ബെംഗളുരുവില്‍ നിന്നൊരു തനിനാടന്‍ സ്റ്റാര്‍ട്ടപ്പ്

ബെംഗളുരുവില്‍ നിന്നൊരു തനിനാടന്‍ സ്റ്റാര്‍ട്ടപ്പ്

കാലം മാറുന്നതിനനുസരിച്ച് നമ്മുടെ രുചിഭേദങ്ങളിലും ഭക്ഷണ ക്രമങ്ങളിലും വലിയ രീതിയുള്ള മാറ്റം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പാശ്ചാത്യരാജ്യങ്ങളുടെ രുചിഭേദങ്ങള്‍ നമ്മുടെ അടുക്കളകള്‍ പിടിച്ചടക്കി കഴിഞ്ഞു. അങ്ങനെ മെല്ലെ മെല്ലെ തനിനാടന്‍ രുചിക്കൂട്ട് പടിയിറങ്ങി എന്ന് പറയുന്നതാണ് ശരി. എന്നാല്‍ തിരക്കേറിയ ജീവിതശൈലിയുടെ ഭാഗമായി ജങ്ക് ഫുഡ് സംസ്‌കാരത്തെ കൂട്ടുപിടിച്ചവര്‍ക്ക് പഴമയുടെ രുചിപ്പെരുമയിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള അവസരമൊരുക്കുകയാണ് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോ ദേശി എന്ന സ്ഥാപനം. മാനേജ്മെന്റ് ബിരുദധാരിയായ വിനയ് കോത്താരി മള്‍ട്ടിനാഷണല്‍ കമ്പനിയായ ഐടിസിയിലെ ജോല് ഉപേക്ഷിച്ചു തുടങ്ങിയ ഈ സ്ഥാപനം നാഗരിക ജീവിതത്തിന്റെ ഭാഗമായി ജനങ്ങള്‍ മറന്നു തുടങ്ങിയ ഗ്രാമീണ രുചികളെ വിപണിയിലെത്തിക്കുന്നു. പുളി മിഠായി മുതല്‍ പലവിധ തനി നാടന്‍ ഉല്‍പ്പന്നങ്ങളാണ് ഗോ ദേശി എന്ന ബ്രാന്‍ഡില്‍ ഇന്ന് വിപണിയിലെത്തുന്നത്. കര്‍ണാടകയിലെ വിവിധ ഗ്രാമങ്ങളിലാണ് രൂപീകരിച്ച വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇത്തരം നാടന്‍ പലഹാരങ്ങളുടെ നിര്‍മാണം നടക്കുന്നത്.പെട്ടന്നൊരു ദിവസം തോന്നിയ ആവശ്യമാണെങ്കിലും സാമൂഹ്യസംരംഭകത്വം എന്ന വലിയ ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് ഇന്ന് കോത്താരിയുടെ ഗോ ദേശി പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ മാത്രം കിട്ടുന്ന പലഹാരങ്ങളെയും മിഠായികളെയും റീട്ടെയില്‍ മാര്‍ക്കറ്റിലെത്തിച്ച് ലാഭമുണ്ടാക്കാന്‍ ചെറുകിട സംരംഭകരെ ഗോ ദേശി സഹായിക്കുന്നു

