ഓഫ് റോഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; കോംപസ് ട്രെയ്ല്‍ഹോക് എത്തി

ഓഫ് റോഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; കോംപസ് ട്രെയ്ല്‍ഹോക് എത്തി

ഇന്ത്യ എക്‌സ് ഷോറൂം വില 26.8 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഓഫ് റോഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 26.8 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഒരു വേരിയന്റില്‍ മാത്രമായിരിക്കും വില്‍ക്കുന്നത്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രേ, ബ്രില്യന്റ് ബ്ലാക്ക്, എക്‌സോട്ടിക്ക റെഡ്, മഗ്നീസിയോ ഗ്രേ എന്നീ അഞ്ച് നിറങ്ങളില്‍ ലഭിക്കും. ഇന്ത്യയില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന്റെ (എഫ്‌സിഎ) ഐശ്വര്യമാണ് ജീപ്പ് കോംപസ് എന്ന മോഡല്‍. കോംപസ് എസ്‌യുവിയുടെ ഓഫ് റോഡ് വേര്‍ഷനാണ് കോംപസ് ട്രെയ്ല്‍ഹോക്.

മികച്ച ഓഫ് റോഡ് കഴിവുകള്‍ പുറത്തെടുക്കുന്നവനാണ് സാധാരണ 4 വീല്‍ ഡ്രൈവ് ജീപ്പ് കോംപസ്. ഈ കോംപസ് അടിസ്ഥാനമാക്കിയാണ് പുതിയ ‘ട്രെയ്ല്‍ റേറ്റഡ്’ കോംപസ് നിര്‍മ്മിച്ചിരിക്കുന്നത്. ഏത് ദുഷ്‌കരമായ ഭൂപ്രദേശങ്ങള്‍ താണ്ടുന്നതിനും പ്രത്യേക ഫീച്ചറുകള്‍ നല്‍കിയതുകൂടാതെ കൂടുതല്‍ താഴ്ന്ന മുരള്‍ച്ച, പരിഷ്‌കരിച്ച സ്റ്റൈലിംഗ് എന്നിവയും സവിശേഷതകളാണ്.

സ്റ്റൈലിംഗ് പരിഗണിക്കുമ്പോള്‍, ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ സാധാരണ കോംപസാണ് പുതിയ വാഹനമെന്ന് തെറ്റിദ്ധരിച്ചേക്കാം. ഫെന്‍ഡറില്‍ ട്രെയ്ല്‍ ബാഡ്ജ് നല്‍കിയതുകൂടാതെ, ട്രെയ്ല്‍ഹോക്കില്‍ നിരവധി മാറ്റങ്ങള്‍ കാണാം. മെച്ചപ്പെട്ട അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ക്കായി ഇരു ബംപറുകളും വീണ്ടും രൂപപ്പെടുത്തി. അപ്രോച്ച് ആംഗിള്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍, ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവ യഥാക്രമം 26.5 ഡിഗ്രി, 21.2 ഡിഗ്രി, 31.6 ഡിഗ്രിയാണ്. ഏതുതരം ഭൂപ്രദേശങ്ങള്‍ താണ്ടുന്നതിനും ഈ ആംഗിളുകള്‍ മതിയാകും. ചെരിവുകളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പോലും കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമുള്ളവനാണ് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്.

ഇരട്ട നിറങ്ങളോടുകൂടിയ 17 ഇഞ്ച് അലോയ് വീലുകളിലാണ് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് വരുന്നത്. ഫാല്‍ക്കണ്‍ ടയറുകള്‍ ഉപയോഗിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് 27 എംഎം വര്‍ധിച്ച് ഇപ്പോള്‍ 205 മില്ലി മീറ്ററായി മാറി. പിന്നില്‍ ട്രെയ്ല്‍ഹോക് ബാഡ്ജ് കാണാം. എന്നാല്‍ മുന്നില്‍ കയര്‍ കെട്ടി വലിക്കുന്നതിനുള്ള ഹുക് നല്‍കിയില്ല. ആഗോളതലത്തില്‍ വില്‍ക്കുന്ന ട്രെയ്ല്‍ഹോക്കില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ഇന്ത്യാ സ്‌പെക് ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കില്‍ മുന്നിലെ ഹുക് വേണ്ടെന്നുവെച്ചത്.

കോംപസ് ഡീസല്‍ വേര്‍ഷന്‍ ഉപയോഗിക്കുന്ന അതേ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് 2 എന്‍ജിനാണ് കോംപസ് ട്രെയ്ല്‍ഹോക്കില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്രെയ്ല്‍ഹോക്കില്‍ ഈ ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കും. ഈ മോട്ടോര്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. എന്‍ജിന്‍ ശബ്ദം കുറച്ചിരിക്കുന്നു. മെക്കാനിക്കലായി ലോക്ക് ചെയ്യാവുന്ന 4 വീല്‍ ഡ്രൈവ് സംവിധാനമാണ് പ്രധാന വ്യത്യാസം. ആവശ്യമായ ചക്രത്തിലേക്ക് അയയ്‌ക്കേണ്ട കൃത്യമായ കരുത്ത് എത്രയെന്ന് കണക്കുകൂട്ടാന്‍ ഈ 4 വീല്‍ ഡ്രൈവ് സിസ്റ്റത്തിന് കഴിയും. സെലക്റ്റ് ടെറെയ്ന്‍ സംവിധാനം കൂടാതെ, 4 വീല്‍ ഡ്രൈവ് ലോ, റോക്ക് മോഡ് എന്നിവയും നല്‍കിയിരിക്കുന്നു.

ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്കില്‍നിന്ന് ചില ഫീച്ചറുകള്‍ എടുത്തുകളഞ്ഞു. ഓട്ടോ ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ നല്‍കിയില്ല. ബോണറ്റില്‍ കറുത്ത ഡീക്കാള്‍ കാണാം. പനോരമിക് സണ്‍റൂഫ്, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ക്രൂസ് കണ്‍ട്രോള്‍, ഹില്‍ ഡെസന്റ് കണ്‍ട്രോള്‍, ബില്‍റ്റ്-ഇന്‍ നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ സഹിതം 8.4 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. ചുവന്ന നിറത്തിലുള്ള തുന്നലുകളോടെയും മറ്റും പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള കാബിനാണ് ട്രെയ്ല്‍ഹോക്കില്‍ നല്‍കിയിരിക്കുന്നത്. ഈസ്റ്റര്‍ മുട്ടകള്‍, പല്ലി, വില്ലീസ് ജീപ്പ്, ലോക് നെസ്സ് മോണ്‍സ്റ്റര്‍ എന്നീ സവിശേഷ വസ്തുക്കള്‍ വാഹനത്തിനകത്ത് കാണാന്‍ കഴിയും.

Comments

comments

Categories: Auto
Tags: Trailhawk