ജിഎസ്ടി ഉടച്ചുവാര്‍ക്കാന്‍ മടിക്കരുത്

ജിഎസ്ടി ഉടച്ചുവാര്‍ക്കാന്‍ മടിക്കരുത്

സരളമായ നികുതി പരിഷ്‌കാരമെന്ന ലേബല്‍ തുടക്കത്തിലെ പേറിയെങ്കിലും ഇപ്പോഴും വിവിധ നിരക്കുകള്‍ ഈ നികുതി സമ്പ്രദായത്തെ അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞതാക്കുന്നു

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്നലെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചു. ഒരു രാഷ്ട്രം, ഒരു നികുതി എന്ന വിപ്ലവകരമായ മുദ്രാവാക്യവും പേറിയെത്തിയ പരിഷ്‌കാരം ബാലാരിഷ്ടതകളിലൂടെ തന്നെ കടന്നു പോവുന്നെന്നാണ് രണ്ടാം വര്‍ഷത്തിനൊടുവിലെ പരിശോധന വ്യക്തമാക്കുന്നത്. സരളമായ നികുതി പരിഷ്‌കാരമെന്ന ലേബല്‍ തുടക്കത്തിലെ പേറിയെങ്കിലും ഇപ്പോഴും വിവിധ നിരക്കുകള്‍ ഈ നികുതി സമ്പ്രദായത്തെ അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞതാക്കുന്നു. നികുതി വെട്ടിക്കുന്നവരുടെ അന്തകനാവാന്‍ ജിഎസ്ടിക്ക് സാധിച്ചിട്ടില്ലെന്നതാണ് രണ്ടാമത്തെ പോരായ്മ. ഇപ്പോഴും നികുതി വെട്ടിപ്പുകാര്‍ സസുഖം അവരുടെ കലാപരിപാടി സംഘടിപ്പിച്ചു പോരുന്നു. പ്രതിമാസ നികുതി പിരിവ് ലക്ഷം കടന്നെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ വളര്‍ന്നില്ലെന്നതാണ് മറ്റൊരു തിരിച്ചടി. ജിഎസ്ടി സംവിധാനം പൊളിച്ചെഴുതേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്.

2019 മേയ് മാസത്തില്‍ ജിഎസ്ടി പിരിവ് കഷ്ടിച്ച് ഒരു ലക്ഷം കടക്കുകയുണ്ടായി. ഏപ്രിലില്‍ 1.13 ലക്ഷം കോടി രൂപയിലേക്ക് എത്തിയതിന് ശേഷമാണ് ഈ കൂപ്പുകുത്തലുണ്ടായത്. നികുതി വരുമാന നഷ്ടമുണ്ടായാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യതപ്പെട്ടിരിക്കുന്നു. പ്രതിമാസം 1.14 ലക്ഷം കോടി രൂപ നികുതിയായി പിരിഞ്ഞു കിട്ടിയാലേ ഇത് സാധിക്കൂ എന്നിരിക്കെ നിലവില്‍ ജിഎസ്ടി കേന്ദ്ര സര്‍ക്കാരിന് നഷ്ടക്കച്ചവടമായി തുടരുകയാണ്.

ഈ പ്രശ്‌നങ്ങളെല്ലാം ഒറ്റയടിക്ക് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ എന്തെങ്കിലും മാന്ത്രികവടി ഉണ്ടെന്ന് പ്രതീക്ഷിക്കാനാവില്ല. അതേസമയം ജിഎസ്ടി നടപ്പാക്കിയിരുന്നില്ലെങ്കില്‍ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിനും യാതൊരു പ്രസക്തിയുമില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച നികുതി പരിഷ്‌കരണ നടപടി തന്നെയാണ് ജിഎസ്ടി. പക്ഷേ നടത്തിപ്പിലെ ചെറിയ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇതിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ലഭിക്കില്ലെന്നു മാത്രം. അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത താല്‍പ്പര്യങ്ങളും പുലര്‍ത്തുന്ന 29 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഒറ്റ നൂലില്‍ കോര്‍ക്കാനുള്ള ശ്രമത്തിന്റെ ഫലമായുണ്ടായതാണ് അര ഡസനോളം നികുതി സ്ലാബുകളും ഉയര്‍ന്ന നിരക്കും. 14 ശതമാനം പ്രതിവര്‍ഷ നികുതി വരുമാന വര്‍ധനയെന്ന ആകര്‍ഷണത്തിന്റെ പേരിലാണ് പല സംസ്ഥാനങ്ങളും ജിഎസ്ടിയില്‍ അംഗമായത്. ഇത് ഉറപ്പാക്കാന്‍ നികുതി നിരക്കും ഉയര്‍ത്തിയേ പറ്റൂ എന്ന ദുര്‍ഘടത്തിലാണ് കേന്ദ്രം.

നിരക്ക് കുറയ്ക്കുകയും വരുമാനം ഉയര്‍ത്തുകയും ചെയ്യാനുള്ള മറ്റൊരു മാര്‍ഗം, നികുതി വെട്ടിപ്പുകാര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി രംഗത്തിറങ്ങുകയെന്നതാണ്. പക്ഷേ ഇത് ഒട്ടും എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ജിഎസ്ടിയുടെ പിഴവിന് കേന്ദ്രം ഉത്തരം പറയട്ടെ, ഞങ്ങള്‍ക്ക് കൃത്യമായി വരുമാനം കിട്ടിയാല്‍ മതിയെന്ന പല സംസ്ഥാനങ്ങളുടെയും നിലപാടും നിയമത്തിന്റെ കര്‍ശന നടപ്പാക്കലിന് രാഷ്ട്രീയ തീരിച്ചടിയാവുന്നുണ്ട്. ജിഎസ്ടി നടപ്പാക്കിയ ലോക രാജ്യങ്ങളിലെ സര്‍ക്കാരുകളൊന്നും തുടര്‍ഭരണം നേടുന്നതില്‍ വിജയിച്ചിട്ടില്ല. പിന്നീട് വന്ന സര്‍ക്കാരുകള്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. നികുതി പരിഷ്‌കരണം നടപ്പാക്കിയ ശേഷവും രാഷ്ട്രീയ വിജയം നേടിയ മോദി 2.0 സര്‍ക്കാരിന്റെ മുന്നില്‍ അതിനാല്‍ വലിയ വെല്ലുവിളിയാണുള്ളത്. നികുതിയില്‍ വെള്ളം ചേര്‍ക്കാതെ, പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോവേണ്ടതുണ്ട്. നികുതി സ്ലാബുകള്‍ മൂന്നായെങ്കിലും കുറക്കുകയും ഒരു ഉയര്‍ന്ന ആഡംബര നികുതി ഏര്‍പ്പെടുത്തുകയാവും കരണീയം.

Categories: Editorial, Slider
Tags: GST