നീരവ് മോദിയുടെ സ്വിസ് എക്കൗണ്ടുകള്‍ മരവിപ്പിച്ചു

നീരവ് മോദിയുടെ സ്വിസ് എക്കൗണ്ടുകള്‍ മരവിപ്പിച്ചു

283 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന നാല് എക്കൗണ്ടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യ പ്രകാരം മരവിപ്പിച്ചത്

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ പണം തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയുടെയും സഹോദരിയായ പൂര്‍വി മോദിയുടെയും പേരിലുള്ള നാല് സ്വിസ് ബാങ്ക് എക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മരവിപ്പിച്ചു. ഇവര്‍ക്കെതിരായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് എക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് അന്വേഷണ വിഭാഗം അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഈ എക്കൗണ്ടുകളില്‍ 283.16 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അപേക്ഷ പ്രകാരം എക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്വിസ് ബാങ്ക് അധികൃതര്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ എക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡ്‌ലി ഹൗസ് ശാഖയില്‍ നിന്നും 13,000 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യവസായിയായ നീരവ് മോദി നിലവില്‍ ലണ്ടനില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ്. മാതുലന്‍ മെഹുല്‍ ചോക്‌സിയും സഹോദരി പൂര്‍വി മോദിയും കേസില്‍ പ്രതികളാണ്.

Comments

comments

Categories: Current Affairs
Tags: nirav modi