വ്യത്യസ്തമായ ആശയങ്ങള്‍ എന്നും ആവശ്യമായ മേഖലയാണ് സാമൂഹ്യ സംരംഭകത്വം. ചിലപ്പോള്‍ ഏറെക്കാലം കുത്തിയിരുന്ന് ചിന്തിച്ചാലും ലഭിക്കാത്ത ചില മികച്ച ആശയങ്ങള്‍ ഒരു സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുമ്പോഴോ വിവിധ ജീവിതരീതികള്‍ പിന്തുടരുന്ന നിരവധി വ്യക്തികളുമായി ഇടപഴകുമ്പോഴോ യാത്രകള്‍ ചെയ്യുമ്പോഴോ ഒക്കെ ലഭിക്കുന്നു. ഇത്തരത്തില്‍ പശ്ചിമഘട്ടത്തിലേക്കുള്ള ഒരു യാത്ര മധ്യേയാണ് സാമൂഹ്യസംരംഭകനായ വിനയ് കോത്താരിക്ക് തന്റെ പ്രഥമസംരംഭമായ ഗോ ദേശിയുടെ ആശയം ലഭിക്കുന്നത് സിംബയോസിസില്‍ നിന്നും മാനേജ്മെന്റ് ബിരുദാനന്തര ബിരുദം നേടിയ വിനയ് കോത്താരിക്ക് എഫ്എംസിജി മേഖലയില്‍ 12 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണുള്ളത്. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഐടിസിയില്‍ ജോലി നോക്കവെയാണ് വിനയ് സാമൂഹിക സംരംഭകത്വത്തിലേക്ക് കടക്കുന്നത്. അധികമാരും ശ്രദ്ധിക്കാത്ത, എന്നാല്‍ നൊസ്റ്റാള്‍ജിയ ഏറെ ഒളിഞ്ഞിരിക്കുന്ന ഗ്രാമീണ പലഹാരങ്ങളെ ബ്രാന്‍ഡ് ചെയ്ത വിപണിയില്‍ എത്തിക്കുക എന്നതായിരുന്നു വിനയ് മനസ്സില്‍ കണ്ടപദ്ധതി. ഇതിനു കരണമായതാകട്ടെ വിനയ് നടത്തിയ യാത്രയും. പശ്ചിമ ഘട്ട മലനിരകള്‍ വഴിയുള്ള യാത്രാമധ്യേയാണ് തികച്ചും പ്രാദേശികമായി നിര്‍മിക്കുന്ന പുളി മിഠായി കഴിക്കാനുള്ള അവസരം വിനയ്ക്ക് ലഭിക്കുന്നത്. ഒരുവട്ടം കഴിച്ചപ്പോള്‍ തന്നെ ഏറെ ഇഷ്ടമായ ആ രുചിയാണ് വിനയ് എന്ന കോര്‍പ്പറേറ്റ് തൊഴിലാളിയെ ഒരു സാമൂഹ്യ സംരംഭകനാക്കി മാറ്റിയത്.

ഒരു യാത്രയുടെ മധുരത്തില്‍ നിന്നും തുടക്കം

കോര്‍പ്പറേറ്റ് രംഗത്തായിരുന്നു ജോലി എങ്കിലും സാമ്യം കിട്ടുമ്പോള്‍ ഏലാം ധാരാളം യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു വിനയ് കോത്താരി. വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ജോലിയുടെ ഭാഗമായും അല്ലാതെയും കോത്താരി യാത്ര ചെയ്തിട്ടുണ്ട്. നാരങ്ങളുടെ ഭംഗി ആവോളം ആസ്വദിച്ചുകഴിഞ്ഞതോടെയാണ് ഗ്രാമങ്ങളില്‍ ഉറങ്ങുന്ന ഇന്ത്യയുടെ ആത്മാവ് തേടി വിനയ് കോത്താരി യാത്രകള്‍ ആരംഭിച്ചത്. 2017 ല്‍ നടത്തിയ അത്തരമൊരു യാത്രയാണ് വിനയ് കോത്താരിയുടെ ജീവിതം മാറ്റിമറിച്ചത്. പശ്ചിമ ഘട്ട മലനിരകള്‍ പിന്നിട്ടു നടത്തിയ യാത്രക്കിടെ ഒരു ചെറിയ പീടികയില്‍ നിന്നും വിനയ് കോത്താരി ജാക്ക്ഫ്രൂട്ട് ബാര്‍സും ഇംലി പോപ്പും കഴിയ്ക്കാന്‍ ഇടയായി. പുളിയും ശര്‍ക്കരയും ചേര്‍ത്തുള്ള നാടന്‍ രുചിയുള്ള ആ പുളി മിഠായിയാണ് വിനയ് കോത്താരിയുടെ മനസ്സിലെ സംരംഭകനെ ഉണര്‍ത്തിയത്. പ്രിസര്‍വേറ്റീവ്‌സോ നിറങ്ങളോ പഞ്ചസാരയോ ചേര്‍ക്കാത്ത പലഹാരങ്ങളാണ് നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും വില്പനക്കെത്തുന്നതെന്ന് വിനയ് മനസിലാക്കി. യാത്ര തുടരാന്‍ തീരുമാനിച്ചെങ്കിലും മനസ്സില്‍ മുഴുവന്‍ പുളി മിഠായിയുടെ നാടന്‍ രുചി തങ്ങി നില്‍ക്കുകയായിരുന്നു.

