ഇന്റര്‍നെറ്റിലെ ‘ഡാര്‍ക്ക് പാറ്റേണ്‍’ തന്ത്രം

ഇന്റര്‍നെറ്റിലെ ‘ഡാര്‍ക്ക് പാറ്റേണ്‍’ തന്ത്രം

ഓണ്‍ലൈനില്‍ കൂടുതല്‍ വില്‍പന സൃഷ്ടിക്കുന്നതിനും, സബ്‌സ്‌ക്രിപ്ഷനുകള്‍ നേടുന്നതിനും വേണ്ടി ഡിസൈനര്‍മാരും, ബിസിനസ് സ്ഥാപനങ്ങളും ഉപയോക്താക്കളെ വലയില്‍ വീഴ്ത്താന്‍ വഞ്ചനാപരമെന്നു വിശേഷിപ്പിക്കാവുന്ന യൂസര്‍ ഇന്റര്‍ഫേസുകള്‍ സൃഷ്ടിക്കുകയാണ്. ഇത്തരത്തില്‍ പ്രത്യേകം ഡിസൈന്‍ ടെക്‌നിക്ക് ഉപയോഗിച്ചുള്ള യൂസര്‍ ഇന്റര്‍ഫേസുകളെ ഡാര്‍ക്ക് പാറ്റേണ്‍സ് എന്നു വിശേഷിപ്പിക്കുന്നു. അനാവശ്യമായ കാര്യങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഓണ്‍ലൈനിലെത്തുന്ന ഒരാളെ പ്രേരിപ്പിക്കുന്നതാണു ഡാര്‍ക്ക് ഇന്റര്‍ഫേസ്. ഇ-കൊമേഴ്‌സ്, എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകളിലാണു ഡാര്‍ക്ക് പാറ്റേണ്‍സ് വിദ്യ കൂടുതലായും പ്രയോഗിക്കുന്നത്.

നമ്മള്‍ ഇന്ന് ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നവരാണ്. സൗഹൃദം നിലനിര്‍ത്താനും, പാചക കല പഠിക്കാനും, വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഷൂസ് എന്നിവ പര്‍ച്ചേസ് ചെയ്യാനും, സംഗീതം, സിനിമ എന്നിവ ആസ്വദിക്കാനുമൊക്കെ ഇന്റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. നല്ല കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഇന്റര്‍നെറ്റിനെ സമീപിക്കുന്നതെങ്കിലും പലപ്പോഴും ചിലരെങ്കിലും ഇന്റര്‍നെറ്റില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികളില്‍ വീഴാറുണ്ട്. ഇന്ന് ചതിക്കുഴി മറഞ്ഞിരിക്കുന്ന ഇടങ്ങളിലൊന്നാണ് ഇ-കൊമേഴ്‌സ് സൈറ്റുകള്‍. വിനോദത്തിനു വേണ്ടിയുള്ള സൈറ്റുകളും ഒട്ടും മോശമല്ല. ഇ-കൊമേഴ്‌സ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന നമ്മളെ കൗശലത്തിലൂടെ പല കാര്യങ്ങള്‍ക്കും വിധേരാക്കുന്നുണ്ട്. അതിനുള്ള നിരവധി തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തന്ത്രത്തെയാണു ഡാര്‍ക്ക് പാറ്റേണ്‍സ് എന്നു വിശേഷിപ്പിക്കുന്നത്. റദ്ദ് ചെയ്യാനുള്ള നൂലാമാലകള്‍ കാരണം നമ്മളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പട്ടികയില്‍ കയറിക്കൂടുന്ന മാഗസിന്‍ സബ്‌സ്‌ക്രിപ്ഷനുകളുണ്ട്. ഇപ്പോള്‍ 50 പേര്‍ വാങ്ങാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ‘ഉടന്‍ വിറ്റു തീരും’ എന്ന മുന്നറിയിപ്പ് നല്‍കിയ, എന്നാല്‍ വീണ്ടും കുറേ ആഴ്ചകളില്‍ വില്‍പ്പനയ്ക്കു കാണുന്ന ഉല്‍പ്പന്നങ്ങളെയും നമ്മള്‍ കണ്ടു കാണും. ഇതാണ് ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് പാറ്റേണ്‍സിന് ഉദാഹരണം.
എന്താണ് ഡാര്‍ക്ക് പാറ്റേണ്‍സ് ?

മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടല്‍ നടക്കുന്ന ഇടത്തെയാണ് യൂസര്‍ ഇന്റര്‍ഫേസ് എന്നു വിശേഷിപ്പിക്കുന്നത്. ഉപയോക്താക്കളെ കബളിപ്പിക്കാനും വഞ്ചിക്കാനും പ്രത്യേകമായി യൂസര്‍ ഇന്റര്‍ഫേസ് ഡിസൈന്‍ ചെയ്യും. ഈ ഡിസൈന്‍ ടെക്‌നിക്കിനെ ഡാര്‍ക്ക് പാറ്റേണ്‍ എന്നു വിളിക്കുന്നു. ഇവ സാധാരണയായി കാണപ്പെടുന്നത് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലാണ്. എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാക്കുന്ന ടിക്കറ്റിന്റെ നിരക്കില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജുകളും, ഷോപ്പിംഗ് സ്റ്റോറുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമ്മളുടെ ഷോപ്പിംഗ് കാര്‍ട്ടില്‍ സ്ഥാപിക്കുന്ന ഇനങ്ങളും ഡാര്‍ക്ക് പാറ്റേണ്‍ തന്ത്രത്തിനുള്ള ഉദാഹരണങ്ങളാണ്. ഇനങ്ങളെന്നു പറയുമ്പോള്‍ ഡ്രെസുകളാകാം, ഇന്‍ഷ്വറന്‍സ് പോളിസിയാകാം, ഇലക്‌ട്രോണിക് ഉപകരണങ്ങളുമാകാം. ഉപയോക്താവിന് അനാവശ്യമായ കാര്യങ്ങളാണെങ്കില്‍ പോലും അയാള്‍ക്ക് എളുപ്പത്തില്‍ അത് പര്‍ച്ചേസ് ചെയ്യാന്‍ സാഹചര്യമൊരുക്കുക എന്നതാണു ഡാര്‍ക്ക് പാറ്റേണ്‍ തന്ത്രത്തിന്റെ അടിസ്ഥാനം.

ഹാരി ബ്രിഗ്‌നലിന്റെ കഥ

ഡാര്‍ക്ക് പാറ്റേണ്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 2010 ജുലൈയില്‍ ഹാരി ബ്രിഗ്‌നലാണ്. ഇദ്ദേഹമൊരു യുഎക്‌സ് ഡിസൈനറാണ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.
ഡാര്‍ക്ക് പാറ്റേണ്‍ എന്ന വാക്ക് രൂപപ്പെട്ടതിനു പിന്നില്‍ ഒരു കഥയുമുണ്ട്. ആ കഥ റയാന്‍എയര്‍ എന്ന എയര്‍ലൈന്‍ കമ്പനിയുടെ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെലവ് ചുരുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരായിരുന്നു റയാന്‍എയര്‍. എന്നാല്‍ ഹാരി ബ്രിഗ്‌നല്‍, റയാന്‍എയറിന്റെ വെബ്‌സൈറ്റ് നിരീക്ഷിച്ചപ്പോള്‍ വഴിതെറ്റിക്കുന്ന പല വിവരങ്ങള്‍ കൊണ്ട് അത് നിറഞ്ഞിരിക്കുന്നതായി മനസിലാക്കുവാന്‍ സാധിച്ചു. ഉപയോക്താക്കള്‍ റയാന്‍എയറിന്റെ വെബ്‌സൈറ്റ് നോക്കി കഴിഞ്ഞു പുറത്തേയ്ക്കു കടക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് വാങ്ങുന്നത് ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവരെത്തിച്ചേര്‍ന്നിട്ടുണ്ടാകുമെന്നു ഹാരി ബ്രിഗ്‌നലിനു മനസിലാക്കാന്‍ സാധിച്ചു. ഇക്കാര്യം മനസിലാക്കിയതിനു ശേഷമാണു ഹാരി ഡാര്‍ക്ക് പാറ്റേണ്‍സ് എന്ന വാക്ക് ഉപയോഗിച്ചത്. ഈ പേരില്‍ (darkpatterns.org) അദ്ദേഹം ഒരു വെബ്‌സൈറ്റും രജിസ്റ്റര്‍ ചെയ്തു. ഈ വെബ്‌സൈറ്റിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്, വഞ്ചനാപരമായ യൂസര്‍ ഇന്റര്‍ഫേസുകള്‍ക്കു പേരിടുകയും അതിനെ ലജ്ജിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഡാര്‍ക്ക് പാറ്റേണ്‍സിലെ 11 ഇനങ്ങളെ അദ്ദേഹം വെബ്‌സൈറ്റില്‍ വിശദീകരിക്കുകയും ചെയ്തു. നമ്മള്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന ഓരോ ക്ലിക്കിലൂടെയും സബ്‌സ്‌ക്രിപ്ഷനിലൂടെയും വെളിപ്പെടുത്തുന്നത് നമ്മളുടെ സ്വഭാവമാണ്. അത് ഒരര്‍ഥത്തില്‍ സ്വകാര്യ ഡാറ്റ കൂടിയാണ്. ഈ ഡാറ്റയാണ് മറ്റ് കമ്പനികള്‍ അവരുടെ സേവനത്തെയും ഉല്‍പ്പന്നത്തെയും വിറ്റഴിക്കാനായി ഉപയോഗിക്കുന്നത്. ഡാര്‍ക്ക് പാറ്റേണ്‍സ് അടിസ്ഥാനമാക്കിയിരിക്കുന്നതും ഈ ഡാറ്റയെയാണ്. ഇത്തരത്തിലുള്ള നമ്മളുടെ പെരുമാറ്റങ്ങളെ, സ്വഭാവത്തെ സംബന്ധിച്ചുള്ള ഡാറ്റയെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയിരിക്കുന്നത് റീട്ടെയ്‌ലര്‍മാരാണ്.

