പോപിയോയുടെ ദൗത്യം

പോപിയോയുടെ ദൗത്യം

ജി-20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും പ്രത്യേക കൂടിക്കാഴ്ച നടത്താനിരിക്കെ പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരമുണ്ടാക്കാനുള്ള ഉന്നതതല ശ്രമമാണ് ഈ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മിലുണ്ടായിരുന്ന സൗഹൃദബന്ധത്തിന്റെ ആഴം ഇരുവരുടെയും ശാരീരിക ഭാഷകളില്‍ നിന്ന് പ്രശസ്തമാണ്. അന്നത്തെ യുഎസ് പ്രസിഡന്റിനെ വിശേഷണങ്ങളൊന്നും ചേര്‍ക്കാതെ ‘ബരാക്ക്’ എന്നു വിളിച്ച മോദിയും തിരികെ ‘എന്റെ സുഹൃത്ത് നരേന്ദ്ര’ എന്ന് പ്രതികരിച്ച ഒബാമയും ഇന്ത്യ-യുഎസ് തന്ത്രപരമായ ബന്ധത്തെ ആഴത്തില്‍ വേരോടിച്ചു. ഒബാമയുടെ സ്ഥാനത്തേക്കെത്തിയ വ്യവസായ പ്രമുഖന്‍ ഡൊണാള്‍ഡ് ട്രംപുമായി സമാനമായ സൗഹൃദ രസതന്ത്രം സൃഷ്ടിച്ചെടുക്കുന്നതില്‍ ഏതായാലും ഇന്ത്യന്‍ പ്രധാനമന്ത്രി ഏറെ വിജയിച്ചിട്ടില്ല. ചുഴിഞ്ഞുനോക്കിയാല്‍ ഇത് മോദിയുടെ മാത്രം പ്രശ്‌നമല്ലെന്ന് കാണാം. ലോകത്തെ മിക്കവാറും ഭരണാധികാരികളൊന്നും ട്രംപുമായി ആത്മാര്‍ത്ഥമായ സൗഹൃദം പുലര്‍ത്തുന്നില്ലെന്ന് മാത്രമല്ല ഒബാമക്കാലത്തെ എതിരാളികള്‍ പലരും അമേരിക്കയുടെ ശത്രുക്കളായും മാറിയിരിക്കുന്നു.

രാജ്യസുരക്ഷാപരവും സാമ്പത്തികവുമായ കാരണങ്ങള്‍ കൊണ്ട് യുഎസുമായി അടുത്ത ബന്ധം പുലര്‍ത്താനാണ് പരമ്പരാഗതമായി ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. പാക്കിസ്ഥാനെ വഴിവിട്ട് അമേരിക്ക സഹായിച്ച കാലത്ത് മാത്രമാണ് സോവിയറ്റ് യൂണിയനിലേക്ക് ഇന്ത്യ കൂടുതലായി അടുത്തത്. അതിര്‍ത്തികള്‍ കടന്ന് ഭീകരവാദത്തെ പിന്തുണക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും തങ്ങള്‍ക്ക് സാമ്പത്തിക, ശാക്തിക ഭീഷണിയായി വളരുന്ന ചൈനയെ ഒതുക്കാനും യുഎസ് തീരുമാനിച്ചതോടെയാണ് ഇന്ത്യയോടുള്ള പരിഗണന മെച്ചപ്പെട്ടതെന്നു മാത്രം. ഈ സൗഹൃദം ഇന്ന് തന്ത്രപരമായ പ്രതിരോധ പങ്കാളി എന്ന നിലയിലേക്ക് പോലും വളര്‍ന്നിരിക്കുന്നു.

എന്നാല്‍ ഏതാനും മാസങ്ങളായി ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികള്‍ ഇന്ത്യക്കും അങ്ങേയറ്റം ദോഷകരമായി ഭവിക്കുകയാണ്. പരസ്പര വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന അര ഡസനേളം സംഭവങ്ങളാണ് അടുത്തിടെയുണ്ടായിരിക്കുന്നത്. ചുളുവിലയ്ക്ക് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ഇറാന്‍ എണ്ണ അമേരിക്ക ഉപരോധം കൊണ്ടുവന്ന് മുടക്കിയതാണ് അവയില്‍ പ്രധാനം. ഉഭയകക്ഷി വ്യാപാരത്തില്‍ നിന്ന് കയറ്റുമതി ഇളവുകള്‍ നേടുന്ന ഇന്ത്യ യുഎസിന് അത് നിഷേധിക്കുന്നെന്നാരോപിച്ച് പ്രത്യേക വ്യാപാര പരിഗണന അവസാനിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് വേറൊന്ന്. 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതിയേര്‍പ്പെടുത്തി ഇന്ത്യ തിരിച്ചടിച്ചതോടെ വ്യാപാര സംഘര്‍ഷത്തിന്റെ സാഹചര്യം ഉടലെടുത്തിരിക്കുന്നു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതും യുഎസിസ് സഹിച്ചിട്ടില്ല. യുഎസിന്റെ പ്രതിരോധ പങ്കാളിയാണെന്ന് ആവര്‍ത്തിച്ച് ഇന്ത്യയെ ഓര്‍മിപ്പിക്കാനും ഇടപാടില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ശ്രമം. ചൈന ഈ സംവിധാനം അതിര്‍ത്തിയില്‍ വിന്യസിച്ച സാഹചര്യത്തില്‍ ഇനി ഇന്ത്യക്കും പിന്നോട്ട് പോകാനാവില്ലെന്നതാണ് യാഥാര്‍ഥ്യം.

ഈ പ്രശ്‌നങ്ങളുടെയെല്ലാം നടുവിലേക്കാണ് ഇന്നലെ വൈകിട്ട് യുഎസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ വിമാനമിറങ്ങിയിരിക്കുന്നത്. ഈ മാസം 28, 29 തിയതികളില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും പ്രത്യേക കൂടിക്കാഴ്ച നടത്താനിരിക്കെ പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരമുണ്ടാക്കാനുള്ള ഉന്നതതല ശ്രമമാണ് ഈ സന്ദര്‍ശനം. ഈ രണ്ട് ദിവസങ്ങളില്‍ പോംപിയോ ഡെല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകളാവും മോദി-ട്രംപ് കൂടിക്കാഴ്ചയുടെ ആധാരശിലയാവുക. ഇറാന്‍, വാണിജ്യ സംഘര്‍ഷം, റഷ്യന്‍ ഇടപാട്, ചൈനയുടെ പ്രകോപനം, ഭീകരവാദത്തിനെതിരൈായ പോരാട്ടം എന്നിവയിലെ വൈരുധ്യം പരിഹരിക്കാമെന്നാണ് ഇരു വശങ്ങളും ചിന്തിക്കുന്നത്. തന്ത്രപരമായ വിശാല താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത്, പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്ത് പ്രശ്‌നങ്ങള്‍ക്ക് രമ്യമായി പരിഹാരം കാണുന്നതായിരിക്കും ഇരു രാജ്യങ്ങളുടെയും ഉത്തമമായ താല്‍പ്പര്യത്തിന് അനുഗുണമാവുക. പോംപിയോയുടെ സന്ദര്‍ശനത്തെ ഇരു രാജ്യങ്ങളും അതീവ പ്രാധാന്യത്തോടെ കാണുന്നത് ഈ സാഹചര്യത്തിലാണ്.

Categories: Editorial, Slider
Tags: India- Us, Pompeo