ഇത്തരത്തില്‍ ഗ്രാമങ്ങളില്‍ കച്ചവടം നടത്തുന്ന ആളുകള്‍ക്ക് വലിയ ലാഭം ഒന്നും ലഭിക്കുന്നില്ല എന്ന് വിനയ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നും മനസിലായി. അതെ സമയം നഗരവാസികളാവട്ടെ,വലിയ തുക നല്‍കി പ്രിസര്‍വേറ്റിവുകള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ രംഗത്ത് വലിയൊരു സംരംഭകത്വ സാധ്യത തെളിഞ്ഞു കിടപ്പുണ്ടെന്ന് വിനയ് കൊത്താരിക്ക് തോന്നി. എന്നാല്‍ തന്റെ തോന്നലിനെ മനസ്സില്‍ തന്നെ സൂക്ഷിച്ചു യാത്ര തുടരുവാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. തിരിച്ചുള്ള യാത്രയില്‍ 30 കിലോയോളം വിവിധ പ്രാദേശിക പലഹാരങ്ങളും മിഠായികളും അദ്ദേഹം വാങ്ങി.

തിരികെ ബെംഗളൂരുവില്‍ എത്തിയ വിനയിന്റെ മനസ്സില്‍ വ്യക്തമായ ഒരു മാര്‍ക്കറ്റിംഗ് പദ്ധതിയുണ്ടായിരുന്നു. നാടന്‍ രുചികള്‍ക്ക് നഗരങ്ങളില്‍ വിപണിയുണ്ടോ എന്നും എത്ര മാത്രം വലിയ വിപണിയാണുള്ളത് എന്നും മനസ്സിലാക്കുകയായിരുന്നു ആദ്യപടി. ഇതിന്റെ ഭാഗമായി ബെംഗളൂരുവില്‍ എക്‌സിബിഷനില്‍ വിനയ് താന്‍ വാങ്ങിയ നാടന്‍ പലഹാരങ്ങള്‍ വില്‍പ്പനക്ക് വച്ചു. പ്രിസര്‍വേറ്റീവ്‌സോ നിറങ്ങളോ പഞ്ചസാരയോ ചേര്‍ക്കാത്ത പലഹാരങ്ങളായിരുന്നു അത് എന്നതിനാല്‍ തന്നെ ആവശ്യക്കാര്‍ ഏറെയായിരുന്നു. താന്‍ വില്‍പ്പനക്കെത്തിച്ച 30 കിലോ ഭക്ഷ്യ വസ്തുക്കളും എളുപ്പത്തില്‍ വിറ്റഴിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. അങ്ങനെ തനി നാടന്‍ വിഭവങ്ങളെ നഗരങ്ങളിലെത്തിക്കുന്ന ഗോ ദേശി ഫുഡ്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന് അദ്ദേഹം രൂപം നല്‍കി.

