ചൈന വിടുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങളുമായി ഇന്ത്യ

ചൈന വിടുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങളുമായി ഇന്ത്യ

ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് 150ഓളം ഉല്‍പ്പന്നങ്ങളെ കണ്ടെത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: യുഎസ്- ചൈന വ്യാപാരയുദ്ധത്തിന്റെ ഫലമായി ചൈനയില്‍ നിന്നു വിട്ടുപോകുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെര്‍ഗ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം വിയത്‌നാമിനു സമാനമായി മുന്‍ഗണനാടിസ്ഥാനത്തിലുള്ള ചില നികുതിയിളവുകഴും നികുതി അവധിയുമെല്ലാം അവതരിപ്പിക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്.

കമ്പനികളെ ആകര്‍ഷിക്കുന്നതിനായി ഇളവുകള്‍ നല്‍കാന്‍ ഇപ്പോള്‍ പരിഗണനയിലുള്ള മേഖലകളില്‍ ഇലക്ട്രോണിക്‌സ്, ഉപഭോക്തൃ ഉപകരണങ്ങള്‍, ഇലക്ട്രോണിക് വാഹനങ്ങള്‍, ഫുട്‌വെയര്‍, കൡപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുവെന്നാണ് വിവരം. എന്നാല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആഗോളതലത്തിലെ പ്രമുഖ സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള താരിഫ് യുദ്ധത്തില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്ന ബിസിനസുകളില്‍ നിന്ന് നേട്ടമുണ്ടാക്കുന്നതിനുള്ള നടപടികള്‍ വിയത്‌നാമും മലേഷ്യയും സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണ് പുതിയ നീക്കം. അന്തിമ അനുമതി നല്‍കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്റെ പരിഗണനയിലാണ് ഇതു സംബന്ധിച്ച പല നിര്‍ദേശങ്ങളും ഉള്ളത്. ഇന്ത്യയുടെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മിതമായ ചെലവുകള്‍ മാത്രം വരുന്ന വ്യാവസായിക സോണുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. ഇവിടെ ആഭ്യന്തര മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കി, പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തേടുന്ന ആഗോള കമ്പനികളില്‍ നിന്ന് നേട്ടമുണ്ടാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവെച്ച മേക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി അവതരിപ്പിക്കാനും ഇന്ത്യയുടെ മാനുഫാക്ചറിംഗ് അടിത്തറ വിപുലമാക്കാനും ഈ നീക്കങ്ങളിലൂടെ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 2020ഓടെ മാനുഫാക്ചറിംഗ് മേഖലയെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ 25 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ചൈനയുമായുള്ള വലിയ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും മാനുഫാക്ചറിംഗ് മേഖലയും വളര്‍ച്ച ഇന്ത്യയെ സഹായിക്കും.

ചൈനയില്‍ കുറവു കരുന്ന യുഎസ് കയറ്റുമതിയുടെ സാഹചര്യം മനസിലാക്കി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി 150ഓളം ഉല്‍പ്പന്നങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്.

Comments

comments

Categories: Current Affairs
Tags: india -china