കഥ പറഞ്ഞുകൊണ്ടിരുന്നാല്‍ വ്യാപാരം തളിര്‍ക്കുമോ?

കഥ പറഞ്ഞുകൊണ്ടിരുന്നാല്‍ വ്യാപാരം തളിര്‍ക്കുമോ?

ഉല്‍പ്പന്നങ്ങളുടെ മഹത്വത്തെക്കുറിച്ച് നടത്തുന്ന അമിത ബോധവല്‍ക്കരണങ്ങള്‍ ഉപഭോക്താക്കളില്‍ നിഷേധാത്മക സമീപനം ഉണ്ടാക്കുന്നെന്നാണ് അടുത്തിടെ നടത്തിയ മാര്‍ക്കറ്റിംഗ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ വിശാലമായി വര്‍ണിക്കുന്നതിന് പകരം ഏതെങ്കിലും ഒരു പ്രത്യേകത എടുത്തുകാണിക്കുന്ന പരസ്യങ്ങള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണം ഇതാണ്

‘ഉപഭോക്താക്കളെ കണ്ട് ഉല്‍പ്പന്നത്തിന്റെ മഹത്വം പറഞ്ഞ് നാല് ഓര്‍ഡര്‍ പിടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ അവിടെ പോയി കഥ പറയുന്നോ? എന്തോന്നാടെ ഇത്?’ പല സംരംഭകരും ചിന്തിക്കുന്നത് ഇപ്രകാരമായിരിക്കും. എന്നാല്‍, അങ്ങനെ പറയാന്‍ വരട്ടെ!

ഇടപാടുകള്‍ തീര്‍ക്കുന്ന രീതികളില്‍ (Deal closing) പഴയ കാലങ്ങളില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. വെറുതെ വന്ന മാറ്റങ്ങള്‍ അല്ല. വളരെ അധികം ഗവേഷണം ഈ വിഷയത്തില്‍ നടന്നിരിക്കുന്നു. ഗവേഷണങ്ങളിലെ പ്രധാനപ്പെട്ട ഒരു കണ്ടെത്തല്‍ ഉല്‍പ്പന്നത്തിന്റെ മഹത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഉപഭോക്താക്കളില്‍ നിഷേധാത്മകമായ സമീപനമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കുന്നത്. അതായത് നിങ്ങളുടെ ഉല്‍പ്പന്നം ഒരു മഹാ സംഭവമാണോ അല്ലയോ എന്നതല്ല അവരെ സംബന്ധിച്ചിടത്തോളം വിഷയം. അവരുടെ ഏത് പ്രശ്‌നത്തിന് പരിഹാരമാകും എന്നതാണ്. ഏതൊരു ഭാവി വാഗ്ദാനമായ ഉപഭോക്താവും വില്‍പ്പനക്കാരന്റെ മുന്നില്‍ വരുമ്പോള്‍ ഒരു പ്രതിരോധത്തിന്റെ മതില്‍ തീര്‍ത്തുകൊണ്ടാണ് വരിക. മാനസികമായി അവര്‍ ഈ ഉല്‍പ്പന്നത്തെ അല്ലെങ്കില്‍ സേവനത്തെ തലനാരിഴ കീറി വിമര്‍ശനാത്മകമായി കാണുവാന്‍ ശ്രമിക്കുന്നവരാണ്. ഇവിടെയാണ് കഥ പറച്ചിലിന്റെ മഹത്വം.

നിങ്ങള്‍ ഇപ്പോഴത്തെ ടെലിവിഷന്‍ പരസ്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അവയെല്ലാം ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയിലേക്കല്ല നേരിട്ടെത്തുക. ഒരു കഥയുടെ ഇഴകളിലൂടെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടി ആ കഥാതന്തുവിലൂടെ തന്നെ അവരുടെ ഉല്‍പ്പന്നം എങ്ങനെ ഈ പ്രശ്ങ്ങള്‍ക്ക് പരിഹാരമാകുന്നു എന്ന് വളരെ തന്ത്രപരമായി ദൃശ്യവത്കരിക്കുന്നു. പഴയ കാലത്തെ നിര്‍മ വാഷിംഗ് പൗഡര്‍ പരസ്യവും ഇപ്പോള്‍ വരുന്ന സര്‍ഫ് എക്‌സല്‍, ഏരിയല്‍ എന്നിവയുടെ പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാവും. ഏറ്റവും ശക്തമായ കഥപറച്ചിലുകളില്‍ ശ്രദ്ധ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ ഏറ്റവും കാമ്പുള്ള ഒരേ ഒരു ഗുണ മേന്മയിലായിരിക്കും. പല ഗുണങ്ങളെക്കുറിച്ചു പറഞ്ഞാല്‍ ശ്രദ്ധ നഷ്ടപ്പെടും എന്ന് മാത്രമല്ല കഥയുടെ ശക്തിയും കുറയും.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400 )

Categories: FK Special, Slider