ഇംലി പോപ്പ് തന്നെ താരം

2018 ആരംഭത്തില്‍ ഗോ ദേശി എന്ന സ്റ്റാര്‍ട്ടപ്പ് പൂര്‍ണ രൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് വ്യത്യസ്തമായ രുചിവൈവിധ്യങ്ങള്‍ മനസിലാക്കിയ വിനയ് കോത്താരി അത്തരം ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ നിര തന്നെ തയ്യാറാക്കി. ശേഷം അവ നിര്‍മിച്ചു തരുന്നതിന് തദ്ദേശവാസികളായ ആളുകളെ തന്നെ തയ്യാറാക്കി. ഏത് രുചിയാണോ വിനയ് കോത്താരിയുടെ മനസ്സില്‍ ഗോ ദേശി ഫുഡ്‌സ് എന്ന ആശയത്തിന് തിരി കൊളുത്തിയത് ആ രുചിക്ക് തന്നെയാണ് ഉല്‍പ്പന്നങ്ങളില്‍ പ്രധാനം. ഇംലി പോപ്പാണ് ഗോ ദേശി ഫുഡ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പ്പന്നം . നമ്മുടെ പുളി മിഠായിക്ക് ഇത്രയേറെ ആവശ്യക്കാരോ എന്നാണ് ചോദ്യമെങ്കില്‍ കര്‍ണാടകയിലെ 500 ല്‍ പരം കടകളില്‍ നിന്നും ചൂടപ്പം പോലെ വിറ്റഴിയുന്ന ഉല്‍പ്പന്നമാണ് ഇംലി പോപ്പ് എന്ന് വിനയ് ഉത്തരം നല്‍കും. നോര്‍ത്ത് കര്‍ണാടകയിലെ പ്രാദേശിക ചെറുകിട സംരംഭകയായ സുമിത്രയാണ് ഇംലി പോപ്പ് നിര്‍മ്മിക്കുന്നത്. പുളി, ശര്‍ക്കര, മുളക്, കറിവേപ്പില എന്നിവ ഉപയോഗിച്ചാണ് ലോലിപോപ്പ് രൂപത്തില്‍ ഇംലി പോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ക്യുട്രോവ് തുടങ്ങിയവയിലെല്ലാം ഇംലി പോപ്പ് വൈറലായിക്കഴിഞ്ഞു. മാത്രമല്ല ബംഗലൂരുവിലെയും ഹൈദരാബാദിലെയും ഔട്ട്‌ലെറ്റുകളില്‍ നിന്ന് പ്രതിമാസം രണ്ട് ലക്ഷത്തിലധികം ഇംലി പോപ്പുകളാണ് വിറ്റഴിയുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായ ഒന്നാണ് ഇംലി പോപ്പ് എന്നതാണ് ഇതിന്റെ വില്‍പ്പന വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം.

ഇംലി പോപ്പ് എന്ന ഉല്‍പ്പന്നത്തിന് പുറമെ വിവിധയിനം അച്ചാറുകള്‍ ചിപ്‌സുകള്‍ എന്നിവയും വില്‍പ്പനക്കെത്തുന്നുണ്ട്. കായ വറുത്തത് , ചക്ക വറുത്തത്, പ്രാദേശികമായി മാത്രം ലഭിക്കുന്ന ചില മസാലകള്‍ എന്നിവയൊക്കെ വില്‍പ്പനക്ക് എത്തുന്നുണ്ട്. ഇംലി പോപ്പ് ആദ്യം കൈകൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ മെഷീന്‍ നിര്‍മാണം ആരംഭിച്ചു. എന്നിരുന്നാലും എല്ലാം പ്രാദേശികമായി മാത്രമാണ് നിര്‍മിക്കുന്നത്. ലെമണ്‍ ചാറ്റ് , ഹെര്‍ബല്‍ ചായ, തേന്‍ നെല്ലിക്ക , തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ട്. തുടക്കം ബെംഗളൂരുവിലെ വിനയ് കോത്താരിക്ക് പരിചയമുള്ള പത്ത് കടകളില്‍ നിന്നായിരുന്നു എങ്കിലും ഇന്നത് 500 ല്‍ പരം കടകളിലേക്ക് വ്യാപിച്ചു കഴിഞ്ഞു.

