കല്യാണാഘോഷം കെങ്കേമം, പക്ഷേ പരിസ്ഥിതിയെ മലിനപ്പെടുത്തിയതിന് റിപ്പോര്‍ട്ട്

കല്യാണാഘോഷം കെങ്കേമം, പക്ഷേ പരിസ്ഥിതിയെ മലിനപ്പെടുത്തിയതിന് റിപ്പോര്‍ട്ട്

ഔലി(ഉത്തരാഖണ്ഡ്): ഈ മാസം 18 മുതല്‍ 22 വരെ ഉത്തരാഖണ്ഡിലെ ഔലിയില്‍ ഇതുവരെ കാണാത്ത ആഢംബര വിവാഹാഘോഷങ്ങള്‍ക്കാണു നാട്ടുകാര്‍ സാക്ഷ്യംവഹിച്ചത്. ബോളിവുഡ് താരം കത്രീന കൈഫ് മുതല്‍ യോഗാ ഗുരു ബാബാ രാംദേവ് വരെയുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കുകയുണ്ടായി. കല്യാണാഘോഷങ്ങളുടെ ഭാഗമായി രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗ സെഷനും ബാബാ രാംദേവ് നേതൃത്വം നല്‍കുകയുണ്ടായി. അതിഥികള്‍ക്കായി ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ വിവാഹാഘോഷങ്ങളുടെ പേരില്‍ പരിസ്ഥിതി മലിനപ്പെടുത്തിയതിന്റെ കാരണം വിശദീകരിക്കാന്‍ ജില്ലാ ഭരണകൂടത്തോടും പരിസ്ഥിതി മലിനീകരണ ബോര്‍ഡിനോടും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജുലൈ ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിവാഹഘോഷങ്ങളുടെ നടത്തുന്ന മുന്നൊരുക്കങ്ങള്‍ പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണെന്നു സൂചിപ്പിച്ചു നേരത്തേ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ അജയ് ഗുപ്തയുടെയും അതുല്‍ ഗുപ്തയുടെയും മക്കളായ സൂര്യകാന്തിന്റെയും ശശാങ്കിന്റെയും വിവാഹ ചടങ്ങുകളായിരുന്നു ഈ മാസം 18 മുതല്‍ 22 വരെ നടന്നത്. വിവാഹ ചടങ്ങുകള്‍ക്കായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്നുമായിരുന്നു പൂക്കള്‍ കൊണ്ടുവന്നത്. ഏകദേശം 200 കോടി രൂപയാണു ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവാഹാഘോഷങ്ങള്‍ക്കു ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫീസായി നഗരസഭയില്‍ 54,000 രൂപ ഗുപ്ത കുടുംബം അടച്ചിരുന്നു. ശുചീകരണത്തിനായി അധികം വരുന്ന തുക അടയ്ക്കാമെന്നും ഗുപ്ത കുടുംബം അറിയിക്കുകയുണ്ടായി. ഇതുവരെ നഗരസഭ 150 ക്വിന്റല്‍ മാലിന്യമാണു നീക്കം ചെയ്തത്. 20 തൊഴിലാളികളെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: pollution