രണ്ടായിരത്തോളം ഔഷധച്ചെടികള്‍ക്ക് വംശനാശം

രണ്ടായിരത്തോളം ഔഷധച്ചെടികള്‍ക്ക് വംശനാശം

രാജസ്ഥാനിലെ രണ്ടായിരത്തോളം ഔഷധ സസ്യങ്ങള്‍ വംശനാശഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം, അമിത ചൂഷണം എന്നിവയാണ് രാജസ്ഥാനിലെ ഔഷധ സസ്യങ്ങളെ ഇല്ലാതാക്കന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രണ്ടു ദശകം മുമ്പ് ജയ്പൂരിന് ചുറ്റും ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന ഒട്ടേറെ സസ്യങ്ങള്‍ ലഭ്യമായിരുന്നുവെന്ന് രാജസ്ഥാന്‍ സര്‍വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പയല്‍ ലോധ പറയുന്നു.

ഒന്നു നഗരപ്രദക്ഷിണം നടത്തിയാല്‍ത്തന്നെ ആ പ്രദേശത്തെ മിക്ക ഔഷധ സസ്യങ്ങളും കണ്ടെത്താന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ വനമേഖലയ്ക്കുള്ളില്‍ പോയി ഗോത്രസമൂഹങ്ങളുമായി സംസാരിച്ച് ഒട്ടേറെ അലഞ്ഞ ശേഷമാണ് പല സസ്യങ്ങളും കിട്ടുന്നതു തന്നെ. ആയുര്‍വ്വേദങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഈ സസ്യങ്ങളെ ഗ്രാമീണ ജനതയാണ് ഇന്നു പരിപാലിക്കുന്നതെന്ന് ലോധ പറഞ്ഞു. കാന്‍സര്‍ വരെ ഭേദമാക്കാന്‍ പറ്റുന്ന ചെടികള്‍ സംസ്ഥാനത്തുണ്ടെന്ന് ബോട്ടണി അധ്യാപകന്‍ റിദ്ദു പല്‍വത്ത് അവകാശപ്പെടുന്നു. എന്നാല്‍ ഈ ഔഷധ സസ്യങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് അവര്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നും റിദ്ദു പറയുന്നു. ഇത്തരം ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് കാര്യമായ നടപടികളെടുത്തിട്ടില്ലെന്ന്. ഗോത്രസമുദായങ്ങളായ മീന, ഭീല്‍, ബിഷ്‌നോയ് വിഭാഗങ്ങള്‍ ആണ് ഈ സസ്യങ്ങള്‍ ഉപയോഗിക്കുന്നത്. ഈ സസ്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൗരാണികതിരുവെഴുത്തുകളിലും കാണാം. മുറിവുകളില്‍ നിന്നുള്ള രക്തപ്രവാഹം തടയാന്‍ ‘ബൂട്ടി’ എന്നൊരു ചെടി ഉപയോഗിക്കാറുണ്ട്. ഭീല്‍ സമൂഹം കാലങ്ങളായി ഉപയോഗിക്കുന്ന ഈ മരുന്നിന് വിപണിയില്‍ നല്ല ഡിമാന്‍ഡാണ്. ഈ സസ്യങ്ങളുടെ സ്വഭാവത്തെക്കുറിച്ച് അറിയാന്‍ ശാസ്ത്രീയ പഠനങ്ങള്‍ വേണം. പക്ഷേ, സംസ്ഥാനത്തെ ഗവേഷണ സൗകര്യങ്ങള്‍ കാര്യമായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Health