പിഎസ്‌യുകളെ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നിന്ന് മാറ്റണോ?

പിഎസ്‌യുകളെ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നിന്ന് മാറ്റണോ?

നിതി ആയോഗ്, നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് എന്നിവ നല്‍കിയ ശുപാര്‍ശകളിന്‍ മേലാണ് നീക്കം

ന്യൂഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളെ (പിഎസ്‌യു) മന്ത്രാലയത്തിന്റെ അധികാര പരിധിക്കു പുറത്തേക്ക് കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ വിരുദ്ധ താല്‍പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നിതി ആയോഗ്, നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ്(എന്‍എസ്എബി) എന്നിവ നല്‍കിയ ശുപാര്‍ശയില്‍ മേലാണ് നീക്കം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം പുനഃസംഘടിപ്പിക്കണന്നെും റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ യൂണിറ്റുകള്‍ സ്വതന്ത്രസ്ഥാപനങ്ങളാണെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സ് പ്രൊഡക്ഷന്റെ അധികാരത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ ഓര്‍ഡറുകള്‍ നല്‍കുന്ന കാര്യത്തില്‍ മന്ത്രാലയം ഇവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായി തുടര്‍ച്ചയായി പരാതികളുയരുന്നുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ അധികാര പരിധിയിലുള്ള ഒന്‍പത് പൊതുമേഖലാ സ്ഥാപനങ്ങളെയും ഘന വ്യവസായ പൊതുമേഖലാ സ്ഥാപന മന്ത്രാലയം പോലെ മറ്റൊരു മന്ത്രാലയത്തിന്റെ ഭരണത്തിലുള്ള ഒരൊറ്റ അതോറിറ്റിക്ക് കീഴില്‍ ആക്കണമെന്നും ശുപാര്‍ശയുണ്ട്. സ്വകാര്യ മേഖലയുമായി ഇടപാട് നടത്തുമ്പോള്‍ അവരുടെ വിപണി എതിരാളികളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ അധികാരപരിധിയിലാണെന്നുള്ള കാര്യം പ്രതിരോധ മന്ത്രാലയത്തെ ധര്‍മസങ്കടത്തിലാക്കുന്നതായി നിതി ആയോഗ് വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ശുപാര്‍ശകള്‍ സമര്‍പ്പിച്ച എന്‍എസ്എബിയും സമാനമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു മന്ത്രാലയം ഉപഭോക്താവും മറ്റൊരു മന്ത്രാലയം കച്ചവടക്കാരനുമാകുന്ന അവസരത്തിലും വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് മറ്റൊരു അഭിപ്രായം. അടുത്തിടെ ദേശീയ സുരക്ഷാ ഘടനയെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ എന്‍എസ്എബി ചെയര്‍മാന്‍ പി രാഘവനും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ 11 നേവല്‍ യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ നിര്‍മിക്കാനുള്ള 21,000 കോടി രൂപയുടെ പദ്ധതിയില്‍ നിര്‍മാണം തങ്ങളുടെ കീഴിലാകണമെന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍ബന്ധം പിടിക്കുകയും ഇക്കാര്യം പ്രതിരോധ മന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാനിരുന്ന 60,000 കോടി രൂപയുടെ അന്തര്‍വാഹിനി നിര്‍മാണ പദ്ധതി നോമിനേഷന്‍ അടിസ്ഥാനത്തില്‍ പൊതുമേഖലയ്ക്കു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കയറിയിച്ചുകൊണ്ട് മുന്‍നിര കപ്പല്‍ നിര്‍മാതാക്കളായ ലാര്‍സന്‍ & ടൂബ്രോ നിതി ആയോഗിനെ സമീപിക്കുകയുണ്ടായി. പ്രസ്തുത പദ്ധതി മല്‍സരാധിഷ്ഠതമായി ഇപ്പോള്‍ പൊതു സ്വകാര്യ മേഖലകളെ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Categories: FK News, Slider