മൈന്‍ഡ് ട്രീയില്‍ ചുവടുറപ്പിച്ച് എല്‍ & ടി

മൈന്‍ഡ് ട്രീയില്‍ ചുവടുറപ്പിച്ച് എല്‍ & ടി
  • നളന്ദ കാപിറ്റല്‍ മൈന്‍ഡ് ട്രീ ലിമിറ്റഡില്‍ തങ്ങള്‍ക്കുള്ള മുഴുവന്‍ ഓഹരികളും എല്‍ ആന്‍ഡ് ടിക്ക് വിറ്റു
  • 1,707.46 കോടി രൂപയ്ക്കാണ് നളന്ദ കാപിറ്റല്‍ എല്‍ ആന്‍ഡ് ടിക്ക് ഓഹരികള്‍ കൈമാറിയത്
  • മെന്‍ഡ് ട്രീയുടെ 31 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനാണ് എല്‍ ആന്‍ഡ് ടി ലക്ഷ്യമിടുന്നത്

മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നളന്ദ കാപിറ്റല്‍ മൈന്‍ഡ് ട്രീ ലിമിറ്റഡില്‍ തങ്ങള്‍ക്കുള്ള മുഴുവന്‍ ഓഹരികളും ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡിന് വിറ്റു. നളന്ദ കാപിറ്റലിന്റെ കൈവശമുണ്ടായിരുന്ന മൈന്‍ഡ്ട്രീയുടെ 10.61 ശതമാനം ഓഹരികളാണ് എല്‍ ആന്‍ഡ് ടി വാങ്ങിയത്. ഓഹരി ഒന്നിന് 980 രൂപ വീതമാണ് എല്‍ ആന്‍ഡ് ടി വാഗ്ദാനം ചെയ്തിട്ടുള്ളത്.

1,707.46 കോടി രൂപയ്ക്കാണ് നളന്ദ കാപിറ്റലിന്റെ മുഴുവന്‍ ഓഹരികളും എല്‍ ആന്‍ഡ് ടിക്ക് കൈമാറിയത്. മൈന്‍ഡ്ട്രീ ഓഹരി ഉടമകള്‍ക്കായി സംഘടിപ്പിച്ച ഓപ്പണ്‍ ഓഫര്‍ വഴിയാണ് ഓഹരി വില്‍പ്പന നടന്നത്. പത്ത് ദിവസമായി നടക്കുന്ന ഓഹരി വില്‍പ്പന ഈ മാസം 28ന് അവസാനിക്കും. മൈന്‍ഡ്ട്രീയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കത്തിന് അവസാനമാകുന്നതിന്റെ സൂചനയാണ് ഈ ഓഹരി വില്‍പ്പന നല്‍കുന്നത്.

കമ്പനിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ ഓഹരി വില്‍പ്പന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണോ നളന്ദ കാപിറ്റല്‍ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത് എന്ന കാര്യം വ്യക്തമല്ല. എല്‍ ആന്‍ഡ് ടിക്ക് ഓഹരി വില്‍ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മൈന്‍ഡ് ട്രീയുടെ പൊതു ഓഹരിഉടമകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതിനാണ് സെബി നളന്ദ കാപിറ്റലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഓഹരി ഒന്നിന് 980 രൂപയേക്കാള്‍ 20 ശതമാനം കൂടുതല്‍ എല്‍ ആന്‍ഡ് ടി ഓഫര്‍ ചെയ്യുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് മൈന്‍ഡ്ട്രീയുടെ പബ്ലിക് ഓഹരിയുടമകളെ ഉപദേശിച്ചതെന്നും സെബി കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഒരു എഫ്പിഐ എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ക്ക് നളന്ദ കാപിറ്റല്‍ വ്യക്തമായ ഉത്തരം നല്‍കേണ്ടതുണ്ട്.

മുഴുവന്‍ ഓഹരികളും എല്‍ ആന്‍ഡ് ടിക്ക് വില്‍പ്പന നടത്തിയെങ്കിലും സെബിയുടെ ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസിന് നളന്ദ കാപിറ്റല്‍ നിര്‍ബന്ധമായും മറുപടി നല്‍കേണ്ടി വരും. എല്‍ ആന്‍ഡ് ടിക്ക് ഓഹരി വില്‍ക്കുന്നതില്‍ നിന്നും മൈന്‍ഡ്ട്രീ ഓഹരി ഉടമകളെ തടയാന്‍ നളന്ദ കാപിറ്റല്‍ ശ്രമം നടത്തുന്നതായി നിക്ഷേപകര്‍ പരാതി നല്‍കിയതോടെയാണ് സെബി നോട്ടീസ് അയച്ചത്.

കഴിഞ്ഞയാഴ്ചയാണ് എല്‍ ആന്‍ഡ് ടി ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചത്. മൈന്‍ഡ് ട്രീയുടെ 31 ശതമാനം ഓഹരി കൂടി വാങ്ങാനാണ് എല്‍ ആന്‍ഡ് ടി ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ഏഴ് ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ എല്‍ ആന്‍ഡ് ടി സ്വന്തമാക്കിയിരുന്നു. അമാന്‍സ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് മൈന്‍ഡ്ട്രീയുടെ 2.77 ശതമാനം ഓഹരികളാണ് എല്‍ ആന്‍ഡ് ടിക്ക് വിറ്റത്. നളന്ദ കാപിറ്റലില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ചില ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിന്നുമുള്ള ഓഹരി അടക്കം മൈന്‍ഡ്ട്രീയുടെ 48 ശതമാനം ഓഹരികളാണ് നിലവില്‍ എല്‍ ആന്‍ഡ് ടിയുടെ കൈവശമുള്ളത്. ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുന്നതിന് മുന്‍പ് 28.90 ശതമാനം ഓഹരികളാണ് എല്‍ ആന്‍ഡ് ടിയുടെ കൈവശമുണ്ടായിരുന്നത്.

Comments

comments

Categories: FK News
Tags: L&T, mindtree