ജിഎസ്ടി ഫലത്തില്‍ രണ്ടു നിരക്കുകളിലേക്ക് ചുരുങ്ങിയേക്കും: ജയ്റ്റ്‌ലി

ജിഎസ്ടി ഫലത്തില്‍ രണ്ടു നിരക്കുകളിലേക്ക് ചുരുങ്ങിയേക്കും: ജയ്റ്റ്‌ലി

വിവിധ ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയതിന്റെ ഫലമായി വരുമാനത്തില്‍ 90,000 കോടി രൂപയോളം കുറവുണ്ടായി

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി നിരക്കുകളുടെ എണ്ണം ഫലത്തില്‍ രണ്ടായി കുറച്ചേക്കുമെന്ന് മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജിഎസ്ടി നടപ്പാക്കിയതിന്റെ രണ്ടാം വര്‍ഷികത്തില്‍ ഫേസിബുക്കില്‍ നല്‍കിയ കുറിപ്പിലാണ് ജയ്റ്റ്‌ലി ഇങ്ങനെ പറഞ്ഞത്. 5, 12, 18, 28 എന്നീ നാലു തട്ടുകളിലാണ് നിലവില്‍ ജിഎസ്ടി നിരക്കുകള്‍ ഉള്ളത്. ഇതില്‍ 12, 18 നിരക്കുകള്‍ ഒഴിവാക്കി ഇവയ്ക്കു കീഴിലെ ഉല്‍പ്പന്നങ്ങളെ മൊത്തമായി പുതിയൊരു നിരക്കിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതയാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്.

അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായണ് പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ജയ്റ്റ്‌ലിയെ ഉള്‍പ്പെടുത്താതിരുന്നത്. 20ല്‍ അധികം സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തില്‍ ഇതിനകം 14 ശതമാനത്തിലധികം വര്‍ധന പ്രകടമാക്കിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കലിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടത്തിന് ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജിഎസ്ടി കൗണ്‍സില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിയതിന്റെ ഫലമായി വരുമാനത്തില്‍ 90,000 കോടി രൂപയോളം കുറവുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ഏറെയും 12, 18 നിരക്കുകളിലാണ് വരുന്നത്. ലഹരി വസ്തുക്കളും ലക്ഷ്വറി ഉല്‍പ്പന്നങ്ങളും മാത്രമാണ് ഇപ്പോള്‍ 28 ശതമാനം നികുതി നിരക്കിലുള്ളത്. ഇതു മാറ്റിനിര്‍ത്തിയാല്‍ പ്രധാന വിഭാഗങ്ങളിലെല്ലാം ഈ നികുതി നിരക്ക് ഒഴിവാക്കപ്പെട്ടുകഴിഞ്ഞു. അതിനാല്‍ 12, 18 നിരക്കുകള്‍ ഏകീകരിച്ചാല്‍ ജിഎസ്ടി സമ്പ്രദായം ഫലത്തില്‍ രണ്ട് നിരക്കുകളുടേതായി മാറുമെന്നാണ് ജയ്റ്റ്‌ലി വിശദീകരിക്കുന്നത്.

വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ക്രമേണയാണ് ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്‌ക്കേണ്ടതെന്നും പൊടുന്നനേയുള്ള നിരക്കിളവുകള്‍ സര്‍ക്കാരിന്റെ ചെലവിടലിനെ പ്രതിസന്ധിയിലാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയ്റ്റ്‌ലി പറയുന്നുണ്ട്. 2017-18ലെ ജൂലൈ-മാര്‍ച്ച് കാലയളവില്‍ 89,700 കോടി രൂപയായിരുന്നു ജിഎസ്ടിയില്‍ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 97,100 കോടി രൂപയായി വര്‍ധിച്ചു.

Comments

comments

Categories: FK News
Tags: GST