തുണയായത് സാമൂഹ്യസംരംഭകത്വ മാതൃക

പഴമയുടെയും രുചി ഗ്രാമീണ ജനതയുടെ കൈകളിലൂടെ വിപണിയിലെത്തിയപ്പോള്‍ വേഗം ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിഞ്ഞു.എന്നാല്‍ ഐടിസിയില്‍ നടത്തിയ മാനേജ്മെന്റ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ സ്ഥാപനത്തെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ വിനയ് കോത്താരിക്ക് തുണയായി. മറ്റ് എഫ്എംസിജി കമ്പനികളില്‍ നിന്ന് ഗോ ദേശി പ്രൊഡക്ടുകളെ വ്യത്യസ്തമാക്കുന്നത് അവ നിര്‍മ്മിക്കുന്നത് ചെറുകിട സംരംഭകരും കര്‍ഷകരും സഹകരണ സംഘങ്ങളുമാണെന്നുള്ളതാണ്. ഇത്തരത്തില്‍ വ്യത്യസ്തമായഒരു സംരംഭകത്വ മാതൃക സ്വീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന രഹസ്യം. നിരവധി മൈക്രോ യൂണിറ്റുകള്‍ ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും ഗോ ദേശി ആരംഭിച്ചിട്ടുണ്ട്. ക്രാഫ്റ്റ് ഫുഡ്‌സ് പോലുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളുമായാണ് ഗോ ദേശി ഫുഡ്സിന്റെ ഉല്‍പ്പന്നങ്ങള്‍ മത്സരിക്കുന്നത്. പരമ്പരാഗത പ്രാദേശിക ഉല്‍പ്പന്നങ്ങളാണ് അവര്‍ വില്‍പ്പന നടത്തുന്നതെന്ന് തന്നെയാണ് ഗോ ദേസിയെ മറ്റുള്ള കമ്പനികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.

ഗോ ദേശി ഫുഡ്‌സ് നിലവില്‍ വന്നതോടെ ഗ്രാമപ്രദേശങ്ങളിലെ തൊഴില്‍ രഹിതരായ നല്ലൊരു ശതമാനം ആളുകള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സോഷ്യല്‍ എന്റര്‍പ്രൈസിന് എട്ടിലധികം മാനുഫാക്‌ചേഴ്‌സാണ് നോര്‍ത്ത് കര്‍ണാടകയിലുള്ളത്. 60ലധികം സ്ത്രീകള്‍ക്ക് ജോലി നല്‍കാനും 8 മൈക്രോ എന്റര്‍പ്രൈസുകള്‍ക്ക് പിന്തുണ നല്‍കാനും സ്ഥാപനത്തിന് കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എങ്കിലും മികച്ച വരുമാനം നേടാന്‍ സ്ഥാപനത്തിന് കഴിയുന്നുണ്ട്. പ്രധാനമായും വനിതാ തൊഴിലാളികളെ മാത്രമാണ് സ്ഥാപനത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് എന്നതിനാല്‍ സ്ഥാപനത്തിന് സാമൂഹ്യ സംരംഭകത്വ രംഗത്ത് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

. കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഗോ ദേശി ഫുഡ്സിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയുണ്ട്. ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ഉയര്‍ത്താന്‍ തന്നെയാണ് വിനയ് കോത്താരി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് 30,000 ഔട്ട്‌ലെറ്റായി ഉയര്‍ത്താനും മൈക്രോ യൂണിറ്റുകളില്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയുമാണ് ഗോ ദേശി ഫുഡ്‌സ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കടുക്കുന്നതോടെ മികച്ചൊരു സംരംഭകത്വ മാതൃകയാകും നാടിനു ലഭിക്കുക. ഗോ ദേശിക്ക് സമാനമായി മറ്റ് ചില സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നോര്‍ത്ത് ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചു എന്നത് തന്റെ പ്രയത്‌നത്തിന് ലഭിച്ച അംഗീകാരമാണെന്ന് വിനയ് കോത്താരി കരുതുന്നു.

Categories: FK Special, Slider