മാറ്റ് സില്‍വര്‍ കളര്‍ ഓപ്ഷനില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125

മാറ്റ് സില്‍വര്‍ കളര്‍ ഓപ്ഷനില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125

59,995 രൂപ ഡെല്‍ഹി എക്‌സ് ഷോറൂം വില വരുന്ന ഡിസ്‌ക്ക് ബ്രേക്ക് വേരിയന്റില്‍ മാത്രമായിരിക്കും മാറ്റ് സില്‍വര്‍ കളര്‍ ഓപ്ഷന്‍ ലഭിക്കുന്നത്

ന്യൂഡെല്‍ഹി : മാറ്റ് സില്‍വര്‍ നിറത്തിലുള്ള എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍ പുറത്തിറക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125. ഒമ്പത് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഈ പുരസ്‌കാരലബ്ധി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കളര്‍ ഓപ്ഷനില്‍ സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചത്. സ്‌പെഷല്‍ എഡിഷന്‍ സ്‌കൂട്ടറിന്റെ ഏപ്രണില്‍ ‘സ്‌കൂട്ടര്‍ ഓഫ് ദ ഇയര്‍’ എന്ന് എഴുതിയിട്ടുണ്ടാകും. 59,995 രൂപ വില വരുന്ന ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ ഡിസ്‌ക്ക് ബ്രേക്ക് വേരിയന്റില്‍ മാത്രമായിരിക്കും മാറ്റ് സില്‍വര്‍ കളര്‍ ഓപ്ഷന്‍ ലഭിക്കുന്നത്. ഡ്രം ബ്രേക്ക് വേരിയന്റിന് 58,552 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് റെഡ്, മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ് എന്നീ നിലവിലെ ആറ് നിറങ്ങളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 തുടര്‍ന്നും ലഭിക്കും. ഇന്ത്യയില്‍ പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ സ്‌കൂട്ടറിന് കഴിഞ്ഞിരുന്നു.

2018 ഫെബ്രുവരിയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ കണക്റ്റഡ് സാങ്കേതികവിദ്യയുമായി വന്ന ആദ്യ 125 സിസി സ്‌കൂട്ടറാണ് എന്‍ടോര്‍ക്ക് 125. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ സഹിതം പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സവിശേഷതയാണ്. മറ്റ് നിരവധി സ്മാര്‍ട്ട് ഫീച്ചറുകളും നല്‍കി. സ്ട്രീറ്റ്, സ്‌പോര്‍ട്ട്, റൈഡ് എന്നിവ വിവിധ മോഡുകളാണ്. ലാപ് ടൈമര്‍, കോള്‍ & എസ്എംഎസ് അലര്‍ട്ടുകള്‍ എന്നിവയും ഫീച്ചറുകളാണ്.

‘ടി’ ആകൃതിയുള്ള ടെയ്ല്‍ലാംപ്, 12 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ആഫ്റ്റര്‍ബര്‍ണര്‍ സ്റ്റൈല്‍ റിയര്‍ വെന്റുകള്‍, തടിച്ച ടയറുകള്‍ എന്നിവയും സവിശേഷതകളാണ്.

സിവിടിഐ-റെവ് 124.79 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 3 വാല്‍വ്, എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്‌സി എന്‍ജിനാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 9.3 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 95 കിലോമീറ്ററാണ് ടോപ് സ്പീഡ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ഫില്‍ഡ് ഹൈഡ്രോളിക് ടൈപ്പ് കോയില്‍ സ്പ്രിംഗ് ഷോക്ക് അബ്‌സോര്‍ബറും നല്‍കിയിരിക്കുന്നു. മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കും നല്‍കി.

Comments

comments

Categories: Top Stories