ഖാംനെയിക്കും അനുയായികള്‍ക്കും വിലക്ക്: കുടുക്ക് മുറുക്കി അമേരിക്ക; ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍

ഖാംനെയിക്കും അനുയായികള്‍ക്കും വിലക്ക്: കുടുക്ക് മുറുക്കി അമേരിക്ക; ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍
  • ഇറാന്റെ പരമോന്നത നേതാവിനും എട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക ഉപരോധം
  • നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന്റെ പ്രതികാരം തന്നെയെന്ന് അമേരിക്ക
  • നയതന്ത്രപാത എന്നന്നേക്കുമായി അടഞ്ഞെന്ന് ഇറാന്‍
  • ട്രംപ് വ്യക്തിവിദ്വേഷം തീര്‍ക്കുകയാണെന്ന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ച് അമേരിക്കയുടെ പുതിയ ആയുധം. രാജ്യത്തെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനെയിക്കും ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പിലെ എട്ട് കമാന്‍ഡര്‍മാര്‍ക്കും സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം വെടിവെച്ചിട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വളരെ നാടകീയമായി ഇറാനെതിരെ അമേരിക്ക സമ്മര്‍ദ്ദം കടുപ്പിച്ചത്. പശ്ചിമേഷ്യയില്‍ സമാധാനത്തിനും പ്രശ്‌ന പരിഹാരത്തിനും ലോകരാജ്യങ്ങള്‍ മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍ ഇറാന്റെ പരമോന്നത നേതാവിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. അതേസമയം അമേരിക്കയുടെ നടപടി ടെഹ്‌റാനും വാഷിംഗ്ടണിനുമിടയിലുള്ള നയതന്ത്ര പാത എന്നന്നേക്കുമായി അടച്ചെന്ന് ഇറാന്‍ പ്രതികരിച്ചു.

അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം വെടിവെച്ചിട്ടതിന് ശേഷം, ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് നടത്തിയ അപ്രതീക്ഷിത നീക്കമാണ് ഖാംനെയി അടക്കമുള്ള ഇറാനിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയത്. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫിനും ഉപരോധമേര്‍പ്പെടുത്തുമെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ അധികാര പരിധിയിലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ആസ്തികളിലും ഖാംനെയിയെ വിലക്കുകയാണ് പുതിയ ഉപരോധങ്ങളുടെ ലക്ഷ്യം. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സുപ്രധാനവരുമാന സ്രോതസുകളിലും അവയ്ക്കുള്ള പിന്തുണയിലും ഖാംനെയിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അടുപ്പക്കാര്‍ക്കും അവരുടെ ഓഫീസിനും ഇടപെടാനുള്ള അധികാരം ഉണ്ടായിരിക്കില്ല. അമേരിക്കന്‍ ആസ്തികളിലും ഇവര്‍ക്ക് അധികാരമുണ്ടാകില്ല. ഇറാന് കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കാന്‍ പോന്നവയാണ് പുതിയ ഉപരോധങ്ങളെന്ന് യുഎസ് ട്രെഷറി സെക്രട്ടറി സ്റ്റീവന്‍ മ്ണുച്ചിന്‍ പറഞ്ഞു. വിലക്കുള്ള വ്യക്തികളുമായി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ വിമാനം വെടിവെച്ചിട്ടതിനുള്ള മറുപടിയുടെ ഭാഗമാണ് പുതിയ ഉപരോധങ്ങളെന്ന് ട്രംപ് പറഞ്ഞു. പക്ഷേ അത്തരമൊരു സാഹചര്യം ഇല്ലെങ്കിലും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ മുഖ്യ ഉത്തരവാദി ഖാംനെയി ആണെന്നും ട്രംപ് ആരോപിച്ചു.

അതേസമയം ഉപാധികളൊന്നും കൂടാതെ ഇറാനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും ഇനിയും ഉപരോധങ്ങള്‍ പ്രതീക്ഷിക്കാമെന്ന ഭീഷണിയും നേരിട്ടുള്ള ചര്‍ച്ചയുടെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി മാജിദ് തക്ത് റാവിഞ്ചി വ്യക്തമാക്കി. ഗള്‍ഫിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനുള്ള തീരുമാനത്തിന് ശേഷം ഖാംനെയിയുടെ ഓഫീസിനെതിരായി കൈക്കൊണ്ട ഈ നടപടി ഇറാന്‍ ജനതയ്ക്കും നേതാക്കള്‍ക്കും എതിരായ അമേരിക്കയുടെ വിദ്വേഷ നടപടികള്‍ തുടരുമെന്ന കൃത്യമായ സൂചനയാണ് നല്‍കുന്നതെന്നും റാവിഞ്ചി ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അമേരിക്ക യാതൊരു ബഹുമാനവും നല്‍കുന്നില്ലെന്നതിന് തെളിവാണ് ഈ നടപടിയെന്നും പ്രതിസന്ധി മുതലെടുത്ത് കൊണ്ടുള്ള അമരിക്കയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാവിഞ്ചി ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.

