സൗരോര്‍ജ പദ്ധതികളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

സൗരോര്‍ജ പദ്ധതികളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത
  • ഏതാനും വര്‍ഷംകൊണ്ട് 1,000 മെഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദന ശേഷി വികസിപ്പിക്കാനാണ് വേദാന്ത ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് അമിത് അഗര്‍വാള്‍
  • നിലവില്‍ 300 മെഗാവാട്ട് ഊര്‍ജമാണ് കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും വേദാന്ത ഉല്‍പ്പാദിപ്പിക്കുന്നത്

ന്യൂഡെല്‍ഹി: സൗരോര്‍ജ പദ്ധതികളില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങി വേദാന്ത ഗ്രൂപ്പ്. ഏതാനും വര്‍ഷംകൊണ്ട് 1,000 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനാണ് ഗ്രൂപ്പിന്റെ നീക്കം. സര്‍ക്കാരിന്റെ പദ്ധതികള്‍ നേടുന്നതിന് വേദാന്ത ആക്രമണോത്സുകമായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

കാര്‍ബണ്‍ പുറത്തള്ളല്‍ കുറവുള്ള സൗരോര്‍ജത്തിന്റെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. ബജറ്റ് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനില്‍ അഗര്‍വാളും പങ്കെടുത്തിരുന്നു.

രാജ്യത്ത് പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജോല്‍പ്പാദാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തന്നെ ആകര്‍ഷിച്ചതായി അനില്‍ അഗര്‍വാള്‍ പറഞ്ഞു. എണ്ണ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ഇത് ഇന്ത്യയെ സഹായിക്കും. പുനരുല്‍പ്പാദന ഊര്‍ജത്തിലാണ് തങ്ങള്‍ പരമാവഝി ശ്രദ്ധ കൊടുക്കുന്നത്. സര്‍ക്കാരിന്റെ വലിയ പദ്ധതികള്‍ക്കായുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കുമെന്നും ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തില്‍ 20 ശതമാനം പുനരുപയോഗ സ്രോതസ്സില്‍ നിന്നുള്ളതാക്കാനാണ് തങ്ങള്‍ നോക്കുന്നതെന്നും അനില്‍ അഗര്‍വാള്‍ വ്യക്തമാക്കി.

എണ്ണ, പാചകവാതക വിഭാഗത്തില്‍ വേദാന്ത തുടര്‍ന്നും നിക്ഷേപം നടത്തും. നിരവധി എണ്ണ, വാതക പാടങ്ങള്‍ തങ്ങളുടെ നിയന്ത്രണിലുണ്ടെന്നും രാജസ്ഥാനിലുള്ള എണ്ണ പാടങ്ങളില്‍ നിന്നും മതിയായ ഉല്‍പ്പാദനം രേഖപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനില്‍ അഗര്‍വാള്‍ അറിയിച്ചു.

ദീര്‍ഘകാലത്തേക്ക് എണ്ണയും പാചക വാതകവും ഇന്ത്യക്ക് ആവശ്യമായി വരും. പ്രകൃതി സ്രോതസ്സുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും നല്‍കണം. സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഇറക്കുമതി കുറയ്ക്കാനുമുള്ള ശേഷി ഈ മേഖലയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരാഗത ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് പുറമെ പുനരുല്‍പ്പാദന ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കാനും വേദാന്തയ്ക്ക് താല്‍പ്പര്യമുണ്ട്. നിലവില്‍ 300 മെഗാവാട്ട് ഊര്‍ജമാണ് കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും വേദാന്ത ഉല്‍പ്പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതികളിലൂടെ ഈ ശേഷി വര്‍ധിപ്പിക്കാനാണ് കമ്പനി നോക്കുന്നത്.

300 മെഗാ വാട്ടില്‍ നിന്നും ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ആയിരം മെഗാവാട്ടിലേക്ക് കുതിക്കാനാണ് തങ്ങളുടെ ലക്ഷ്യം. രാജ്യത്ത് പുനരുല്‍പ്പാദന ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും വരും വര്‍ഷങ്ങളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ചെലവ് ചുരുക്കാനും ഇത് സഹായിക്കുമെന്നും അനില്‍ അഗര്‍വാള്‍ വിശദീകരിച്ചു.

Comments

comments

Categories: FK News