ആരോഗ്യ പരിചരണത്തില്‍ കേരളം നമ്പര്‍ 1

ആരോഗ്യ പരിചരണത്തില്‍ കേരളം നമ്പര്‍ 1
  • തുടര്‍ച്ചയായി രണ്ടാം വട്ടവും കേരളത്തിന് ഒന്നാം സ്ഥാനം; തൊട്ടുപിന്നില്‍ പഞ്ചാബും തമിഴ്‌നാടും
  • മികച്ച ആരോഗ്യ പരിപാലന ചരിത്രമുള്ള സംസ്ഥാനങ്ങള്‍ കേരളം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര
  • മികച്ച മുന്നേറ്റം നടത്തി ഹരിയാനയും രാജസ്ഥാനും ഝാര്‍ഘണ്ഡും
  • ആരോഗ്യ സൂചികയില്‍ ഏറ്റവും മോശം പ്രകടനവുമായി ഉത്തര്‍ പ്രദേശും ബിഹാറും

ന്യൂഡെല്‍ഹി: രാജ്യത്തെ മികച്ച ആരോഗ്യ പരിചരണ സംസ്ഥാനമെന്ന അംഗീകാരം ഒരിക്കല്‍ കൂടി കേരളത്തിന്. നിതി ആയോഗ് പുറത്തിറക്കിയ രണ്ടാമത് ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ സൂചികയിലും കേരളത്തിന് തന്നെയായിരുന്നു അംഗീകാരം. ആരോഗ്യ മേഖലയിലെ ആകമാന പ്രകടനമാണ് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങള്‍ നടത്തിയ മെച്ചപ്പെടുത്തലുകളും പ്രത്യകം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നവജാത ശിശുമരണ നിരക്ക്, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്, പ്രതിരോധ വാക്‌സിനേഷന്‍, എച്ച്‌ഐവി ബാധിതര്‍ക്ക് നല്‍കുന്ന ചികിത്സ തുടങ്ങി 23 ആരോഗ്യ സൂചികകളിലെ പ്രകടനമാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിതി ആയോഗ് അളന്നത്. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയ.വും നിതി ആയോഗും സഹകരിച്ചാണ് സൂചിക തയാറാക്കിയിരിക്കുന്നത്.

ചരിത്രപരമായി തന്നെ ആരോഗ്യ രംഗത്ത് മികച്ച പ്രകടനം നടത്തിയ മൂന്ന് സംസ്ഥാനങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് കേരളം, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ്. സമഗ്ര ആരോഗ്യ മേഖലകളിലെയും മികച്ച പ്രകടനത്തിലും കേരളം മുന്നിലെത്തി. പഞ്ചാബ്, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിലുള്ളത്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷം ആരോഗ്യ സംവിധാനങ്ങളില്‍ വലിയ രീതിയില്‍ പുരോഗതി നേടിയെടുത്ത സംസ്ഥാനങ്ങള്‍ ഹരിയാന, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, അസം എന്നിവയാണ്. കഴിഞ്ഞ വര്‍ഷം ഝാര്‍ഖണ്ഡും ഉത്തര്‍ പ്രദേശും ജമ്മു-കശ്മീരുമായിരുന്നു ഈ സ്ഥാനം കൈയടക്കിയിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍ പ്രദേശും ബിഹാറുമാണ്.

ചെറിയ സംസ്ഥാനങ്ങളില്‍ ആകമാന ആരോഗ്യ പരിചരണ സംവിധാനങ്ങളില്‍ മുന്നിലെത്തിയത് മിസോറമും മണിപ്പൂരുമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മികച്ച പുരോഗതി കൈവരിച്ച ചെറിയ സംസ്ഥാനങ്ങള്‍ മണിപ്പൂരും ഗോവയുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഈ രണ്ട് സൂചികകളിലും ഒന്നാം സ്ഥാനം നേടിയത് ലക്ഷദ്വീപാണ്. നിതി ആയോഗ് തയാറാക്കിയ ആദ്യ ആരോഗ്യ സൂചികയില്‍ കേരളവും പഞ്ചാബും തമിഴ് നാടുമായിരുന്നു ആകമാന പ്രകടനത്തില്‍ മുന്നിലെത്തിയിരുന്നത്.

റാങ്ക് സംസ്ഥാനം

1 കേരളം

2 ആന്ധ്ര പ്രദേശ്

3 മഹാരാഷ്ട്ര

4 ഗുജറാത്ത്

5 പഞ്ചാബ്

6 ഹിമാചല്‍ പ്രദേശ്

7 ജമ്മു-കശ്മീര്‍

8 കര്‍ണാടക

9 തമിഴ്‌നാട്

10 തെലങ്കാന

11 പശ്ചിമ ബംഗാള്‍

12 ഹരിയാന

13 ഛത്തീസ്ഗഢ്

14 ഝാര്‍ഖണ്ഡ്

15 അസം

16 രാജസ്ഥാന്‍

17 ഉത്തരാഘണ്ഡ്

18 മധ്യപ്രദേശ്

19 ഒഡീഷ

20 ബിഹാര്‍

21 ഉത്തര്‍പ്രദേശ്

Categories: FK News, Slider