ട്രംപിനെതിരെ മുന്‍ ഉദ്യോഗസ്ഥര്‍

ഖാംനെയിക്കെതിരായി ട്രംപ് കൈക്കൊണ്ട നടപടികളെ വിമര്‍ശിച്ച് കൊണ്ട് അമേരിക്കയിലെ മുന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി രംഗത്ത് വന്നു. ഇറാന്‍ നേതാക്കളെ ഇതുവരെ അമേരിക്ക ലക്ഷ്യമിട്ടിട്ടില്ലെന്നും വിഷയത്തില്‍ ട്രംപ് വ്യക്തിപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന സൂചനയാണ് ഇപ്പോഴത്തെ നടപടി വ്യക്തമാക്കുന്നതെന്നും ട്രെഷറിയുടെ കീഴിലുള്ള അമേരിക്കയിലെ വിദേശ ആസ്തി നിയന്ത്രണത്തിനായുള്ള ഓഫീസിന്റെ മുന്‍ ഡയറക്ടര്‍ ജോണ്‍ സ്മിത് പറഞ്ഞു. എല്ലാ സാധ്യതകളും അവസാനിക്കുമ്പോഴാണ് രാജ്യങ്ങള്‍ ശത്രുരാജ്യത്തെ നേതാക്കളെ ലക്ഷ്യം വെക്കുകയെന്നും സ്മിത് ആരോപിച്ചു.

പുതിയ ഉപരോധം പ്രതീകാത്മകമാണെങ്കിലും അവ നല്‍കുന്ന സന്ദേശം സ്ഥിതിഗതികള്‍ മോശമാക്കിയേക്കുമെന്ന് ബരാക് ഒബാമ ഭരണകാലത്ത് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ജാറെറ്റ് ബ്ലാങ്ക് പറഞ്ഞു. പശ്ചിമേഷ്യയില്‍ ഒരു യുദ്ധമുണ്ടാകാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ല, പക്ഷേ സ്ഥിതിഗതികളുടെ പോക്ക് എങ്ങോട്ടാണെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നില്ല. നയതന്ത്രജ്ഞരെയല്ല, വീടിന് തീയിടുന്നവരെയാണ് ട്രംപ് ഉദ്യോഗസ്ഥരായി വെച്ചിരിക്കുന്നതെന്നും വളരെ അക്രമസ്വഭാവമുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ അവരെ

അനുവദിച്ചെന്നും ബ്ലാങ്ക് കുറ്റപ്പെടുത്തി.

ഇറാന് പരമാവധി സമ്മര്‍ദ്ദം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചത് മൂലമാണ് ഇറാന്‍ കൂടുതല്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതെന്ന് ട്രംപ് വിമര്‍ശര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആണവ, മിസൈല്‍ പദ്ധതികളും മേഖലയിലെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയാറാകുന്ന അവസ്ഥയിലേക്ക് ഇറാനെ എത്തിക്കാനാണ് അമേരിക്കയുടെ ശ്രമം.

ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി ചര്‍ച്ച നടത്തി

അമേരിക്കയുടെ അപേക്ഷ പരിഗണിച്ച് ഇറാന്‍-അമേരിക്ക പ്രശ്‌നം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മേയിലും ജൂണിലും ടാങ്കറുകള്‍ ലക്ഷ്യമാക്കി ഗള്‍ഫില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിലും അമേരിക്കന്‍ വിമാനം വെടിവെച്ചിട്ടതിന് പിന്നിലും ഇറാനാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസഡര്‍ ജൊനാഥന്‍ കോഹെന്‍ പറഞ്ഞു. ഇറാന്റെ നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് ലോകം അവരെ ബോധ്യപ്പെടുത്തണമെന്നും കോഹെന്‍ ആവശ്യപ്പെട്ടു .

ടാങ്കര്‍ ആക്രമണങ്ങളില്‍ വീണ്ടും ഖേദം രേഖപ്പെടുത്തിയ സുരക്ഷാ സമിതിക്ക് പക്ഷേ, ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് പറഞ്ഞില്ല. എന്നാല്‍ സമുദ്രഗതാഗതത്തിനും ഊര്‍ജ വിതരണത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണ് ഈ സംഭവങ്ങളെന്ന് സുരക്ഷാ സമിതി അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ സമാധാനപരമായി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎന്‍ അംബാസഡറും സുരക്ഷാസമിതി ചെയര്‍മാനുമായ മന്‍സൂര്‍ അല്‍ ഒട്ടെയ്ബി പറഞ്ഞു.

ദിവസം ചെല്ലുന്തോറും ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നതില്‍ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രശ്‌നപരിഹാരവും ചര്‍ച്ചകളും വേണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ജര്‍മന്‍ അംബാസഡറായ ക്രിസ്റ്റഫ് ഹീസ്‌ജെന്‍ പറഞ്ഞു. അതേസമയം അമേരിക്ക കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നതെന്ന് റഷ്യന്‍ അംബാസഡറായ വാസ്‌ലീ നെബെന്‍സിയ ആരോപിച്ചു. കഴുത്തില്‍ കത്തിവെച്ച് കൊണ്ട് ഏത് തരത്തിലുള്ള ചര്‍ച്ചയാണ് നടത്താന്‍ കഴിയുകയെന്നും വിഷയത്തില്‍ അമേരിക്കയെ കുറ്റപ്പെടുത്തിക്കൊണ്ട് റഷ്യ ചോദിച്ചു.

Comments

comments

Categories: Arabia
Tags: Iran-America