കാര്‍ഷിക മുന്നേറ്റത്തിന് എസ്ബിഐയുടെ അഞ്ചിന അജണ്ട

കാര്‍ഷിക മുന്നേറ്റത്തിന് എസ്ബിഐയുടെ അഞ്ചിന അജണ്ട

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന കേരളത്തിലെ സപ്ലൈകോ മാതൃക പരീക്ഷിക്കണം

ന്യൂഡെല്‍ഹി: അടുത്ത മാസം അഞ്ചിന് രണ്ടാം മോദി സര്‍ക്കാര്‍ തങ്ങളുടെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ കാര്‍ഷിക മേഖലയുടെ വികസനത്തിനുതകുന്ന നിര്‍ദേശങ്ങളുമായി എസ്ബിഐ. ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗം തയാറാക്കിയ അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സമര്‍പ്പിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കാര്യമായ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാമ്പത്തിക സേവന സ്ഥാപനങ്ങളും സര്‍ക്കാരും കൃഷി മുതല്‍ വില്‍പ്പന വരെയുള്ള ഘട്ടങ്ങളില്‍ വിപണി പിന്തുണ നല്‍കികൊണ്ട് കര്‍ഷകരെ സഹായിക്കണമെന്നും ഇതിനായി ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള സപ്ലൈകോ മാതൃക കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തില്‍ പരിഷ്‌കരിച്ച് നടപ്പാക്കണമെന്നുമാണ് ആദ്യ നിര്‍ദേശം.

കാര്‍ഷിക മേഖലയിലെ മൂലധന ലഭ്യതയില്‍ നിലനില്‍ക്കുന്ന നിഷ്‌ക്രിയാവസ്ഥയില്‍ മാറ്റമുണ്ടായാല്‍ 2022 ഓടെ കര്‍ഷക വരുമാനം ഇരട്ടിയാക്കാനുള്ള ലക്ഷ്യം പൂര്‍ത്തിയാക്കാനാകും. ഇതിനായി നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള കാര്‍ഷിക വായ്പകള്‍ക്ക് ആനുകൂല്യങ്ങളനുവദിക്കണം. ഇപ്പോള്‍ പ്രധാനമായും മൂന്നു തരം വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഫസല്‍ ബീമ യോജനയിലേക്ക് (പിഎംഎഫ്ബിവൈ) എല്ലാ വിളകളെയും കൊണ്ടുവരണം. ഇത് ബാങ്കുകളെ റിസ്‌ക് മാനേജ്‌മെന്റിന് സഹായിക്കുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

കിസാന്‍ സമ്മാന്‍ പദ്ധതി മുഖേന കര്‍ഷകര്‍ക്ക് നല്‍കി വരുന്ന പ്രതിവര്‍ഷ ധനസഹായം 6,000 രൂപയില്‍ നിന്ന് 8,000 രൂപയാക്കി ഉയര്‍ത്തണമെന്നും ഇത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ലഭ്യമാക്കണമെന്നും എസ്ബിഐ നിര്‍ദേശിക്കുന്നു. ഉല്‍പ്പാദന മികവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് കര്‍ഷക സ്വയംസഹായ കൂട്ടായ്മകളെ പ്രോല്‍സാഹിപ്പിക്കണമെന്നും എസ്ബിഐ നിര്‍ദേശിക്കുന്നു.

Comments

comments

Categories: FK News
Tags: SBI