മേയിലെ കറന്‍സി വിന്യാസം നോട്ട് അസാധുവാക്കലിനു മുമ്പുള്ളതിനേക്കാള്‍ 22% അധികം

മേയിലെ കറന്‍സി വിന്യാസം നോട്ട് അസാധുവാക്കലിനു മുമ്പുള്ളതിനേക്കാള്‍ 22% അധികം

ഈ വര്‍ഷം മേയ് അവസാനത്തിലെ കണക്ക് പ്രകാരം വിനിമയത്തിലുള്ള നോട്ടുകളുടെ മൊത്തം മൂല്യം 21.71 ട്രില്യണ്‍ രൂപയാണ്. നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്ന കാലഘട്ടത്തേക്കാള്‍ 22 ശതമാനം അധികമാണ് ഇപ്പോഴത്തെ വിന്യാസമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടി പ്രകാരം 17,74,187 കോടി രൂപയുടെ മൊത്തം മൂല്യമുള്ള നോട്ടുകളാണ് 2016 നവംബര്‍ 4ലെ കണക്ക് പ്രകാരം വിനിമയത്തില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം മേയ് 31ലെ കണക്ക് പ്രകാരം അത് 21,71,385 കോടി രൂപയിലേക്കെത്തി.
2014 ഒക്‌റ്റോബര്‍ മുതല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.51 ശതമാനത്തിന്റെ വളര്‍ച്ചയാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. വിനിമയത്തിലുള്ള നോട്ടുകള്‍ വെട്ടിച്ചുരുക്കി കള്ളപ്പണത്തെ നേരിടുന്നതിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നോട്ട് അസാധുവാക്കല്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. നോട്ട് അസാധുവാക്കലിന് പിന്നാലെ ഡിജിറ്റല്‍വല്‍ക്കരണം വര്‍ധിച്ചതും അസംഘടിത മേഖലയിലെ നോട്ട് ഉപയോഗം കുറഞ്ഞതും വിനിമയത്തിലെ നോട്ടുകള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മറുപടിയില്‍ നിര്‍മല സീതാരാമന്‍ പറയുന്നു.

3,408.68 ബില്യണ്‍ രൂപയുടെ മൂല്യത്തിലുള്ള നോട്ടുകളുടെയെങ്കിലും കുറവ് വിനിമയത്തിലുള്ളതില്‍ വരുത്താന്‍ നോട്ട് അസാധുവാക്കല്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുക, ഭീകരതയ്ക്കുള്ള ഫണ്ടിംഗ് ഇല്ലാതാക്കുക, സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സംഘടിത മേഖലയിലേക്ക് എത്തിക്കുക എന്നിവയും നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News

Related Articles