പിഎസ്ബികള്‍ക്ക് 40,000 കോടി മൂലധന സഹായം ലഭിച്ചേക്കും

പിഎസ്ബികള്‍ക്ക് 40,000 കോടി മൂലധന സഹായം ലഭിച്ചേക്കും
  • മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി സര്‍ക്കാര്‍ 3,000-5,000 കോടി രൂപയുടെ മൂലധന പാക്കേജ് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • 2018-2019ല്‍ 1.06 ലക്ഷം കോടി രൂപയുടെ മൂലധന സഹായമാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയത്
  • 2017 സാമ്പത്തിക വര്‍ഷം 88,139 കോടി രൂപ നല്‍കിയിരുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 30,000-40,000 കോടി രൂപയുടെ മൂലധന സഹായം നല്‍കിയേക്കും. മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി സര്‍ക്കാര്‍ 3,000-5,000 കോടി രൂപയുടെ മൂലധന പാക്കേജ് അനുവദിച്ചേക്കുമെന്നും ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ലാഭ വിഹിതത്തിന്റെ കൈമാറ്റം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള മൂലധന സഹായം വീണ്ടും ബോണ്ടുകളുടെ റീകാപ്പിറ്റലൈസേഷന്‍ വഴിയാകാനാണ് സാധ്യത. ബജറ്റ് പരിധിയില്‍ ഈ ബോണ്ടുകള്‍ കണക്കാക്കില്ലെങ്കിലും ഇതിന്റെ പലിശ നല്‍കുന്നത് ബജറ്റ് വിഹിതത്തില്‍ നിന്നായിരിക്കും.

അടുത്ത മാസം അഞ്ചാം തിയതി അവതരിപ്പിക്കാനിരിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ബോണ്ടുകളുടെ മുഴുവന്‍ തുകയും കണക്കാക്കും. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കോ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കോ മൂലധന പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കടം വീട്ടാനുള്ള കഴിവ് കുറവാണെന്ന് ചൂണ്ടിക്കാണിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ സുഭാഷ് കുണ്ഡിയ രംഗത്തെത്തിയിരുന്നു.

മികച്ച മൂലധന ശേഷിയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എഫ്എസ്ഡിസി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂലധന സഹായം നല്‍കുന്ന വിഷയം വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയത്.

നാഷണല്‍, ഓറിയന്റല്‍, യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി 4,000 കോടി രൂപ അനുവദിക്കണമെന്ന് ഈ വര്‍ഷം ആദ്യം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎഫ്എസ്) ആവശ്യപ്പെട്ടിരുന്നു. കരുതല്‍ മൂലധന അനുപാതം (1.5) നിലനിര്‍ത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പൊതുമേഖലാ ബാങ്കുകളും കടുത്ത പ്രതിസന്ധിയിലാണ്. ബാങ്കുകളുടെ വായ്പാ ശേഷി നിലനിര്‍ത്തുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കേണ്ടതുണ്ടെന്നാണ് സര്‍ക്കാരില്‍ ഒരു ഭാഗം ആളുകള്‍ വിശ്വസിക്കുന്നത്.

ബാങ്കുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഏകീകരണ നടപടികളിലേക്ക് കടന്നത്. മതിയായ മൂലധന ശേഷിയുള്ള ബാങ്കുകളെ ലയിപ്പിച്ച് വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മൂലധന സഹായം നല്‍കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുക്കുന്നത് സാമ്പത്തികകാര്യ വകുപ്പ് ആയിരിക്കും.

മാന്യമായ കിട്ടാക്കട അനുപാതമുള്ള ബാങ്കുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള മൂലധന സഹായമായിരിക്കും ലഭ്യമാക്കുക. കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമായിട്ടുള്ള അലഹബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്ക് റെഗുലേറ്ററി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ മൂലധന സഹായം നല്‍കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.06 ലക്ഷം കോടി രൂപയുടെ മൂലധന സഹായമാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയത്. 2017 സാമ്പത്തിക വര്‍ഷം 88,139 കോടി രൂപ നല്‍കിയിരുന്നു.

2020 മാര്‍ച്ച് മാസത്തോടെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം എന്‍പിഎ 10.6 ശതമാനമായി ചുരുങ്ങുമെന്നാണ് റേറിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2018 മാര്‍ച്ചില്‍ ബാങ്കുകളുടെ എന്‍പിഎ 14.6 ശതമാനമായിരുന്നു. 2018 മാര്‍ച്ചില്‍ 8,95,601 കോടി രൂപയായിരുന്ന എന്‍പിഎ 2019 മാര്‍ച്ചില്‍ 8,06,412 കോടി രൂപയായി ചുരുങ്ങി. പൊതുമേഖലാ ബാങ്കുകളുടെ ആസ്തി നിലവാരം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടത്തില്‍ 80 ശതമാനം പങ്കാളിത്തം പൊതുമേഖലാ ബാങ്കുകള്‍ക്കായിരുന്നു.

2014 സാമ്പത്തിക വര്‍ഷം മുതല്‍ 2.5 ലക്ഷം കോടി രൂപയുടെ മൂലധന സഹായമാണ് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയത്. എന്നിട്ടും മൊത്തം ബാങ്കുകളുടെ വിപണി മൂല്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 2014 മേയ് 23ലെ 42.93 ശതമാനത്തില്‍ നിന്നും 26.04 ശതമാനമായി കുറഞ്ഞു. നിലവില്‍ പൊതുമേഖലാ ബാങ്കുകളുടെ വിപണി മൂല്യം നാല് ലക്ഷം കോടിക്കു മുകളിലാണ്.

Comments

comments

Categories: FK News
Tags: Capital aid, PSB