ഡാര്‍ക്ക് പാറ്റേണ്‍സിനെ നിരോധിക്കാന്‍ യുഎസില്‍ ബില്‍

യുഎസ് സെനറ്റില്‍ രണ്ട്് മുഖ്യ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ ഡാര്‍ക്ക് പാറ്റേണ്‍സിനെ നിരോധിക്കണമെന്നു നിര്‍ദേശിക്കുന്ന ബില്‍ ഈ വര്‍ഷം ഏപ്രില്‍ മാസം അവതരിപ്പിച്ചു. മാര്‍ക്ക് ആര്‍. വാര്‍ണര്‍, ദേബ് ഫിഷര്‍ എന്നീ രണ്ട് യുഎസ് സെനറ്റര്‍മാരാണു ബില്‍ അവതരിപ്പിച്ചത്. ഡിസെപ്റ്റീവ് എക്‌സ്പീരിയന്‍സസ് ടു ഓണ്‍ലൈന്‍ യൂസേഴ്‌സ് റെഡക്ഷന്‍ ആക്റ്റ് എന്നാണ് ബില്ലിന്റെ പേര്. 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള എല്ലാ ഇന്റര്‍നെറ്റ് ടെക് കമ്പനികള്‍ക്കും ബാധകമാകുന്നതാണ് ബില്‍. ഈ ബില്‍ നിയമമാകുകയാണെങ്കില്‍ അത് നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരാകുന്ന ഏജന്‍സി ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ആയിരിക്കും.

ഡാര്‍ക്ക് പാറ്റേണ്‍സ് ഉപയോഗിക്കുന്നത് നിരവധി സൈറ്റുകള്‍

ഒരു പഠനത്തിന്റെ ഭാഗമായി അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഡാര്‍ക്ക് പാറ്റേണ്‍സ് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ആദ്യം അവര്‍ റീട്ടെയ്ല്‍ കമ്പനികളെയാണു നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിനു വേണ്ടി അവര്‍ പ്രത്യേകം സോഫ്റ്റ്‌വെയര്‍ തയാറാക്കി. ഈ സോഫ്റ്റ്‌വെയര്‍ ഏകദേശം 10,000 വെബ്‌സൈറ്റുകളെ ഓട്ടോമാറ്റിക്കലായി സ്‌കാന്‍ ചെയ്തു. അതില്‍ 1,200-ാളം വെബ്‌സൈറ്റുകള്‍ ഡാര്‍ക്ക് പാറ്റേണ്‍സ് ടെക്‌നിക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി.

Comments

comments

Categories: Top Stories
Tags: Dark pattern

Related Articles