ഇന്ത്യയെ പിന്തുണച്ച് 55 ഏഷ്യ-പസഫിക് രാജ്യങ്ങള്‍

ഇന്ത്യയെ പിന്തുണച്ച് 55 ഏഷ്യ-പസഫിക് രാജ്യങ്ങള്‍
  • ചൈനയടക്കം 55 ഏഷ്യ പസഫിക് രാജ്യങ്ങളുടെ കൂട്ടായ്മ ഇന്ത്യയെ പിന്താങ്ങി
  • 2021-22 കാലയളവിലേക്കാണ് ഇന്ത്യ രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗമാവുക
  • യുഎന്‍ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന ഇന്ത്യക്ക് ആവേശം പകരുന്ന സംഭവവികാസം

രണ്ടു വര്‍ഷത്തേക്ക് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ താല്‍ക്കാലിക അംഗമാകാനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഏഷ്യ പസഫിക് ഗ്രൂപ്പ് ഏകകണ്‌ഠേന പിന്തുണച്ചിരിക്കുന്നു. പിന്തുണച്ച 55 രാജ്യങ്ങള്‍ക്കും നന്ദി

     -സയ്യദ് അക്ബറുദ്ദീന്‍

      ഇന്ത്യയുടെ യുഎന്‍ സ്ഥിരം പ്രതിനിധി

ന്യൂഡെല്‍ഹി: യുഎന്‍ രക്ഷാ സമിതിയില്‍ അംഗമാകാനുള്ള ശ്രമത്തില്‍ ഒരു പടികൂടി മുന്നേറി ഇന്ത്യ. 2021-22 കാലഘട്ടത്തിലേക്കുള്ള യുഎന്‍ രക്ഷാ സമിതിയുടെ താല്‍ക്കാലിക അംഗമാകാന്‍ ഇന്ത്യക്ക് 55 രാജ്യങ്ങളടങ്ങുന്ന ഏഷ്യ പസഫിക് ഗ്രൂപ്പ് പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തില്‍ സാമ്പത്തിക, സൈനിക, നയതന്ത്ര കരുത്ത് കാട്ടാനാരംഭിച്ച ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര വിജയമാണിത് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാന്‍, ചൈനയുമടങ്ങിയ സംഘടനയാണ് ഇന്ത്യയുടെ അംഗത്വത്തെ ഏകകണ്‌ഠേന പിന്തുണച്ചത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ഇറാന്‍, ജപ്പാന്‍, കുവൈറ്റ്, കര്‍ഗിസ്ഥാന്‍, മലേഷ്യ, മാലദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, ടര്‍ക്കി, യുഎഇ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്താങ്ങി.

15 അംഗ രക്ഷാസമതിയിലെ 2021-22 കാലയളവിലേക്കുള്ള അഞ്ച് താല്‍കാലിക അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജൂണിലാണ് നടക്കുക. 193 അംഗങ്ങളുള്ള യുഎന്‍ പൊതുസഭയാണ് യുഎന്‍ രക്ഷാ സമിതിയിലെ രണ്ട് വര്‍ഷ കാലത്തേക്കുള്ള താല്‍കാലികാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അഞ്ച് അംഗത്വവും പൗരസ്ത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒന്ന്, ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളില്‍ നിന്ന് രണ്ട്, പാശ്ചാത്യ യൂറോപ്, മറ്റ് രാജ്യങ്ങള്‍ എന്നിവയില്‍ നിന്ന് ഒന്ന് എന്നിങ്ങനെ മേഖലാടിസ്ഥാനത്തിലാണ് പത്ത് താല്‍ക്കാലിക അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ഈ മാസം ആദ്യം എസ്‌തോണിയ, നൈഗര്‍, സെന്റ് വിന്‍സന്റ് ആന്‍ഡ് ദ ഗ്രനഡീസ്, ടുണീഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ 2020 ജനുവരി മുതല്‍ രണ്ടു വര്‍ഷത്തേക്കുള്ള രക്ഷാ സമതിയി താല്ഡക്കാലിക അംഗത്വം നേടിയിരുന്നു. നിലവില്‍ ബെല്‍ജിയം, ഐവറി കോസ്റ്റ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ജര്‍മ്മനി, ഇന്തോനേഷ്യ, കുവൈറ്റ്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് യുഎന്‍ രക്ഷാ സമിതിയിലെ താല്‍കാലിക അംഗങ്ങള്‍. യുഎസ്, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവരാണ് സമിതിയിലെ സ്ഥിരാംഗങ്ങള്‍. യുഎന്‍ രക്ഷാ സമിതി വികസിപ്പിക്കണമെന്നും സ്ഥിരാഗത്വം നല്‍കണമെന്നുമാണ് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഭൗമ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതല്ല നിലവിലെ രക്ഷാ സമിതി സംവിധാനമെന്നും ഇന്ത്യ വാദിക്കുന്നു. ചൈനയൊഴിച്ചുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വ വാദത്തെ പിന്തുണക്കുന്നുണ്ട്.

Categories: FK News, Slider