റിവോള്‍ട്ട് ആര്‍വി 400 ബുക്കിംഗ് ആരംഭിച്ചു

റിവോള്‍ട്ട് ആര്‍വി 400 ബുക്കിംഗ് ആരംഭിച്ചു

റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആയിരം രൂപ നല്‍കി ബുക്കിംഗ് നടത്താം. അടുത്ത മാസം ഡെലിവറി ചെയ്തുതുടങ്ങും

ന്യൂഡെല്‍ഹി : ആര്‍വി 400 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്‌സ് അറിയിച്ചു. റിവോള്‍ട്ട് മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആയിരം രൂപ നല്‍കി ബുക്കിംഗ് നടത്താവുന്നതാണ്. ബുക്കിംഗ് ക്രമമനുസരിച്ച് അടുത്ത മാസം ഡെലിവറി ചെയ്തുതുടങ്ങും. റെബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോള്‍ട്ട് ആര്‍വി 400 ലഭിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്ന സമയത്ത്, ആമസോണിലും ബുക്കിംഗ് നടത്താന്‍ കഴിയുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലില്‍ ബുക്കിംഗ് സൗകര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. തല്‍ക്കാലം ഡെല്‍ഹി, പുണെ എന്നിവിടങ്ങളിലുള്ളവര്‍ക്ക് മാത്രമേ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ചെന്നൈ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ നാല് മാസത്തിനുള്ളില്‍ ബുക്കിംഗ് സൗകര്യമൊരുക്കും.

ചൈനീസ് കമ്പനിയായ സൂപ്പര്‍ സോക്കോയുടെ ടിസി മാക്‌സ് എന്ന മോട്ടോര്‍സൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ആര്‍വി 400 നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ മിക്കവാറും എല്ലാ ബോഡി പാനലുകളും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ്ണ ഡിജിറ്റലായ ഡാഷ്, 4ജി കണക്റ്റിവിറ്റി തുടങ്ങിയവ ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. ബോള്‍ട്ട് ചെയ്ത സബ്‌ഫ്രെയിം, യുഎസ്ഡി ഫോര്‍ക്കുകള്‍, മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ട്രാന്‍സ്മിഷന്‍ ഇല്ലാത്തതിനാല്‍, ഹാന്‍ഡില്‍ബാറില്‍ റിയര്‍ ബ്രേക്ക് ലിവര്‍ നല്‍കിയിരിക്കുന്നു.

156 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത്. മണിക്കൂറില്‍ 85 കിലോമീറ്ററായി ടോപ് സ്പീഡ് പരിമിതപ്പെടുത്തിയിരിക്കുന്നു. മൊബീല്‍ സ്വാപ്പിംഗ് സ്റ്റേഷനുകളും റിവോള്‍ട്ട് മോട്ടോഴ്‌സ് ആരംഭിക്കും. ഈ സ്‌റ്റേഷനുകള്‍ എവിടെയെല്ലാമെന്ന് ആപ്പ് വഴി അറിയാം. ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി റീച്ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിക്കാനാണ് സൗകര്യമൊരുക്കുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി വീട്ടിലിരുന്ന് ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യാനും കഴിയും.

Comments

comments

Categories: Auto