സിഎഫ് മോട്ടോ അടുത്ത മാസം ഇന്ത്യയിലെത്തും

സിഎഫ് മോട്ടോ അടുത്ത മാസം ഇന്ത്യയിലെത്തും

300 എന്‍കെ എന്ന നേകഡ് മോട്ടോര്‍സൈക്കിളിന് 2-2.5 ലക്ഷം രൂപയും 650 എംടി എന്ന അഡ്വഞ്ചര്‍ ടൂററിന് 5.5-6 ലക്ഷം രൂപയും എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി : ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും. മിഡില്‍വെയ്റ്റ് ബൈക്കുകളുമായി ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലാണ് ചൈനീസ് കമ്പനി അങ്കം കുറിക്കുന്നത്. 1989 ലാണ് ചൈനയില്‍ സിഎഫ് മോട്ടോ സ്ഥാപിച്ചത്. 2017 മുതല്‍ കെടിഎമ്മുമായി സംയുക്ത സംരംഭത്തിലാണ്. സിഎഫ് മോട്ടോയുടെ 49 ശതമാനം ഓഹരിയാണ് കെടിഎം സ്വന്തമാക്കിയിരിക്കുന്നത്.

സിഎഫ് മോട്ടോയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ 250 എന്‍കെ, 400 എന്‍കെ, 650 എംടി, 650 എന്‍കെ എന്നീ നാല് ബൈക്കുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി എടിവികളും (ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍) സൈഡ്-ബൈ-സൈഡ് വാഹനങ്ങളും കാണാം. 250 എന്‍കെ മോട്ടോര്‍സൈക്കിളില്‍ അല്‍പ്പം വലിയ ശേഷിയുള്ള എന്‍ജിന്‍ നല്‍കി 300 എന്‍കെ എന്ന് റീബാഡ്ജ് ചെയ്‌തേക്കും. ഈ മോട്ടോര്‍സൈക്കിളുകള്‍ എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല.

250 എന്‍കെ അല്ലെങ്കില്‍ 300 എന്‍കെ ആയിരിക്കും ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സിഎഫ് മോട്ടോ മോഡല്‍. ഹോണ്ട സിബി300ആര്‍, കെടിഎം 250 ഡ്യൂക്ക്, ബജാജ് ഡോമിനര്‍ എന്നിവയായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളികള്‍. ഷാര്‍പ്പ് സ്റ്റൈലിംഗ് നല്‍കിയാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിഎഫ്ടി എല്‍സിഡി സ്‌ക്രീന്‍, അലോയ് വീലുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാംപ് തുടങ്ങിയവ ഫീച്ചറുകളാണ്. ട്രെല്ലിസ് ഫ്രെയിമിലായിരിക്കും സിഎഫ് മോട്ടോ 300എന്‍കെ നിര്‍മ്മിക്കുന്നത്. കെടിഎമ്മിന്റെ ഉപകമ്പനിയായ കിസ്‌ക്കയാണ് 300എന്‍കെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 300 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത്. 30 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. കെടിഎം ഡ്യൂക്ക് സീരീസ് പോലെ ഭാരം കുറഞ്ഞ, നേകഡ് മോട്ടോര്‍സൈക്കിളായിരിക്കും സിഎഫ് മോട്ടോ 300 എന്‍കെ.

കാവസാക്കി വെഴ്‌സിസ് 650, ബെനല്ലി ടിആര്‍കെ 502 എന്നീ മോട്ടോര്‍സൈക്കിളുകളുമായി അഡ്വഞ്ചര്‍ ടൂററായ സിഎഫ് മോട്ടോ 650 എംടി കൊമ്പുകോര്‍ക്കും. എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍, എല്‍സിഡി ഡാഷ്‌ബോര്‍ഡ്, ഉയരമേറിയതും ക്രമീകരിക്കാവുന്നതുമായ വിന്‍ഡ്‌സ്‌ക്രീന്‍, 18 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവ സവിശേഷതകളാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് സിഎഫ് മോട്ടോ 650 എംടി വരുന്നത്. പാനിയറുകള്‍, ടോപ് കേസ് തുടങ്ങിയ ആക്‌സസറികള്‍ ആഗോളതലത്തില്‍ വില്‍ക്കുന്ന 650 എംടി മോട്ടോര്‍സൈക്കിളിന്റെ കൂടെ ലഭ്യമാണ്. 649.3 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 69 ബിഎച്ച്പി കരുത്തും 62 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

തദ്ദേശീയമായി ബൈക്കുകള്‍ അസംബിള്‍ ചെയ്യുന്നതിന് ഹൈദരാബാദ് ആസ്ഥാനമായ എഎംഡബ്ല്യു കമ്പനിയുമായി സിഎഫ് മോട്ടോ പങ്കാളിത്തം സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ ഹൈദരാബാദിലും ബെംഗളൂരുവിലുമായിരിക്കും ആദ്യം ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നത്. തുടര്‍ന്ന് പുണെ, ഗോവ, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ബെംഗളൂരുവിലെ എഎംഡബ്ല്യു പ്ലാന്റിലായിരിക്കും രണ്ട് ബൈക്കുകളും അസംബിള്‍ ചെയ്യുന്നത്. 300 എന്‍കെ മോട്ടോര്‍സൈക്കിളിന് 2-2.5 ലക്ഷം രൂപയും 650 എംടി മോട്ടോര്‍സൈക്കിളിന് 5.5-6 ലക്ഷം രൂപയും എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: CF Motors