ഇറാന്‍ വ്യോമപരിധി ഒഴിവാക്കി ഗള്‍ഫ് വിമാനകമ്പനികള്‍;പുതിയ സഞ്ചാരപാത ചിലവ് കൂട്ടും

ഇറാന്‍ വ്യോമപരിധി ഒഴിവാക്കി ഗള്‍ഫ് വിമാനകമ്പനികള്‍;പുതിയ സഞ്ചാരപാത ചിലവ് കൂട്ടും

ഇതിനോടകം വെല്ലുവിളികള്‍ നേരിടുന്ന പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇറാന്‍-അമേരിക്ക പ്രശ്‌നങ്ങള്‍ പുതിയ തലവേദനയായി

റിയാദ്: അമേരിക്ക-ഇറാന്‍ സംഘര്‍ഷം വ്യോമഗതാഗതത്തിനും ഭീഷണിയായി ഉയര്‍ന്നതോടെ സ്ഥിരംപാതകള്‍ വിട്ട് പുതിയ പാതകള്‍ തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഗള്‍ഫ് വിമാനക്കമ്പനികള്‍. ഇതിനോടകം തന്നെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഗള്‍ഫ് വ്യോമയാന വിപണിക്ക് പുതിയ പ്രശ്‌നങ്ങള്‍ ഇരുട്ടടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

യാത്രാസമയത്തില്‍ വര്‍ധനവ്, അധിക ഇന്ധനച്ചിലവ്, പശ്ചിമേഷ്യയിലെ തിരക്കേറിയ ആകാശപാതയില്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തില്‍ ഇറാന്‍ വ്യോമപരിധി ഒഴിവാക്കുക വഴി അനുഭവപ്പെടുന്ന തിരക്ക് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് വിമാനക്കമ്പനികള്‍ നേരിടുന്നത്. ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്ന വേനലവധി സീസണില്‍ തന്നെ ഉണ്ടായിരിക്കുന്ന ഈ വെല്ലുവിളിയെ ആശങ്കയോടെയാണ് കമ്പനികള്‍ കാണുന്നത്.

വര്‍ധിച്ച ഇന്ധനച്ചിലവ്, ശക്തമായ ഡോളര്‍, കഠിനമായ മത്സരം, വ്യാപാര ആശങ്കകള്‍, ആഗോള വ്യോമയാന വിപണിയുടെ വളര്‍ച്ചാമുരടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ പെട്ട് വലയുന്ന പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇറാന്‍-അമേരിക്ക സംഘര്‍ഷത്തോടെ സമ്മര്‍ദ്ദം ഇരട്ടിച്ചിരിക്കുകയാണ്. ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ നടത്തുന്നവരില്‍ പ്രമുഖരായ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് മേയില്‍ ലാഭത്തില്‍ 69 ശതമാനം ഇടിവാണ് റിപ്പോര്‍ട്ട് ചെയതത്. കഠിനമായ ഒരു വര്‍ഷമാണ് മുന്നിലുള്ളതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് മുന്നറിപ്പ് നല്‍കുകയും ചെയ്തിരുന്നു.

2018നെ അപേക്ഷിച്ച് ഈ വര്‍ഷം പശ്ചിമേഷ്യയിലെ വിമാനക്കമ്പനികള്‍ക്ക് ഗുണകരമായിരിക്കില്ലെന്ന സൂചന തന്നെയാണ് അന്താരാഷ്്ട്ര വ്യോമഗതാഗത അസോസിയേഷനില്‍ (അയാട്ട) നിന്നും ലഭ്യമാകുന്നത്. ഈ വര്‍ഷം മേഖലയിലെ വിമാനക്കമ്പനികള്‍ക്ക് മൊത്തത്തില്‍ 1.1 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് അയാട്ട പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഒരു യാത്രക്കാരനില്‍ നിന്ന് ഏതാണ്ട് 5.01 ഡോളര്‍ നഷ്ടമാണ് പശ്ചിമേഷ്യന്‍ വിമാനക്കമ്പവനികള്‍ക്ക് നേരിടേണ്ടതായി വരിക. ഒരു യാത്രികനില്‍ നിന്നും ആഗോള വിമാനക്കമ്പനികള്‍ 6.12 ഡോളര്‍ ലാഭം നേടുമെന്നിരിക്കെയാണിത്.

ജപ്പാന്‍, കൊറിയ, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകളെയാണ് പുതിയ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം ബാധിക്കുക. ഗള്‍ഫില്‍ നിന്നും കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലേക്കും റഷ്യയിലേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങളും സഞ്ചാരപാതയില്‍ പ്രശ്‌നങ്ങള്‍ നേരിടും. അതേസമയം അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും ഉള്ള സര്‍വീസുകളെയും ഇന്ത്യയിലേക്കുള്ള സര്‍വീസുകളെയും നിലവിലെ പ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കാനിടയില്ല. കാലാവസ്ഥയ്ക്കനുസരിച്ച് ഓരോ ദിവസവും പുതിയ സഞ്ചാര പാതകള്‍ കണ്ടത്തേണ്ട അവസ്ഥയാണ് വിമാനക്കമ്പനികള്‍ക്ക്. അതുകൊണ്ട് തന്നെ ഓരോ ദിവസവും വ്യത്യസ്തപാതകളിലായിരിക്കും ഇവര്‍ക്ക് സഞ്ചരിക്കേണ്ടതായി വരിക.

പുതിയ സഞ്ചാരപാതകള്‍ ടിക്കറ്റ് നിരക്കില്‍ കാര്യമായ മാറ്റമുണ്ടാക്കില്ലെന്നാണ് ചിലവ് കുറഞ്ഞ വിമാന സര്‍വീസായ ഫ്‌ളൈദുബായ് പറയുന്നത്. യാത്രാസമയങ്ങളിലും ദൈര്‍ഘ്യത്തിലും ഉള്ള മാറ്റങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും ഫ്‌ളൈദുബായ് വക്താവ് അറിയിച്ചു.

പശ്ചിമേഷ്യയില്‍ ഇറാന്‍-അമേരിക്ക പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുകയും അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനം ഇറാന്‍ വെടിവെച്ചിടുകയും ചെയ്തതോടെയാണ് മേഖലയിലൂടെ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ ഹോര്‍മൂസ് കടലിടുക്കിന് മുകളിലൂടെയുള്ള വ്യോമമേഖല ഒഴിവാക്കി വിമാനങ്ങള്‍ വഴി തിരിച്ച് വിടാന്‍ ആരംഭിച്ചത്. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് എയര്‍വെയ്‌സ്, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ബഹ്‌റൈനിലെ ഗള്‍ഫ് എയര്‍ എന്നിവ പുതിയ പാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.

അപകടകരമായ പാതകള്‍ ഒഴിവാക്കണമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ശനിയാഴ്ച വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അറബിക്കടലിനും ഒമാന്‍ ഉള്‍ക്കടലിനും മുകളിലൂടെയുള്ള ഇറാന്റെ പരിധിയിലുള്ള വ്യോമപാതകള്‍ ഒഴിവാക്കണമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും വെള്ളിയാഴ്ച അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ ആഗോള വിമാനക്കമ്പനികള്‍ എല്ലാം തന്നെ ഈ മേഖല ഒഴിവാക്കി സഞ്ചാരപാത പുനഃക്രമീകരിച്ചു.

Comments

comments

Categories: Arabia