശ്യപ്പെടുന്നത്. ഇക്കാരണം കൊണ്ട് ബിസിനസ് കെട്ടിപ്പടുക്കാന്‍ എസ്എംഇകള്‍ക്ക് വായ്പകള്‍ നിഷേധിക്കപ്പെടുന്നു. ആഗോളതലത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നുള്ള കയറ്റുമതി രംഗത്ത് 1.5 ട്രില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് അഭാവം ഉണ്ടെന്നുള്ളതാണ് വസ്തുത. ഈ ന്യൂനത പരിഹരിക്കുകയാണ് പുതുതലമുറ ഫിന്‍ടെക്കുകളുടെ ലക്ഷ്യം. അത്തരത്തിലൊരു വ്യാപാര ധനകാര്യ ഫിന്‍ടെക് ആണ് ഡ്രിപ് കാപ്പിറ്റല്‍ .

വാര്‍ട്ടണ്‍ സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളും സഹമുറിയന്മാരുമായിരുന്ന പുഷ്‌കര്‍ മുകേവര്‍, നീല്‍ കോത്താരി എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഡ്രിപ് കാപ്പിറ്റല്‍ സ്ഥാപിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ അല്ലാതെ ലളിതമായ മാര്‍ഗത്തിലൂടെ വായ്പകള്‍ ലഭ്യമാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. രാജ്യാന്തര വ്യാപാരങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ടിംഗ് സൗകര്യങ്ങളുടെ ഘടനയെ പുനര്‍നിര്‍മിക്കുന്നതിനായി സാങ്കേതികതയുടെ പിന്‍ബലത്തോടെയുള്ള പരിഹാരങ്ങളാണ് ഡ്രിപ് കാപ്പിറ്റല്‍ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ബില്‍ ഡിസ്‌കൗണ്ടിംഗ്/ഇന്‍വോയിസ് ഫാക്ടറിംഗ് (ഉപഭോക്താക്കള്‍ക്കുള്ള ബില്ലുകള്‍ ബില്‍ തുകയേക്കാളും കുറഞ്ഞ നിരക്കില്‍ ഫണ്ടിംഗ് ആവശ്യമുള്ള ചെറുകിട, ഇടത്തരം ബിസിനസുകളില്‍ നിന്നും വാങ്ങിച്ച് പിന്നീട് ഉപഭോക്താക്കളില്‍ നിന്നും യഥാര്‍ത്ഥ ബില്‍ തുക ഈടാക്കുന്ന രീതി) എന്നീ സാധ്യതകള്‍ ഉപയോഗിച്ച് ഡ്രിപ് ചെറുകിട, ഇടത്തരം ബിസിനസുകളുടെ രാജ്യാന്തര ബി2ബി ഇടപാടുകള്‍ പരിധികളില്ലാതാക്കി മാറ്റുന്നതിന് വേണ്ട ഫണ്ടും ജാമ്യവും ഒരുക്കുകയും ചെയ്യുന്നു. കയറ്റുമതി രംഗത്തെ എസ്എംഇകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലേക്ക് ചരക്കുകള്‍ കയറ്റി അയക്കുന്നതിന് വേണ്ട ഫണ്ട് നല്‍കി കേന്ദ്ര ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിനും കയറ്റുമതി മേഖലയ്ക്കും ഇടയ്ക്കാണ് ഡ്രിപ് കാപ്പിറ്റലിന്റെ പ്രവര്‍ത്തനം.

ഡ്രിപ് കാപ്പിറ്റലിന്റെ പ്രവര്‍ത്തനരീതി ഒരു ഉദാഹരണത്തിലൂടെ മനസിലാക്കാന്‍ ശ്രമിക്കാം. ബാങ്കില്‍ നിന്നും ലഭിച്ച ഫണ്ട് മതിയാകാതെ വരികയോ അല്ലെങ്കില്‍ ലഭിക്കാതെ വരികയോ ചെയ്ത ഒരു കയറ്റുമതി കമ്പനി പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് കരുതൂ. ആ കമ്പനിക്ക് ഡ്രിപ് കാപ്പിറ്റലിനോട് സഹായം തേടാം. കേവലം രണ്ട് മിനിറ്റ് സമയമെടുത്ത് ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിച്ച് അയക്കാം. സമര്‍പ്പിക്കപ്പെട്ട വിവരങ്ങള്‍ വെച്ച് 24 മണിക്കൂറിനുള്ളില്‍ ഫണ്ടിംഗിനായുള്ള കമ്പനിയുടെ യോഗ്യതകള്‍ ഡ്രിപ് വിലയിരുത്തും. ഫണ്ടിംഗ് ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ കമ്പനിക്ക് ഓഫര്‍ലെറ്റര്‍ അയക്കും. വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഓഫര്‍ലെറ്ററില്‍ വ്യക്തമാക്കിയിരിക്കും. ഓഫര്‍ കമ്പനി സ്വീകരിക്കുകയാണെങ്കില്‍ വിവിധ ഡാറ്റ ഉറവിടങ്ങളും വസ്തുതകളും അടിസ്ഥാനപ്പെടുത്തി ഡ്രിപ് കാപ്പിറ്റല്‍ ഓട്ടോമേറ്റഡ് റിസ്‌ക് അസസ്‌മെന്റ് നടത്തും. രേഖകളുടെ ഇ-സൈനിംഗിന് (ഓണ്‍ലൈനായുള്ള ഒപ്പിടല്‍) ശേഷം കമ്പനിക്ക് വായ്പ ലഭ്യമാക്കും.

