ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് പരിധിയില്ലാതെ ഓഹരി സ്വന്തമാക്കാം

ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് പരിധിയില്ലാതെ ഓഹരി സ്വന്തമാക്കാം
  • ലക്ഷ്യം കൂടുതല്‍ വിദേശനിക്ഷേപം
  • കമ്പനികളുടെ നിയന്ത്രണങ്ങള്‍ തുടരും
  • സാമ്പത്തിക വളര്‍ച്ചയ്ക്ക് നാഴികകല്ലാകുന്ന തീരുമാനം

റിയാദ്: വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പൊതു ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന കമ്പനികളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില നിയന്ത്രണങ്ങള്‍ സൗദി അറേബ്യ എടുത്തുമാറ്റി. ബാങ്കിംഗ് മുതല്‍ പെട്രോകെമിക്കല്‍ വരെയുള്ള മേഖലകളില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ തീരുമാനത്തോടെ വന്നു ചേര്‍ന്നിരിക്കുന്നത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളിലെ ഓഹരികള്‍ സ്വന്തമാക്കുന്നതിന് ഇനിമുതല്‍ വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിധിയും കുറഞ്ഞ പരിധിയും ഉണ്ടായിരിക്കില്ലെന്ന് റിയാദ് ആസ്ഥാനമായുള്ള കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി(സിഎംഎ) അറിയിച്ചു.സൗദിയിലെ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പരമാവധി 49 ശതമാനം ഓഹരികള്‍ മാത്രമേ നേരത്തെ വിദേശ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളു. യോഗ്യരായ നിക്ഷേപകര്‍ക്ക് ഈ മാനദണ്ഡം ബാധകമായിരിക്കില്ലെന്ന് സിഎംഎ വെബ്‌സൈറ്റില്‍ പറയുന്നു.

സൗദി അറേബ്യയുടെ സാമ്പത്തിക മേഖലയില്‍ നാഴികക്കല്ലാണ് ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് പരിധികളില്ലാത്ത ഉടമസ്ഥാവകാശം നല്‍കാനുള്ള തീരുമാനം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൗദി ഓഹരിവിപണി വിദേശ നിക്ഷേപകര്‍ക്കായി തുറന്ന് നല്‍കിയത്. എണ്ണവിലയില്‍ ഇടിവുണ്ടായതിന് ശേഷം എണ്ണവ്യാപാരത്തിന് പുറത്തുള്ള വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് സൗദി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയങ്ങള്‍ സൗദി നടപ്പിലാക്കുന്നതും. ഇക്കാര്യത്തില്‍ ഓഹരിവിപണിയെ വലിയ സാധ്യതയായാണ് സൗദി കണക്കാക്കുന്നത്. രാജ്യത്തെ ഓഹരി വിപണിയെ വളര്‍ന്നുവരുന്ന വിപണി സൂചികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ എംഎസ്‌സിഐ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു.

അതേസമയം മുഖ്യ വിപണി നിയന്ത്രകര്‍ വിദേശ നിക്ഷേപകര്‍ക്കായുള്ള ഓഹരി ഉടമസ്ഥാവകാശ പരിധി എടുത്തു കളഞ്ഞെങ്കിലും മറ്റ് നിയന്ത്രകരുടെയും കമ്പനികളുടെയും ഉടമസ്ഥാവകാശ നിയന്ത്രണങ്ങള്‍ വിദേശ നിക്ഷേപകര്‍ക്ക് ഇപ്പോഴും ബാധകമാണ്. വിദേശ നിക്ഷേപകരുടെ പങ്കാളിത്തം അനുവദിക്കാത്ത ജബല്‍ ഒമര്‍ ഡെവലപ്‌മെന്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഇതിന് ഉദാഹരണമാണ്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ നേരത്തെയുണ്ടായിരുന്ന ഓഹരി ഉടമസ്ഥാവകാശ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെങ്കിലും കൂടുതല്‍ ഓഹരികള്‍ നേടുന്നതിന് ഇത് ഒരു തടസമായിരിക്കില്ല. നിശ്ചിത പരിധിയില്‍ കവിഞ്ഞ് ഓഹരികള്‍ സ്വന്തമാക്കുന്നതിന് അവര്‍ മറ്റ് നിക്ഷേപകരില്‍ നിന്നും അനുമതി തേടേണ്ടി വരും എന്നുമാത്രം. വിദേശികള്‍ക്ക് മാത്രമല്ല, സൗദി നിക്ഷേപകര്‍ക്കും ഈ നിബന്ധന ബാധകമാണെന്ന് സിഎംഎ ചെയര്‍മാന്‍ മുഹമ്മദ് എല്‍ ഖുവൈസ് പറഞ്ഞു.

സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയില്‍ ഓഹരികള്‍ വാങ്ങിക്കുന്ന വിദേശ നിക്ഷേപകര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അവ കൈവശം വെക്കണമെന്ന നിബന്ധനയും സിഎംഎ മുമ്പോട്ടുവെക്കുന്നു. അതേസമയം നിലവില്‍ സൗദി കമ്പനികളുടെ ഓഹരികള്‍ സ്വന്തമായുള്ള വിദേശ നിക്ഷേപകര്‍ക്ക് രണ്ട് വര്‍ഷ സമയപരിധി ബാധകമല്ല, ഓഹരികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കാത്ത പക്ഷം. ഇനി അഥവാ പുതിയ ഓഹരികള്‍ വാങ്ങുകയാണെങ്കില്‍ രണ്ട് വര്‍ഷം അവ വില്‍ക്കാതെ കാത്തൂസൂക്ഷിച്ചേ മതിയാകൂ.

തന്ത്രപരമായ വിദേശ നിക്ഷേപത്തിന്റെ പരിധി എടുത്തുകളയാനുള്ള തീരുമാനം വാണിജ്യ ബാങ്കുകളിലെ ഭൂരിപക്ഷം ഓഹരികള്‍ സ്വന്തമാക്കാന്‍ അന്താരാഷ്്ട്ര ബാങ്കുകളെ സഹായിക്കും. 1970കള്‍ക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു അവസരം ഉണ്ടാകുന്നത്. അന്ന് പ്രാദേശിക ബാങ്കുകളില്‍ ഉണ്ടായിരുന്ന ഓഹരി ഉടമസ്ഥാവകാശം സൗദി പൗരന്മാര്‍ക്ക് വില്‍ക്കാന്‍ സൗദി സര്‍ക്കാര്‍ അന്താരാഷ്ട്ര ബാങ്കുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ഓഹരി വിപണിയാണ് സൗദിയിലേത്. ബ്ലൂംബര്‍ഗില്‍ നിന്നുള്ള കണക്ക് പ്രകാരം ഏതാണ്ട് 540 ബില്യണ്‍ ഡോളറിന്റെ ഓഹരി നിക്ഷേപമാണ് ഇവിടെയുള്ളത്.

Comments

comments

Categories: Arabia