വിരാള്‍ ആചാര്യയ്ക്ക് പകരക്കാരനെ തേടി ആര്‍ബിഐ

വിരാള്‍ ആചാര്യയ്ക്ക് പകരക്കാരനെ തേടി ആര്‍ബിഐ

സഞ്ജീവ് സന്യാല്‍, മൈക്കിള്‍ പത്ര എന്നിവര്‍ക്ക് സാധ്യത

മുംബൈ: കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച വിരാള്‍ ആചാര്യയ്ക്കു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ആര്‍ബിഐ ആരംഭിച്ചു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് നാലാമനായി എത്തുന്നയാള്‍ ആചാര്യ വഹിച്ചിരുന്ന മോണറ്ററി പോളിസി & റിസര്‍ച്ച് വിഭാഗത്തിന്റെ ചുമതല കൂടി വഹിക്കും. പലിശ നിരക്ക് കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആചാര്യക്കുണ്ടായ ഭിന്നാഭിപ്രായമാണ് രാജിക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിനോടും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിനോടും അഭിപ്രായ ഐക്യം പുലര്‍ത്തുന്ന ആളെയാകും ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നാണ് സൂചന.

ധനകാര്യ മന്ത്രാലയം മുഖ്യ സാമ്പത്തിക ഉപദേശകന്‍ സഞ്ജീവ് സന്യാല്‍, ആര്‍ബിഐ ധനനയ സമിതി അംഗവും ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ മൈക്കിള്‍ പത്ര എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. 2015 വരെ ഡ്യൂഷേ ബാങ്ക് എജിയുടെ ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റായി സിംഗപ്പൂരില്‍ സേവനമനുഷ്ഠിച്ചിരുന്ന സന്യാല്‍ പലിശ നിരക്ക് കുറയ്ക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുമെന്ന അഭിപ്രായമാണ് പുലര്‍ത്തുന്നത്. കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥനായി കരിയര്‍ ആരംഭിച്ച മൈക്കിള്‍ 2017 ല്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തിനായി അപേക്ഷിച്ചിരുന്നു. ശക്തികാന്ത ദാസ് ചുമതലയേറ്റ ശേഷം നടപ്പിലാക്കിയ മൂന്നു പലിശ നിരക്ക് താഴ്ത്തല്‍ നടപടികള്‍ക്കും അനുകൂലമായാണ് അദ്ദേഹം വോട്ട് ചെയ്തത്.

ജെ പി മോര്‍ഗന്‍ ചേസ് & കോ. ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റായ സാജിദ് ചിനോയ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് അജിത് റാവഡെ എന്നിവരെയും പരിഗണിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. രൂപയുടെ വിദേശ വിപണിയെയും അത് കറന്‍സിയിലുണ്ടാക്കുന്ന പ്രത്യാഘാതം, ആഭ്യന്തര വിപണിയിലെ പണലഭ്യത എന്നിവയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ആര്‍ബിഐ പാനലിന്റെ ഭാഗമായിരുന്നു ഇരുവരും.

Categories: FK News
Tags: RBI