അനുവദിക്കപ്പെട്ട ഫണ്ട് ലഭിക്കുന്നതിനായി പ്രസ്തുത എസ്എംഇ അവരുടെ ഇന്‍വോയിസുകളുടെ സോഫ്റ്റ്‌കോപ്പിയും കയറ്റുമതി രേഖകളും ഡ്രിപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. അവ പരിശോധിച്ച് 12 മണിക്കൂറിനുള്ളില്‍ ഡ്രിപ് ഫണ്ട് ലഭ്യമാക്കുമെന്ന് മുകേവര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭ മൂലധനം നല്‍കിവരുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈ കോമ്പിനേറ്ററിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഡ്രിപ് കാപ്പിറ്റല്‍ നിലവില്‍ ഇന്ത്യയില്‍ 400ഓളം എസ്എംഇകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കൂടാതെ കയറ്റുമതി പ്രോത്സാഹന സമിതികള്‍, ചരക്ക് ഗതാഗത കമ്പനികള്‍, മറ്റ് ഫിന്‍ടെക് കമ്പനികള്‍, ബാങ്കുകള്‍ എന്നിവയുമായി മികച്ച ബന്ധവും പുലര്‍ത്തുന്നു. വസ്ത്രങ്ങള്‍, സംസ്‌കരിച്ച് പാക്ക് ചെയ്ത ഭക്ഷ്യസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടീക്കല്‍സ് എന്നീ വ്യവസായ മേഖലകളിലുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുകേവര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലും ലോകത്തിലെ മറ്റ് ഉയര്‍ന്ന് വരുന്ന വിപണികളിലും പുതിയ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ഡ്രിപ് കാപ്പിറ്റല്‍ ജാഗ്രതയുള്ളവരാണ്. ഈ വര്‍ഷം തുടക്കത്തില്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡ്രിപ് വരും മാസങ്ങളില്‍ തങ്ങളുടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. എയ്‌സല്‍, സെക്കോയ ഇന്ത്യ, വിംഗ് വിസി തുടങ്ങിയ മാര്‍ക്വീ നിക്ഷേപകരുടെ പിന്തുണയുള്ള ഡ്രിപ്, ഇക്വിറ്റി ഫണ്ടിംഗിലൂടെ ഇതുവരെ 20 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏതാണ്ട് 500 മില്യണ്‍ ഡോളര്‍ വിലയുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് ഡ്രിപ് ഫണ്ടിംഗ് സഹായം ഒരുക്കിയിട്ടുണ്ടെന്ന് മുകേവര്‍ അവകാശപ്പെടുന്നു.

ബാങ്കുകള്‍ക്ക് ബദലായുള്ള ധനകാര്യ കമ്പനികള്‍ ഉയര്‍ന്നുവന്നിട്ടും വ്യാപാരലോകത്ത് ഫണ്ടിംഗ് അപര്യാപ്തത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള ജിഡിപിയെ നിര്‍ണയിക്കുന്ന സുപ്രധാനഘടകമായി മാറിക്കൊണ്ടിരിക്കുന്ന എസ്എംഇകളുടെ വളര്‍ച്ചയെയും വികസനത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരുകളെയും ഓഹരിയുടമകളെയും സംബന്ധിച്ചിടുത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അതിരുകളില്ലാത്ത വ്യാപാരം സാധ്യമാക്കിയും അന്തര്‍ദേശീയ വ്യാപാരത്തില്‍ അവരെ നേതൃസ്ഥാനത്തെത്താന്‍ സഹായിച്ചും ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ് ഡ്രിപ് കാപ്പിറ്റല്‍.

Comments

comments

Categories: Business & Economy